കേരള ബാങ്കിൽ കോർ ബാങ്കിംഗ് നടപ്പാക്കാനുള്ള 500 കോടി രൂപയുടെ കരാർ അമേരിക്കൻ കമ്പനിക്ക് നൽകാൻ ഗൂഢാലോചന: കരകുളം കൃഷ്ണപിള്ള
കേരള ബാങ്കിൽ കോർ ബാങ്കിംഗ് സംവിധാനം ഒരുക്കുന്നതിന് ഉൾപ്പെടെ 500 കോടിയോളം രൂപയുടെ കരാർ നൽകുന്നതിൽ കോടികളുടെ ക്രമക്കേട് നടത്താൻ നീക്കമെന്നു സഹകരണ ജനാധിപത്യ വേദി ചെയർമാൻ കരകുളം കൃഷ്ണപിള്ള പറഞ്ഞു. ഒരു അമേരിക്കൻ കമ്പനിക്ക് കരാർ നൽകുന്നതിനുവേണ്ടി കേരള ബാങ്കിലെയും സിപിഎമ്മിലെയും ചില ഉന്നതർ യോജിച്ചാണ് പ്രവർത്തിക്കുന്നത്. ഈ കമ്പനി പ്രതിസന്ധിയിലാണെന്നും ഓഹരികൾ വിൽക്കാൻ പോകുന്നുവെന്നും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വൻകിട ബാങ്കുകൾ കുറഞ്ഞതു 10 വർഷമെങ്കിലും പ്രവൃത്തി പരിചയമുള്ള കമ്പനികളെ മാത്രമേ ടെൻഡറിൽ പങ്കെടുപ്പിക്കാറുള്ളൂ. കേരള ബാങ്കിന്റെ ടെണ്ടർ വ്യവസ്ഥയിൽ ഇക്കാര്യം ഉൾപ്പെടുത്തിയിരുന്നില്ല. 2017ൽ ആരംഭിച്ച അമേരിക്കൻ കമ്പനിയെ ടെണ്ടറിൽ പങ്കെടുപ്പിക്കാൻ വേണ്ടിയായിരുന്നു ഇത്. ചില ധനകാര്യ സ്ഥാപനങ്ങളിലെ കരാർ എടുത്തശേഷം പൂർത്തിയാക്കാത്ത ചരിത്രവും അമേരിക്കൻ കമ്പനിക്കുണ്ട്.
കേരള ബാങ്ക് 2019ൽ ടെണ്ടർ ക്ഷണിച്ചപ്പോൾ 4 കമ്പനികൾ പങ്കെടുത്തിരുന്നു. ടെക്നിക്കൽ ബിഡ്ഡിൽ 2 കമ്പനികളാണ് യോഗ്യത നേടിയത്. അതിൽ ഈ അമേരിക്കൻ കമ്പനി ഉണ്ടായിരുന്നു. പ്രൈസ് ബിഡ് കൂടി കഴിഞ്ഞുമാത്രമേ സ്കോർ പുറത്തുവിടാൻ പാടുള്ളൂവെന്നാണു വ്യവസ്ഥ. എന്നാൽ അമേരിക്കൻ കമ്പനിയെ സഹായിക്കുന്നതിനുവേണ്ടി അവർ ടെക്നിക്കൽ സ്കോർ അധികമായി നൽകുകയും പങ്കെടുത്ത കമ്പനികളുടെയെല്ലാം സ്കോറുകൾ പുറത്തുവിടുകയും ചെയ്തു ചെയ്തു. പ്രൈസ് ബിഡിൽ അതു മനസ്സിലാക്കി അമേരിക്കൻ കമ്പനിക്ക് ലേലം വിളിക്കുന്നതിന് സൗകര്യം ഒരുക്കാനാണ് സ്കോർ പുറത്തുവിട്ടത്. ഇതിനെ എതിർത്തുകൊണ്ടു മറ്റു കമ്പനികൾ സർക്കാരിനെ സമീപിച്ചു. എന്നിട്ടും ടെണ്ടർ നടപടിയുമായി മുന്നോട്ടുപോകാനാണു കേരള ബാങ്ക് ശ്രമിച്ചത്. എന്നാൽ അമേരിക്കൻ കമ്പനി നൽകിയ കണക്കുകളിൽ പിഴവുണ്ടായതിനാൽ ടെണ്ടർ ഉപേക്ഷിക്കാൻ നിർബന്ധിതരായി. തുടർന്നാണ് 2020ൽ വീണ്ടും ടെണ്ടർ ക്ഷണിച്ചു. ഇപ്പോഴും അമേരിക്കൻ കമ്പനി സജീവമായി രംഗത്തുണ്ട്.
ടെക്നിക്കൽ ബിഡിന്റെ സ്കോറിങാണ് ഇപ്പോൾ നടക്കുന്നത്. ഇതിൽ ലഭിക്കുന്ന സ്കോറാണു കരാർ നേടുന്നതിനുള്ള നിർണായക ഘടകം. അമേരിക്കൻ കമ്പനിക്ക് സ്കോർ കൂടുതൽ നൽകി കരാർ ഉറപ്പാക്കാനാണ് ചരടുവലികൾ നടക്കുന്നത്. അതിനു സാധിച്ചില്ലെങ്കിലും ടെക്നിക്കൽ ബിഡ്ഡിൽ കമ്പനിക്ക് തുല്യമായ മാർക്ക് നൽകിയശേഷം പ്രൈസ് ബിഡ്ഡിൽ അമേരിക്കൻ കമ്പനിയെക്കൂടി ഉൾപ്പെടുത്താനുമാണ് ആലോചന. തെരഞ്ഞെടുപ്പ് അടുത്തതോടെ വൻ കൊള്ളയ്ക്ക് കേരള ബാങ്കിനെ ഉപയോഗിക്കാനുള്ള നീക്കത്തിൽ നിന്ന് സർക്കാർ പിന്മാറണം. ടെണ്ടർ നടപടികൾ വ്യവസ്ഥയ്ക്കനുസരിച്ചും സുതാര്യമായും നടത്തിയില്ലെങ്കിൽ നിയമനടപടികളിലേക്കു കടക്കാൻ സഹകരണ ജനാധിപത്യവേദി നിർബന്ധിതമാകും.