NEWS

ശ്വാസനാളിയിൽ വിസിലുമായി കാല്‍നൂറ്റാണ്ടുകാലം ; കണ്ണുര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്നും പുറത്തെടുത്തു

കണ്ണൂര്‍ (പരിയാരം) : 25 വര്‍ഷങ്ങള്‍ക്ക് മുമ്പ് കളിക്കുന്നതിനിടെ അറിയാതെ വിഴുങ്ങിപ്പോയ വിസില്‍ നാല്പതാമത്തെ വയസ്സില്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വച്ചു പുറത്തെടുത്തു.ബ്രോങ്കോസ്കോപ്പി നടത്തിയാണ്‌ പുറത്തെടുത്തത്‌. പതിനഞ്ചാമത്തെ വയസ്സില്‍ കളിക്കുന്നതിനിടയിൽ അറിയാതെ ‘വിഴുങ്ങിപ്പോയ’ വിസിൽ തന്‍റെ ശ്വാസനാളത്തിൽ ഇത്രയും വർഷങ്ങളായി കുടുങ്ങിക്കിടക്കുകയായിരുന്നു എന്ന് ഒരു ഞെട്ടലോടെയാണ് മട്ടന്നൂര്‍ സ്വദേശിനിയായ ആ നാല്പതുകാരി ഇന്ന് തിരിച്ചറിഞ്ഞത്.

വർഷങ്ങളായുള്ള വിട്ടുമാറാത്ത ചുമയുമായി, തളിപ്പറമ്പിലെ പൾമണോളജിസ്റ്റ് ഡോ: ജാഫറിന്റെ ക്ലിനിക്കിൽ നിന്നും റഫർ ചെയ്യപ്പെട്ട് കണ്ണൂർ ഗവ. മെഡി . കോളേജിലെ പൾമണോളജി വിഭാഗത്തിൽ എത്തിയ രോഗിക്ക് സി.ടി. സ്കാൻ പരിശോധന ചെയ്തപ്പോഴാണ് ശ്വാസനാളിയിൽ അന്യവസ്തു കുടുങ്ങിക്കിടപ്പുണ്ടെന്ന് സംശയമുദിച്ചത്. ഉടനെ തന്നെ കണ്ണൂർ ഗവ. മെഡിക്കൽ കോളജിലെ പൾമണോളജിസ്റ്റ് ഡോ: രാജീവ് റാമിന്റെ നേതൃത്വത്തിലുള്ള വിദഗ്ദ്ധ ഡോക്ടർമാരും നഴ്സുമാരുമടങ്ങിയ സംഘം ശ്വാസനാളത്തിൽ ട്യൂബ് കടത്തിയുള്ള ബ്രോങ്കോസ്കോപ്പിക്ക് വിധേയയാക്കി. ഏവരേയും വിസ്മയിപ്പിച്ചു കൊണ്ട് സ്കോപ്പി വഴി പുറത്തെത്തിയത് ചെറിയ ഒരു വിസിലായിരുന്നു. രോഗിണിയോട് വീണ്ടും തിരക്കിയപ്പോഴാണ് പതിനഞ്ചാം വയസ്സിലെ സംഭവം അവർ ഓർത്തെടുത്തത്.

Signature-ad

ആസ്ത്മാ രോഗമായി കരുതപ്പെട്ട് ഇത്രയും കാലം ചികിത്സിച്ച വിട്ടു മാറാത്ത ചുമയും അനുബന്ധ വിഷമങ്ങളും എല്ലാം മാറിയതിന്റെ സന്തോഷത്തിലാണ് അവരിപ്പോള്‍. കണ്ണൂർ മെഡിക്കല്‍ കോളേജിലെ പൾമണോളജി വിഭാഗത്തിലെ ഡോക്ടർമാർക്കും നഴ്സുമാർക്കും നന്ദി പറഞ്ഞു കൊണ്ട് രോഗമൊഴിഞ്ഞ പുതു ജീവിതത്തിന്റെ വിസിലടിക്ക് കാതോർത്ത് മട്ടന്നൂർ സ്വദേശിനി ആശുപത്രിയുടെ പടിയിറങ്ങി

Back to top button
error: