മംഗളൂരുവിൽ ക്രൂരമായ റാഗിംഗ്, പിടിയിലായത് 11 മലയാളി വിദ്യാർത്ഥികൾ, ഇരയായത് മലയാളികളായ അഞ്ചോളം ജൂനിയർ വിദ്യാർഥികൾ

റാഗിങ്ങിന് കുപ്രസിദ്ധിയാർജ്ജിച്ച മംഗളൂരുവിലെ കാമ്പസുകളിൽ നിന്നും വീണ്ടും റാഗിങ് വാർത്തകളെത്തുന്നു. പിടിക്കപ്പെടുന്നതും ഇരയാവുന്നതും മലയാളി വിദ്യാർഥികളാണ് എന്നതാണ് സങ്കടകരം.

കഴിഞ്ഞദിവസം മംഗളുരു ഉള്ളാൽ കണച്ചൂർ മെഡിക്കൽ സയൻസസ് ഇൻസ്റ്റിറ്റ്യൂട്ടിലെ ജൂനിയർ വിദ്യാർത്ഥികളെ റാഗ് ചെയ്ത സംഭവത്തിൽ പിടിയിലായത് 11 മലയാളി വിദ്യാർഥികളാണ്. ജൂനിയറായ മലയാളി വിദ്യാർഥികളുടെ താടിയും മീശയും വടിപ്പിച്ച് കൊണ്ടായിരുന്നു സീനിയർ വിദ്യാർഥികളുടെ ക്രൂരമായ റാഗിംഗ്. ഫിസിയോതെറാപ്പി, നഴ്സിങ് വിദ്യാർഥികളാണ് ഇപ്പോൾ അറസ്റ്റിലായിരിക്കുന്നത്.

കോഴിക്കോട്,കോട്ടയം,പത്തനംതിട്ട, കാസർഗോഡ്,മലപ്പുറം ജില്ലയിലെ 11 വിദ്യാർഥികളാണ് മംഗളൂരു പൊലീസിന്റെ പിടിയിൽ ഉള്ളത്. വടകര പടിഞ്ഞാറേക്കരയിൽ മുഹമ്മദ് ഷമ്മാസ്, കോട്ടയം അയർക്കുന്നം റോബിൻ ബിജു , വൈക്കം എടയാറിലെ ആൽബിൻ ജോയ്, മഞ്ചേരി പയ്യനാട്ടെ ജാബിൻ മഹ്‌റൂഫ്, കോട്ടയം ഗാന്ധിനഗറിലെ ജെറോൺ സിറിൽ, പത്തനംതിട്ട മങ്കാരത്തെ മുഹമ്മദ് സുറാജ്, കാസർകോട് കടുമേനി ജാഫിൻ റോയിച്ചൻ, വടകര ചിമ്മത്തൂരിലെ ആസിൻ ബാബു, മലപ്പുറം മമ്പുറത്തെ അബ്ദുൽ ബാസിത്, കാഞ്ഞങ്ങാട് ഇരിയയിലെ അബ്ദുൽ അനസ് മുഹമ്മദ്, ഏറ്റുമാനൂർ കനഗരിയിലെ കെഎസ് അക്ഷയ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ കുറേ ദിവസങ്ങളായി സീനിയർ വിദ്യാർഥികൾ ജൂനിയർ വിദ്യാർത്ഥികളെ പീഡിപ്പിക്കുന്നുണ്ടായിരുന്നു. താടിയും മീശയും വടിപ്പിക്കുകയും തീപ്പെട്ടിക്കൊള്ളി കൊണ്ട് മുറി അളപ്പിക്കുകയും ഒക്കെയാണ് റാഗിങ്ങിന്റെ ഭാഗമായി ചെയ്തത്. വിദ്യാർഥികളുടെ പരാതിയെ തുടർന്ന് കോളേജ് അധികൃതരാണ് പോലീസിൽ വിവരം അറിയിച്ചത്

Leave a Reply

Your email address will not be published. Required fields are marked *