സുനാമി മുന്നറിയിപ്പ് ഓസ്ട്രേലിയയും, ന്യൂസിലൻഡും പിൻവലിച്ചു
ദക്ഷിണ പസഫിക്ക് സമുദ്രത്തിൽ 7.7 തീവ്രതയിൽ ഭൂചലനമുണ്ടായതിനു പിന്നാലെ പുറപ്പെടുവിച്ച സുനാമി മുന്നറിയിപ്പ് ഓസ്ട്രേലിയയും ന്യൂസിലൻഡും പിൻവലിച്ചു. ഓസ്ട്രേലിയയുടെ പ്രധാന ഭൂപ്രദേശത്തിന് 550 കിലോമീറ്റർ കിഴക്കായി സ്ഥിതിചെയ്യുന്ന ലോർഡ് ഹൗവേ ദ്വീപിലേക്ക് മൂന്നടി വരെ ഉയരത്തിൽ തിരമാലകള്‍ ഉയരാനും സുനാമിക്കും സാധ്യതയുണ്ടെന്നായിരുന്നു മുന്നറിയിപ്പ്.
സുനാമി തിരമാലകൾ ലോർഡ് ഹൗവേ ദ്വീപിലെ തീരങ്ങളെ തൊടാതെ കടന്നുപോയെന്ന് ബ്യൂറോ ഓഫ് മെറ്റിറോളജി, ഓസ്ട്രേലിയ അറിയിച്ചു. എന്നാൽ അസാധാരണമായ ചെറുതിരമാലകൾ തുടർന്നേക്കും. പക്ഷേ സുനാമി മുന്നറിയിപ്പ് പിൻവലിക്കുകയാണെന്നും ബ്യൂറോ ഓഫ് മെറ്റിറോളജി അറിയിച്ചു.
പ്രാദേശിക സമയം വ്യാഴാഴ്ച പുലര്‍ച്ചെ ന്യൂ കാലിഡോണിയയിലെ ടാഡീനിന് കിഴക്ക് 417 കിലോമീറ്റർ കിഴക്ക് മാറി 10 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനം ഉണ്ടായത്. ഓസ്ട്രേലിയയ്ക്കും ന്യൂസിലൻഡിനും പുറമെ ന്യൂ കാലിഡോണിയ, ഫിജി എന്നിവിടങ്ങളിലും സുനാമി മുന്നറിയിപ്പ് നൽകിയിരുന്നു.