സോഷ്യല്‍ മീഡിയയിര്‍ സജീവമായവര്‍ക്ക് സുപരിചിതനായ താരമാണ് ഫിറോസ് കുന്നംപറമ്പില്‍. സോഷ്യല്‍മീഡിയയിലൂടെ ഒട്ടനവധി ദുരിതബാധിതര്‍ക്ക് ആശ്വാസം എത്തിച്ച ജീവകാരുണ്യ പ്രവര്‍ത്തകനായ പാലക്കാട് ആലത്തൂര്‍ സ്വദേശി ഫിറോസ് ഇപ്പോഴിതാ വീണ്ടും വാര്‍ത്തകളില്‍ ഇടം നേടുകയാണ്. ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് നേരെ ഉയരുന്ന വിമര്‍ശനങ്ങള്‍ക്കെതിരെ കടുത്ത ഭാഷയില്‍ ഫെയ്‌സ്ബുക്ക് ലൈവില്‍ വന്നതാണ് ഫിറോസിനെ വീണ്ടും വാര്‍ത്തകളില്‍ നിറച്ചത്.
നന്ദിയില്ലാത്ത ആളുകള്‍ക്ക് നന്മ ചെയ്യാന്‍ പാടില്ലെന്നും അത്തരം ആളുകളെ നടുറോഡിലിട്ട് തല്ലിക്കൊല്ലണമെന്നുമാണ് ഫിറോസ് കുന്നംപറമ്പില്‍ തന്റെ ഫെയ്‌സ്ബുക്ക് ലൈവ് വീഡിയോയില്‍ പറഞ്ഞത്. മാനന്തവാടിയില്‍ നടത്തിയ ചാരിറ്റിയില്‍ ഉയര്‍ന്ന ആക്ഷേപങ്ങളുടെ പശ്ചാത്തലത്തിലാണ് ഫിറോസ് ഫേസ്ബുക്ക് ലൈവില്‍ പ്രത്യക്ഷപ്പെട്ടതും തന്റെ നിലപാട് വിശദീകരിച്ചതും.
‘പാവപ്പെട്ട പ്രവാസികള്‍ ആയിരവും അഞ്ഞൂറും നൂറും പത്തുമൊക്കെയായി പിരിച്ചുതന്ന പണം, ചികിത്സയുടെ ആവശ്യം കഴിഞ്ഞ് ബാക്കിയുള്ള പണം തന്റേതാണെന്ന് പറഞ്ഞ് കരയുന്ന ഇത്തരത്തിലുള്ള രോഗികളെയും അവരെ കാണിച്ച് കള്ളപ്രചരണം നടത്തുന്ന മാനസിക രോഗികളെയും പൊതുജനം നടുറോഡിലിട്ട് തല്ലിക്കൊല്ലണ്ട സമയം അതിക്രമിച്ചു. പക്ഷേ, ജനങ്ങളിപ്പോഴും കമന്റിട്ട് കളിച്ചുകൊണ്ടിരിക്കുകയാണ്. നമ്മുടെ നാടിന്റെ അവസ്ഥ ഇതാണ്. ഇതിനെയൊന്നും വെറുതെ വിടരുത്. ഇത്തരം ആളുകളെയൊക്കെ തീര്‍ക്കേണ്ട സമയം കഴിഞ്ഞു. ഇതൊക്കെ അനുഭവിച്ചേ തീരൂ. ഞാന്‍ ചെയ്യുന്നതിന്റെ കാര്യങ്ങള്‍ പൊതുജനത്തെ ബോധിപ്പിക്കുക എന്നത് നിസാരമായ കാര്യമാണ്’, ഫിറോസ് കുന്നംപറമ്പില്‍ ഫെയ്‌സ്ബുക്ക് ലൈവില്‍ പറഞ്ഞു.
ഇപ്പോഴിതാ ഈ പരാമര്‍ശം വിവാദമായിരിക്കുകയാണ്. നിരവധി പേരാണ് ഈ വീഡിയോയ്ക്ക് പ്രതിഷേധവുമായി രംഗത്തെത്തിയത്.
വയനാട്ടില്‍നിന്നുള്ള ഒരു കുഞ്ഞിന്റെ രോഗത്തിനായി പിരിച്ചെടുത്ത പണത്തിന്റെ ബാക്കി കുടുംബം ആവശ്യപ്പെട്ടതാണ് വിവാദങ്ങള്‍ക്ക് ഇടയാക്കിയത്. കുട്ടിയുടെ ചികിത്സയ്ക്കായി പിരിഞ്ഞുകിട്ടിയ പണത്തിന്റെ ബാക്കി മറ്റൊരു രോഗിക്കു വേണ്ടി നല്‍കി. എന്നാല്‍ ഈ കുട്ടിയുടെ കുടുംബം പിന്നീട്, വിവിധ ആവശ്യങ്ങള്‍ക്കായി കൂടുതല്‍ പണം ചെലവായെന്നും അക്കൗണ്ടില്‍ വന്ന പണം തിരികെ നല്‍കണമെന്നും തന്നോട് ആവശ്യപ്പെട്ടു. അത് മറ്റൊരു രോഗിക്ക് നല്‍കിയതിനാല്‍ സാധിക്കില്ലെന്ന് താന്‍ പറഞ്ഞു. ഈ പണം ലക്ഷ്യമിട്ട്, തനിക്കെതിരെ ആരോപണങ്ങളുമായി ചിലര്‍ എത്തിയിരിക്കുകയാണെന്നും അവയെല്ലാം വ്യാജമാണെന്നുമാണ് ഫിറോസ് വ്യക്തമാക്കുന്നത്.
ഈ വീഡിയോയ്ക്ക് ശേഷം വിഷയം വിവരിച്ചുകൊണ്ട് ഫിറോസ് ഒരു കുറിപ്പും ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു. ‘സഹായം കിട്ടി കഴിഞ്ഞാല്‍ സഹായിച്ചവര്‍ കള്ളമ്മാരാവുന്ന അവസ്ഥ. 26 അല്ല ഇനി എത്ര ലക്ഷം വന്നാലും ചികിത്സക്കുള്ള പണം കഴിച്ച് മറ്റ് രോഗികള്‍ക്ക് നല്‍കാം എന്നുള്ളതാണ് വാക്ക് അത് കൃത്യമായി നടപ്പാക്കുകയും ചെയ്യുന്നുണ്ട്. ഇവരുടെ സ്റ്റേറ്റ്‌മെന്റ് പുറത്ത് വിട്ടാല്‍ കാണാം ആര്‍ക്കൊക്കെ എത്രയാണ് കൊടുത്തത് എന്നും അവര്‍ക്ക് നല്‍കിയ പണം അവര്‍ എന്ത് ചെയ്തു എന്നും. സഞ്ജയ് ഒപ്പിടാതെ ഒരു രൂപ പോലും മറ്റൊരാള്‍ക്ക് നല്‍കാന്‍ കഴിയില്ല. എന്തിന് അക്കൗണ്ടില്‍ എത്ര രൂപ വന്നു എന്നറിയുന്നതുപോലും സഞ്ജുവിന്റെ നമ്പരിലാണ്. ചികിത്സയ്ക്ക് 7 ലക്ഷം വേണം എന്നാണ് പറഞ്ഞത്. 10 ലക്ഷം നല്‍കിയിട്ടും ചികിത്സക്ക് മുന്‍പ് 10 ലക്ഷം തീര്‍ന്നു എന്നും പറഞ്ഞ് വന്നു. പിന്നീട് രണ്ടാമത് വീഡിയോ ചെയ്യാന്‍ ആവശ്യപ്പെട്ടു. അത് ചെയ്യാന്‍ ഞാന്‍ തയ്യാറായില്ല. പകരം ട്രസ്റ്റിന്ന് 1 ലക്ഷം രൂപ ചെക്ക് നല്‍കി ബാക്കി സര്‍ജറിക്കുള്ള സംഖ്യ ഞാന്‍ ആശുപത്രിയില്‍ കെട്ടിവച്ചു. സര്‍ജറി കഴിഞ്ഞു ഇപ്പോള്‍ കുട്ടി സുഖമായിരിക്കുന്നു. കുട്ടിക്ക് പ്രോട്ടീന്‍ പൗഡര്‍ വാങ്ങണം. കക്കൂസ് ശരിയാക്കണം. വീട് ശരിയാക്കണം. ഇതൊന്നും ഞാന്‍ ചെയ്യേണ്ടതല്ല. ആരെയും മരണം വരെ നോക്കാനും കഴിയില്ല. അതൊക്കെ സഞ്ജയ് ആണ് ചെയ്യേണ്ടത്. ഒരാപത്തില്‍ സഹായിച്ചതിന് നമുക്ക് കിട്ടുന്ന കൂലിയെന്താണെന്ന് കണ്ടോ. അതില്‍ നിന്നും 1 രൂപ പോലും ഞാനോ എന്റെ ആവശ്യങ്ങള്‍ക്കോ എടുത്തിട്ടില്ല. സ്റ്റേറ്റ്‌മെന്റ്് വരട്ടെ. നിങ്ങള്‍ തന്നെ കണ്ട് ബോധ്യപ്പെടു.ഫിറോസ് കുറിച്ചു.
അതേസമയം, ഇതുവരെ ഒരു സെല്‍ഫോണും ഫേസ്ബുക് പേജുമായി ഫിറോസ് എന്ന ചെറുപ്പക്കാരന്‍ കാരുണ്യത്തിന്റെയും നന്മയുടെയും വലിയ ലോകം തീര്‍ക്കുന്നത് ജനങ്ങള്‍ അത്ഭുതത്തോടെയാണ് നോക്കി കണ്ടത്. എന്നാല്‍ ഇപ്പോഴത്തെ വാക്കുകള്‍ ഫിറോസിന്റെ വ്യക്തിത്വത്തിന് തന്നെ കളങ്കം സൃഷ്ടിച്ചിരിക്കുകയാണ്.