NEWS

മാധ്യമപ്രവര്‍ത്തകനെതിരെ വ്യാജപരാതികള്‍ നല്‍കി അപമാനിക്കാന്‍ ശ്രമമെന്ന് ആരോപണം , മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി

കോട്ടയം: മാധ്യമ പ്രവര്‍ത്തകനായ സുമോദ് കോവിലകത്തിനെതിരെ വ്യാജ പരാതി നല്‍കി വാര്‍ത്തയാക്കി അപമാനിക്കാന്‍ ശ്രമമെന്ന് ആരോപണം.ഇതിനെതിരെ സുമോദ് മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നല്‍കി. ഇതുകൂടാതെ മാനനഷ്ടത്തിന് കോടതിക്കും അപേക്ഷ നല്‍കി.

തനിക്ക് സുമോദ് ലക്ഷക്കണക്കിന് രൂപ 2012 ൽ നല്‍കുവാന്‍ ഉണ്ടെന്ന കോട്ടയം സ്വദേശി സേജുലാലിന്റെ 2019 ലെ പരാതിയാണ് വിവാദമായിരിക്കുന്നത്. എന്നാല്‍ 29/06/2015 ല്‍ ഇതേ വ്യക്തിക്കും ഇദ്ദേഹത്തിന്റെ മറ്റൊരു സുഹൃത്തായ ഡാനി പ്രകാശിനുമെതിരെ സുമോദ് കോട്ടയം ജില്ലാ പോലീസ് സൂപ്രണ്ടിനും പെറ്റീഷന്‍ 46553/2015/K കോട്ടയം ഈസ്റ്റ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറിനും പരാതി നല്‍കിയിരുന്നു. ഈ സമയത്തൊന്നും 2012 ല്‍ പൈസ വാങ്ങി പറ്റിച്ചെന്ന പരാതി ഇവരാരും പോലീസിലോ കോടതിയിലോ നൽകിയിട്ടില്ല എന്നു സുമോദ് വ്യക്തമാക്കുന്നു.

2016 ല്‍ സി.എസ്. പ്രഭാകരന്‍ എന്നയാൾ സുമോദിനെതിരെ കോട്ടയം പ്രിന്‍സിപ്പല്‍ സബ് കോടതിയില്‍ ഒരു സിവില്‍ കേസ് ഫയല്‍ ചെയ്യുകയുണ്ടായി.ഇയാൾ സേജുലാലിന്റെ സുഹൃത്താണെന്ന് സുമോദ് പറയുന്നു. കേസില്‍ സുമോദിന് അനുകൂലമായ വിധി ഉണ്ടായി. സുമോദിന്റെ ഒപ്പ് വ്യാജമായി ഇട്ട് കോടതിയില്‍ കേസ് കൊടുത്തു എന്ന് ചൂണ്ടികാട്ടി സി.എസ്. പ്രഭാകരനെതിരെ ക്രിമിനല്‍ കേസ് ഫയല്‍ ചെയ്യുവാന്‍ കോടതിയുടെ മൊഴി പകര്‍പ്പ് ആവശ്യപ്പെട്ട് സുമോദ് ഹര്‍ജി കൊടുത്തതിനെ തുടര്‍ന്ന് സി.എസ്. പ്രഭാകരന്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിരിക്കുകയാണ്. അപ്പീല്‍ പീരിഡിന്റെ സമയ പരിധികഴിഞ്ഞാണ് അപ്പീലിന് മേല്‍ വ്യക്തി പോയിരിക്കുന്നത് എന്നാണ് ആരോപണം.

പ്രമുഖ രാഷ്ട്രീയ പാര്‍ട്ടിയുടെ സോഷ്യല്‍ മീഡിയ വിഭാഗത്തില്‍ ജോലി ചെയ്യുന്ന സുമോദിനെ 2019 ല്‍ ചീഫ് വിപ്പായ കെ. രാജന്റെ അഡിഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായി നിയമിക്കുവാന്‍ പാര്‍ട്ടിതീരുമാനിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹത്തിന്റെ ഫയല്‍ മുഖ്യമന്ത്രിയുടെ മുന്‍പില്‍ എത്തിയതിനു പിന്നാലെ സേജുലാല്‍ എന്ന വ്യക്തി സുമോദ് അയാള്‍ക്ക് പൈസ കൊടുക്കാനുണ്ടെന്ന പരാതി മുഖ്യമന്ത്രിക്ക് നല്‍കി. ഇതോടെ തന്നെ ആ സ്ഥാനത്തേക്ക് പരിഗണിക്കേണ്ട എന്ന് സുമോദ് പാര്‍ട്ടിയെ അറിയിച്ചു. തന്റെ പദവി തകര്‍ക്കുകയും അപമാനിക്കുകയും ചെയ്യകയായിരുന്നു ഈ പരാതിയുടെ പിന്നിലുള്ള ലക്ഷ്യം എന്ന് വ്യക്തമാണെന്ന് സുമോദ് ചൂണ്ടിക്കട്ടുന്നു.

പിന്നീട് ഇദ്ദേഹത്തിന്റെ പരാതി ചൂണ്ടിക്കാട്ടി സുമോദ് കോട്ടയം ഡിസ്ട്രിക്റ്റ് കോടതിയില്‍ അപേക്ഷ നല്‍കുകയും 2012 ല്‍ നടന്നു എന്നുപറയുന്ന പരാതിയുടെ സുതാര്യത ചോദ്യം ചെയ്തുകൊണ്ടുള്ള പരാമര്‍ശത്തോടെ സുമോദിന് മുന്‍കൂര്‍ ജാമ്യം അനുവദിക്കുകയും ചെയ്തു. ഈ കേസ് കാന്‍സല്‍ ചെയ്യണമെന്ന് അഭ്യര്‍ത്ഥിച്ച് സുമോദ് ഹൈക്കോടതിയെ സമീപിക്കുന്ന സമയത്താണ് കോവിഡ് മൂലം കോടതി നടപടികള്‍ വൈകിയത്. ഇതിനിടെ മുഖ്യമന്ത്രിക്ക് കിട്ടിയ പരാതി കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷനില്‍ തീര്‍പ്പിനായി എത്തി. സുമോദ് സ്റ്റേഷനില്‍ നേരിട്ടെത്തി മൊഴി നല്‍കി.

പിന്നീട് ഒരു വര്‍ഷത്തിനുശേഷം ഇതേ സ്റ്റേഷനില്‍ നിന്ന് മറ്റൊരു സബ് ഇന്‍സ്‌പെക്ടര്‍ ഇതേ കേസിന്റെ നടപടിക്ക് എത്തണമെന്ന് ആവശ്യപ്പെട്ടു. സ്റ്റേഷനില്‍ എത്തിയപ്പോള്‍ പുതിയതായി ചാര്‍ജ്ജ് എടുത്ത സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കേസ് ചാര്‍ജ്ജ് ചെയ്യുകയാണ് എന്ന് പറഞ്ഞതായി സുമോദ് പറയുന്നു.

തൊട്ടടുത്ത ദിവസം കേരളത്തിലെ പ്രമുഖമായ ഒരു പത്രത്തില്‍ സുമോദ് തട്ടിപ്പുകാരന്‍ ആണെന്ന തരത്തിലുള്ള വാര്‍ത്ത വന്നു. എട്ട് വര്‍ഷമായി തലസ്ഥാനത്ത് മാധ്യമ പ്രവര്‍ത്തനം ചെയ്യുന്ന സുമോദ് പോലീസ്‌ ഹെഡ് ക്വാര്‍ട്ടേഴ്‌സില്‍ ജോലി ആണെന്ന് പറഞ്ഞ് സേജുലാലിനെയും, മിഥുനിനെയും പറ്റിച്ച് പൈസ വാങ്ങിച്ചു എന്നാണ് വാര്‍ത്തയില്‍ പറഞ്ഞത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ എല്ലാ പ്രമുഖ മാധ്യമങ്ങളിലും കോളമിസ്റ്റ് ആയി ജോലി നോക്കുന്ന സുമോദിന്റ ബൈലൈനുകള്‍ വച്ചാണ് വാര്‍ത്തകള്‍ വരാറുള്ളത്. 2015ല്‍ മേല്‍ പറഞ്ഞ കക്ഷികള്‍ക്കെതിരെ സുമോദ് കോട്ടയം ജില്ലാ പോലീസ് സൂപ്രണ്ടിന് കൊടുത്ത പരാതിയില്‍ തന്നെ താന്‍ ഒരു മാധ്യമ പ്രവര്‍ത്തകനാണെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നു സുമോദ് ചൂണ്ടിക്കാട്ടുന്നു.

ഇത്തരത്തിലുള്ള ഒരു വ്യക്തി പോലീസില്‍ ജോലി ഉണ്ടെന്ന് പറഞ്ഞു പറ്റിച്ചു എന്നാണ് പരാതിക്കാര്‍ ആരോപിച്ചിരിക്കുന്നത്. വാര്‍ത്ത വന്നതിന്റെ പിറ്റേദിവസം സുമോദ് ആ മാധ്യമ സ്ഥാപനത്തില്‍ എത്തുകയും തന്റെ ഭാഗം വ്യക്തമാക്കുകയും ചെയ്തു. എന്നാല്‍ അദ്ദേഹം പോയതിന്റെ പിന്നാലെ സുമോദ് 2015 ല്‍ പരാതികൊടുത്തിരുന്ന ഡാനിപ്രകാശ് എന്ന വ്യക്തി പോലീസ് സ്റ്റേഷനില്‍ എത്തി സുമോദ് അദ്ദേഹത്തിന് പണം നല്‍കുവാന്‍ ഉണ്ടെന്ന്‌ പരാതി നല്‍കി. പിറ്റേദിവസത്തിലെ പത്രത്തില്‍ ഇതും വാര്‍ത്തയാക്കി .

ഇതിനെ തുടര്‍ന്ന് സംസ്ഥാന മുഖ്യമന്ത്രിക്ക്‌ കഴിഞ്ഞ ദിവസം പരാതി നല്‍കിയെന്ന് സുമോദ് വ്യക്തമാക്കുന്നു. ഈ കാര്യത്തില്‍ അന്വേഷണം നടത്തണമെന്നും നിരന്തരം വാര്‍ത്ത നല്‍കി തന്നെ അപമാനിക്കുന്ന കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷനിലെ രണ്ട് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ടാണ് ഡി.ജി.പിക്ക് പരാതി നല്‍കിയിരിക്കുന്നത് എന്ന് സുമോദ് ന്യൂസ്‌ദെന്നിനോട്‌ പറഞ്ഞു.

തനിക്ക് വന്ന അപമാനത്തിന് ഹൈക്കോടതിയില്‍ മാനനഷ്ടക്കേസിനുള്ള നടപടികള്‍ തുടങ്ങിയിരിക്കുകയാണ് സുമോദ് . നിരന്തരമായി അടിസ്ഥാന രഹിതമായ പരാതികള്‍ നല്‍കി തന്നെ അപമാനിക്കുകയാണ് ഇവരുടെ ലക്ഷ്യമെന്നും സുമോദ് പറയുന്നു. 35 ലക്ഷം രൂപ നല്‍കാനുണ്ടെന്ന് പറഞ്ഞ് കേസ് കൊടുത്ത ഡാനി പ്രകാശ് 7 ലക്ഷം രൂപ തനിക്ക് നല്‍കുവാനുള്ള രേഖകള്‍ കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നും സുമോദ് ചൂണ്ടിക്കാട്ടുന്നു . നിരന്തരമായ പരാതികളിലൂടെ സമൂഹത്തില്‍ നല്ല രീതിയില്‍ ജീവിക്കുന്ന വ്യക്തിയെ വ്യക്തിഹത്യ നടത്തുകയും കരിയര്‍ നശിപ്പിക്കുകയുമാണ് ലക്ഷ്യമെന്നും ഇവര്‍ക്കെതിരെ ശക്തമായ നിയമ നടപടികളുമായി മുന്നോട്ട് പോകുവാനാണ് തീരുമാനമെന്നും സുമോദ് കൂട്ടിച്ചേർത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button