ഒരിക്കൽക്കൂടി തന്റെ ഫേസ്ബുക്ക് പേജ് തുറന്നപ്പോൾ നിരവധി ഗ്രാന്റ്സ്‌ലാം കിരീടം നേടിയ മരിയ ഷറപ്പോവ ഞെട്ടിപ്പോയി. വീണ്ടും മലയാളി കമന്റുകൾ. തെറിയാണെന്ന് തന്നെ അവർ കരുതിക്കാണും. കാരണം ഒരു തവണ മരിയ ഷറപ്പോവയെ മലയാളികൾ പൊങ്കാല ഇട്ടതാണ്. അന്ന് മലയാളികൾ സച്ചിൻ ടെണ്ടുൽക്കർ ഫാൻസ് ആയിരുന്നു.
2014 ൽ സച്ചിൻ ടെണ്ടുൽക്കറെ അറിയാമോ എന്ന ചോദ്യത്തിന് ഷറപ്പോവ അറിയില്ലെന്ന് നിഷ്കളങ്കമായി മറുപടി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് തങ്ങളുടെ ക്രിക്കറ്റ് ദൈവത്തെ തിരിച്ചറിയാത്ത മരിയ ഷറപ്പോവക്കെതിരെ മലയാളികൾ കമന്റുകൾ കൊണ്ട് പൊങ്കാല ഇട്ടത്.
എന്നാൽ ഇത്തവണ എല്ലാം മാപ്പ് അപേക്ഷയാണ്. ഷറപ്പോവയെ തിരിച്ചറിയാൻ വൈകിപ്പോയി എന്നാണ് മലയാളികളുടെ കരച്ചിൽ, സച്ചിനെയും.
കർഷക സമരത്തെ അനുകൂലിച്ച് പോസ്റ്റിട്ട രാജ്യാന്തര സെലിബ്രിറ്റികൾക്കെതിരെ സച്ചിൻ ടെണ്ടുൽക്കർ മറുപോസ്റ്റ് ഇട്ടിരുന്നു. കർഷക സമരത്തിനിടെ നിരവധിപേർ മരിച്ചിട്ടും കർഷകർ പലതവണ ആക്രമിക്കപ്പെട്ടിട്ടും മിണ്ടാത്ത സച്ചിൻ ഇപ്പോൾ കേന്ദ്ര സർക്കാരിന് അനുകൂലമായി ട്വീറ്റ് ചെയ്തത് കണ്ട് കട്ട കലിപ്പ് കയറിയ മല്ലൂസ് അങ്ങനെ ഒരുതവണകൂടി ഷറപ്പോവയുടെ ഫേസ്ബുക്ക് പേജിൽ എത്തി.
പോപ് സ്റ്റാർ റിഹാന കർഷകർക്ക് പിന്തുണ പ്രഖ്യാപിച്ചപ്പോഴാണ് ഒരേ പോലത്തെ ട്വീറ്റുകളുമായി സച്ചിൻ അടക്കമുള്ളവർ രംഗത്തെത്തിയത്. ഇതിൽ ക്രിക്കറ്റർമാരും ബോളിവുഡ് താരങ്ങളും ഉൾപ്പെടുന്നു. എല്ലാം ഒരേ മൂശയിൽ വാർത്ത ട്വീറ്റുകൾ. അല്ലെങ്കിൽ ഒരേ കല്ലിൽ ചുട്ടെടുത്ത ട്വീറ്റപ്പങ്ങൾ. ഇതോടെ അതുവരെ ദൈവമായി കണ്ട താരങ്ങൾക്കെതിരെ മലയാളികൾ തിരിഞ്ഞു. മലയാളികൾ ഏറ്റവുമധികം ശത്രുത പ്രഖ്യാപിച്ചത് ക്രിക്കറ്റ് ദൈവം സച്ചിൻ ടെൻഡുൽക്കറിനോട് തന്നെയാണ്. സച്ചിൻ ടെണ്ടുൽക്കർക്ക് വേണ്ടി മരിയ ഷറപ്പോവയുടെ ഫേസ്ബുക്ക് പേജിൽ പൊങ്കാലയിട്ടത്തിന്റെ കുറ്റബോധമാണ് ഷറപ്പോവയുടെ കമന്റ് ബോക്സിൽ എങ്ങും കാണുന്നത്.
തൃശ്ശൂരിൽ നിന്നുള്ള ഒരാൾ ഖേദം പ്രകടിപ്പിക്കുക മാത്രമല്ല കോവിഡ് കാലം കഴിഞ്ഞാൽ തൃശ്ശൂർ പൂരത്തിന് എത്താൻ ക്ഷണിക്കുകയും ചെയ്തു.
%എന്റെ പിഴ എന്റെ വലിയ പിഴ” എന്ന് ആവർത്തിച്ച് പോസ്റ്റിടുന്നവരുമുണ്ട്. “അയാം ദി സോറി അളിയാ “എന്നുപറഞ്ഞ ദോഹയിൽ ഇപ്പോഴുള്ള മലയാളി ഷറപ്പോവയ്ക്ക് ഷവർമയും കുഴിമന്തിയും വാഗ്ദാനം ചെയ്തു.
ചില കമന്റുകൾ ഇങ്ങനെയാണ്. ” മോള് ക്ഷമിക്കണം, സുനി ചേച്ചി ഒപ്പ് “. “പ്രിയ ഷറപോവ നിങ്ങളായിരുന്നു ശരി. ആ സച്ചിനുവേണ്ടി നിങ്ങളെ പൊങ്കാലയിട്ടതിൽ ഞങ്ങൾ ദുഃഖിക്കുന്നു. ഇന്ന് ആ ചങ്ങാതി സകല കർഷകരെയും തള്ളിപ്പറഞ്ഞു.”
” ഇന്നോട് മാപ്പാക്കണം പെങ്ങളെ. ഒരു മര വാഴയ്ക്ക് വേണ്ടി അന്നെ ഞമ്മൾ ഒരുപാട് വേദനിപ്പിച്ചു. പകരമായി താത്തയുടെ ഓരോ ഫോട്ടോയും ലൈക്കും ചെയ്ത് കിടുവെ എന്ന് കമന്റും ചെയ്യാം. ”
” കളിയും കാര്യവും തിരിച്ചറിയാനുള്ള വിവരമൊക്കെ മരിയ മോൾക്ക് ഉണ്ടെന്നറിയാം. എന്നാലും ക്ഷമ ചോദിക്കേണ്ടത് എന്റെ കടമ ആണല്ലോ. ചേട്ടൻ അന്ന് പറഞ്ഞതൊന്നും മോള് മനസ്സിൽ വയ്ക്കരുത്. ആ ദൈവം തെണ്ടി ചതിയൻ ആണെന്ന് മനസിലാക്കാൻ വൈകിപ്പോയി. “അങ്ങിനെ പോകുന്നു കമന്റുകൾ.