നവാഗതനായ തരുണ്‍ മൂര്‍ത്തി രചനയും സംവിധാനവും നിർവഹിച്ച ഓപ്പറേഷൻ ജാവ കഴിഞ്ഞദിവസം തിയേറ്ററുകളിലെത്തി. പ്രദര്‍ശന കേന്ദ്രങ്ങളില്‍ നിന്നെല്ലാം മികച്ച അഭിപ്രായം നേടിയാണ് ജാവയുടെ ഒന്നാം ദിവസം കടന്നുപോകുന്നത്. കേരള പോലീസിലെ സൈബർ സെൽ വിഭാഗത്തെ കേന്ദ്ര പശ്ചാത്തലമാക്കിയാണ് തരുണ്‍ മൂര്‍ത്തി ഓപ്പറേഷൻ ജാവയുടെ കഥയൊരുക്കിയിരിക്കുന്നത്. കേരളത്തല്‍ നടന്നിട്ടുള്ള സൈബർ ക്രൈമുകളെ കേന്ദ്രീകരിച്ച് തന്നെയാണ് ജാവയുടെ സഞ്ചാരം. കാണുന്ന എല്ലാത്തരം പ്രേക്ഷകരെയും തൃപ്തിപ്പെടുത്തുന്ന, എല്ലാവര്‍ക്കും ഒരു പോലെ മനസിലാവുന്ന തിരക്കഥ തന്നെയാണ് ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. കഥാപാത്രങ്ങളായെത്തിയ അഭിനേതാക്കളെല്ലാം മികച്ച പ്രകടനം തന്നെയാണ് കാഴ്ചവെച്ചിരിക്കുന്നത്.
ആന്റണി, വിനയ് എന്നീ രണ്ടു കഥാപാത്രങ്ങൾ കേരള പോലീസിലെ സൈബർ സെൽ വിഭാഗവുമായി ചേർന്ന് നടത്തുന്ന കുറ്റാന്വേഷണങ്ങളുടെ കഥയാണ് ഓപ്പറേഷന്‍ ജാവ. സ്ഥിരം കുറ്റാന്വേഷണ സിനിമകളിൽ കണ്ടുവരുന്ന പാറ്റേണ്‍ മാറ്റിനിർത്തിക്കൊണ്ട് ആക്ഷൻ ഹീറോ ബിജു പോലെയുള്ള സിനിമകളുടെ ചുവടുപിടിച്ചാണ് ഓപ്പറേഷൻ ജാഥയുടെ മേക്കിംഗ് നടത്തിയിട്ടുള്ളത്. ഒരു റിയലിസ്റ്റിക് ഇൻവെസ്റ്റിഗേഷൻ ചിത്രം എന്ന രീതിയിൽ ഓപ്പറേഷൻ ജാവയെ വിലയിരുത്താം. ബാലു വർഗീസ്, വിനായകൻ, ലുക്മാൻ, ഷൈൻ ടോം ചാക്കോ, മമിത ബൈജു, ധന്യ അനന്യ, ബിനു പപ്പു തുടങ്ങിയവരാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഫൈസ് സിദ്ദിഖ് ചിത്രത്തിന്റെ ഛായാഗ്രഹണവും ജേക്സ് ബിജോയ് സംഗീത സംവിധാനവും നിർവഹിച്ചിരിക്കുന്നു.
കോവിഡിന് ശേഷം തിയേറ്ററുകളിലേക്ക് ആളുകളെ തിരികെ എത്തിക്കാന്‍ ഓപ്പറേഷൻ ജാവയ്ക്ക് സാധിക്കുമെന്നാണ് അണിയറ പ്രവർത്തകരും സിനിമ ആരാധകരും ഉറച്ചു വിശ്വസിക്കുന്നത്. കേരളത്തിലുടനീളം ചിത്രത്തിന് വലിയ സ്വീകാര്യതയാണ് ഇതിനോടകം ലഭിച്ചിരിക്കുന്നത്. വലിയ താരനിര ഇല്ലാതെ മികച്ച തിരക്കഥ കൊണ്ടും സംവിധാനം കൊണ്ടും സിനിമ പ്രേക്ഷകരിലേക്ക് എത്തും എന്നതിന്റെ ഏറ്റവും മികച്ച ഉദാഹരണമായി ഓപ്പറേഷൻ ജാവയെ പരിഗണിക്കാം. വി സിനിമാസിന്റെ ബാനറിൽ പത്മ ഉദയ് ആണ് ഓപ്പറേഷൻ ജാവ നിർമ്മിച്ചിരിക്കുന്നത്.