തമിഴ്നാട് തിരുച്ചിറപ്പള്ളി സ്വദേശിയാണ് 58കാരനായ രാജൻ. 65 കാരിയായ സരസ്വതി അടൂര്‍ മണ്ണടി സ്വദേശി. അടൂർ ശരണാലയത്തിലെ അന്തേവാസികളായ ഇരുവരുടെയും വിവാഹം പ്രണയദിനമായ ഇന്നു രാവിലെ 11നും 11.30നും ഇടയിലെ മുഹൂര്‍ത്തത്തില്‍ നടന്നു. ശബരിമല സീസൺ കാലത്ത് പമ്പയിലും പരിസരത്തുമുള്ള കടകളില്‍ പാചകം ചെയ്തുവരികയായിരുന്നു രാജന്. സഹോദരിമാര്‍ക്കുവേണ്ടി ജീവിതം മാറ്റിച്ചതിനിടെ സ്വന്തം വിവാഹത്തെക്കിറിച്ച് രാജന് ചിന്തിച്ചില്ല. ജോലി ചെയ്തു കിട്ടുന്ന പണം ബന്ധുക്കള്‍ക്ക് അയച്ചുകൊടുക്കും. ലോക്ക്ഡൗണായതോടെ രാജൻ ഉള്‍പ്പെടെ ആറുപേരെ പമ്പ പോലീസ് സർക്കിൾ ഇൻസ്പെക്ടർ
പി.എം ലിബിയാണ് 2020 ഏപ്രില്‍ 18ന് താല്‍ക്കാലിക സംരക്ഷണത്തിനായി അടൂര്‍ മഹാത്മ ജനസേവനകേന്ദ്രത്തില്‍ എത്തിച്ചത്.
ഇവിടെ വയോജന സംരക്ഷണവും പാചകവും രാജന് സ്വയം ഏറ്റെടുത്തു. 2018 ഫെബ്രുവരി മുതല്‍ മഹാത്മയിലെ അംഗമാണ് സരസ്വതി. സംസാരവൈകല്യമുള്ള അവിവാഹിതയായ സരസ്വതി മാതാപിതാക്കള്‍ മരണപ്പെട്ടതോടെയാണ് തനിച്ചായത്. ജീവിതത്തില്‍ ഒറ്റപ്പെട്ടപ്പോള്‍ പൊതുപ്രവര്‍ത്തകരും പൊലീസും ചേര്‍ന്നാണ് ഇവരെ മഹാത്മയിലെത്തിച്ചത്. തുല്യ ദുഃഖിതരായ രാജനും സരസ്വതിയും പ്രണയത്തിലായത് ലോക്ക്ഡൗണ്‍ കാലത്താണ്. പരസ്പരം ഇഷ്ടമാണെന്ന വിവരം ഇവര്‍തന്നെ മഹാത്മ ജനസേവനകേന്ദ്രം ചെയര്മാന് രാജേഷ് തിരുവല്ലയെ അറിയിച്ചു. അങ്ങനെയാണ് പ്രണയദിനമായ ഇന്ന് ഇരുവരും തമ്മിലുള്ള വിവാഹം നടത്താന്‍ തീരുമാനിച്ചത്.