സെക്രട്ടറിയേറ്റ് മാർച്ചിൽ വിദ്യാർഥികൾക്ക് മർദ്ദനമേറ്റതുമായി ബന്ധപ്പെട്ട് ബംഗാളിൽ ഇടതുപക്ഷം ആഹ്വാനം ചെയ്ത 12 മണിക്കൂർ ബന്ദ് തുടരുന്നു . ജോലി ആവശ്യപ്പെട്ടായിരുന്നു ഇടതുപക്ഷത്തെയും കോൺഗ്രസിന്റെയും വിദ്യാർത്ഥി വിഭാഗങ്ങൾ സെക്രട്ടറിയേറ്റ് മാർച്ച് നടത്തിയത്. മാർച്ചിനെ പോലീസ് ബലംപ്രയോഗിച്ച് നേരിട്ടു. വിദ്യാർഥികൾക്കും പൊലീസിനും പരിക്കേറ്റു.
സെക്രട്ടറിയേറ്റിനു മുന്നിൽ പോലീസ് നടത്തിയ വിദ്യാർത്ഥി വേട്ട ജാലിയൻ വാലാബാഗിനെ ഓർമ്മിപ്പിക്കുന്നുവെന്ന് ഇടതുമുന്നണി ചെയർമാൻ ബിമൻ ബോസ് പറഞ്ഞു. പോലീസ് ലാത്തിച്ചാർജിൽ 150 വിദ്യാർഥികൾക്ക് പരിക്കേറ്റു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോൺഗ്രസിനോട് കൂടിയാലോചിച്ചാണ് ബന്ദ് എന്നും അദ്ദേഹം വ്യക്തമാക്കി.
ബംഗാളിൽ ഇടതു – കോൺഗ്രസ് സഖ്യം ആണ് അസംബ്ലി തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസിനെയും ബിജെപിയെയും നേരിടുന്നത്. അതേസമയം എല്ലാ സർക്കാർ ഉദ്യോഗസ്ഥരും ജോലിക്ക് ഹാജരാകണമെന്ന് പശ്ചിമബംഗാൾ സർക്കാർ ഉത്തരവിട്ടു. ജോലിക്ക് ഹാജരാകാത്തവരുടെ ശമ്പളം വെട്ടിക്കുറയ്ക്കുമെന്നും ഗവൺമെന്റ് വ്യക്തമാക്കി.