ഇന്റര്‍നെറ്റില്‍ അശ്ലീലം തിരയുന്നവരെ പിടികൂടാനൊരുങ്ങി യു.പി പോലീസ്. ഇതിനായി ഒരു കമ്പനിയെ തന്നെ യുപി പോലീസ് ചുമതലപ്പെടുത്തിയിരിക്കുകയാണ്. അശ്ലീല ചിത്രങ്ങള്‍ വീഡിയോകള്‍, മറ്റുവിവരങ്ങള്‍ എന്നിവ തിരിയുന്നവരുടെ വിവരങ്ങള്‍ ഈ കമ്പനി കണ്ടെത്തി പോലീസിന് കൈമാറും. ഈ വിവരങ്ങള്‍ പോലീസ് സൂക്ഷിക്കുകയും വേണ്ടി വന്നാല്‍ നടപടി സ്വീകരിക്കുകയും ചെയ്യും. സ്ത്രീ സുരക്ഷയ്ക്ക് വേണ്ടിയാണ് ഇത്തരത്തിലൊരു നടപടി സ്വീകരിക്കുന്നതെന്ന് യുപി പോലീസ് പറഞ്ഞു.
ഡിജിറ്റല്‍ ചക്രവ്യൂഹ എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയില്‍ സൈക്കോമെട്രി പ്രൊഫൈലിങ്, പ്രെഡക്ടീവ് അനാലിസിസ് തുടങ്ങിയവയും ബോധവല്‍ക്കരണം നല്‍കുന്നതടക്കമുളള കാര്യങ്ങളും ഉള്‍പ്പെടുന്നു. അശ്ലീലം തിരയുന്നവര്‍ക്ക് ആദ്യഘട്ടത്തില്‍ മുന്നറിയിപ്പ് നല്‍കും. ഇതിലൂടെ കുറ്റകൃത്യങ്ങള്‍ തടയാനാകും. തിരയുന്നവരുടെ എല്ലാ വിവരങ്ങളും പോലീസിന്റെ കൈയ്യിലുണ്ടാകും അതിനാല്‍ ഏതെങ്കിലും സ്ഥലത്ത് സ്ത്രീകള്‍ക്കെതിരെ അത്രിക്രമം നടന്നാല്‍ കുറ്റവാളിയെ കണ്ടെത്താനും ഇത് പോലീസിനെ സഹായിക്കുന്നു. 11.16 കോടി ഉപയോക്താക്കളാണ് സംസ്ഥാനത്ത് ആകെ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നത്. അതിനാല്‍ ഈ പുതിയ പദ്ധതിയിലൂടെ എല്ലാ ഇന്റര്‍നെറ്റ് ഉപയോക്താക്കളിലേക്കും പോലീസിന് എത്തിച്ചേരാനാകുമെന്നാണ് പ്രതീക്ഷ.
അതേസമയം, നേരത്തെ ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ക്യാമറകള്‍ പൊതുസ്ഥലങ്ങളില്‍ സ്ഥാപിക്കാന്‍ യുപി പോലീസ് തീരുമാനമെടുത്തിരുന്നു. സ്ത്രീകളുടെ മുഖഭാവം മനസ്സിലാക്കി അവര്‍ക്ക് ബുദ്ധിമുട്ടുണ്ടോ എന്ന് പരിശോധിക്കുകയായിരുന്നു ഇതിന്റെ ലക്ഷ്യം. എന്നാല്‍ പിന്നീട് സ്ത്രീകളുടെ സ്വകാര്യതയ്ക്ക് എതിരാണെന്ന വിമര്‍ശനമുയരുകയായിരുന്നു.