കുടുംബങ്ങൾക്കുള്ളിൽ തളയ്ക്കപ്പെട്ട ആരുമില്ലാത്തവർക്ക് സുരക്ഷിതമായ താവളങ്ങൾ ഉണ്ടാകേണ്ടതാണ്, ഇല്ലെങ്കിൽ അവർ ഇങ്ങനെ മരിച്ചും കൊല്ലപ്പെട്ടും തുടരും; വെെറലായി ഫെയ്സ്ബുക്ക് കുറിപ്പ്
ദുരൂഹമരണങ്ങൾ ഒരുപാട് ചർച്ചയാകുന്ന നാടാണ് കേരളം.സ്വഭാവികമെന്ന് പുറമെ തോന്നുന്ന ചില മരണങ്ങൾ പോലും എന്തെങ്കിലും ഒക്കെ ദുരൂഹതകൾ ഒളിപ്പിച്ചുവെച്ചിട്ടുണ്ടാകാം. വിദഗ്ദനായ ഒരു പോലീസ് ഊദ്യോഗസ്ഥന്റേയോ ഫോറൻസിക് സർജന്റേയോ പഴുതടച്ച അന്വേഷണത്തിലോ പരിശോധനയിലോ പലപ്പോഴും ഇത്തരം കേസുകളിലെ ദുരൂഹതകൾ പുറത്തുവരാറുണ്ട്. ഇപ്പോഴിതാ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാവുന്നത് വീണ ജെ.എസ് എന്ന വ്യക്തിയുടെ ഫെയ്സ്ബുക്ക് കുറിപ്പാണ്.
ഒരുപാട് നാൾ മുന്നേ ചെയ്ത ഒരു പോസ്റ്റ് മോർട്ടത്തെ കുറിച്ചാണ് കേട്ടോ….
വയസ്സായ ഒരപ്പൂപ്പൻ(എഴുപതിൽ കൂടും) വഴിയിൽ മരിച്ചു കിടക്കുന്നു. “കീശയിൽ ഹൃദ്രോഗത്തിനുള്ള മരുന്നുണ്ട്, ഹൃദയസ്തംഭനം ആകാം, വേറെ സംശയങ്ങൾ ഒന്നുമില്ല”
ആ ഒരു ആശ്വാസത്തിൽ അന്ന് ഡ്യൂട്ടിയിൽ ഒറ്റയ്ക്കുണ്ടായ ഞാനും ജോലി തുടർന്നു.
എന്നാൽ മൃതദേഹം കണ്ടപ്പോൾ മുതൽ എന്തൊക്കെയോ പന്തികേട്. എന്തായാലും കഴിഞ്ഞപ്പോഴേക്കും ഒട്ടും സ്വഭാവികമല്ലെന്നും മനസിലായി. ആളെ ശരീരികമായി കയ്യേറ്റം ചെയ്തതിന്റെ ലക്ഷണങ്ങൾ പോലീസിനോട് പറഞ്ഞു. അവർ അന്വേഷണം തുടങ്ങി.
പിന്നെ അറിയാൻ ആയത് ഇപ്രാരമാണ്. അറുപതുകളിൽ എത്തി നിൽക്കുന്ന ഒരു കൂട്ടുകാരി ഈ അപ്പൂപ്പനുണ്ട്. കൂട്ടുകാരിയുടെ ഭർത്താവ് വർഷങ്ങൾക്ക് മുന്നേ മരിച്ചു. അപ്പൂപ്പനും ഒറ്റയ്ക്കാണ്. ഭാര്യ മരിച്ചു. കുട്ടികൾ ഇല്ലാ. എല്ലാരോടും നല്ല മനുഷ്യൻ. അപ്പൂപ്പനും കൂട്ടുകാരിയും കുറച്ച് വർഷങ്ങളായി പരിചയത്തിൽ ആണ്. കൂട്ടുകാരിക്കൊരു മോനുണ്ട്. അയാൾ ജോലിക്കൊന്നും പോകുന്നില്ല. ആഴ്ചയിൽ ഒരു ദിവസം കടയിൽ പോകും. അന്ന് രാവിലെ പോയാൽ വൈകിയേ തിരിച്ചു വരൂ. ആഴ്ചയിലെ ആ ഒരൊറ്റ ദിവസം ആണ് കൂട്ടുകാരിക്ക് അപ്പൂപ്പനെ ഒന്നു കാണാൻ കിട്ടുന്നത്. അവർ തമ്മിൽ ബന്ധമുണ്ട്. എന്ത് ബന്ധമോ ആകട്ടെ. ഒറ്റപ്പെട്ടു ജീവിക്കുന്നവർക്ക് ഒന്ന് തൊടാൻ, കെട്ടിപ്പിടിക്കാൻ, മണക്കാൻ ആരെങ്കിലും ഇന്റിമേറ്റ് ആയി ഉണ്ടാകുക എന്നത് ഒരേപോലെ ശരീരികവും മാനസികവും അതിനപ്പുറവുമുള്ള വളരെ വിലപിടിപ്പുള്ള കാര്യമാണ്.
ഈയൊരു കാര്യം അറിയാത്ത, അറിഞ്ഞാലും മനസിലാക്കരുത് എന്ന് നടിക്കുന്ന കുടുംബത്തിൽജീവിക്കുന്ന ചില ചെകുത്താന്മാരാണ് ചുറ്റിലും ഉണ്ടായത്. അവർ കൂട്ടുകാരിയുടെ മോനെ കളിയാക്കാൻ തുടങ്ങി. മകനില്ലാത്ത നേരം അമ്മ കൊടുപ്പാണെന്നു വരെ സംസാരമായി. ഒടുക്കം അവൻ തക്കം പാർത്തിരുന്നു അയാളെ ഇടിച്ചൊടിക്കാൻ തീരുമാനിച്ചു. കൊല്ലണം എന്നുണ്ടായോ എന്തോ? ഞാൻ ചോദിക്കാൻ പോയില്ല. ഇടിയുടെ ഇടയിൽ ആകാം അപ്പൂപ്പന്റെ ഹൃദ്രോഗം മൂർച്ഛിച്ചു മരണവും നടന്നു.
മകൻ ഇപ്പോൾ എവിടെയാണോ എന്തോ. ആ അമ്മ മകനെയോ നാട്ടുകാരെയോ നേരെയൊന്നു നോക്കാൻപോലും പറ്റാത്ത അപമാനത്തിൽ ആത്മഹത്യ ചെയ്തോ എന്തോ? ജീവിച്ചിരിക്കുന്നെങ്കിൽ അവർ ഇനി ആരെ കെട്ടിപ്പിടിക്കും ആവോ? കെട്ടിപ്പിടിക്കുക ഉമ്മവെക്കുക തൊടുക എന്നതൊക്കെ അത്രമേൽ ഒരു മനുഷ്യന്റെ ആവശ്യം ആണെന്ന് ആ മകനും അവനെ തള്ളിവിട്ടവരും എന്ന് മനസിലാക്കും ആവോ.
മരിക്കുമ്പോൾ ഇതേകാര്യം ഓർത്ത് അയാൾ എത്രത്തോളം വിഷമിച്ചിട്ടുണ്ടാകും ആവോ. ഇനി ആ സ്ത്രീ ജീവിച്ചിരിപ്പുണ്ടെങ്കിൽ ഇതേകാര്യം പറഞ്ഞ് എത്രപേർ അവരുടെ കതകിൽ മുട്ടി ശല്യപ്പെടുത്തുന്നുണ്ടാകും ആവോ? അയാൾക്കും കൂട്ടുകാരിക്കും ഇല്ലാതെ ഇരുന്ന പെണ്മക്കളെ ഓർത്താണ് ആകെയുള്ള സമാധാനം.
ഇഷ്ടമുള്ളവരെ കെട്ടിപ്പിടിക്കാൻ കൂടെ കഴിയാൻ പാകം സുരക്ഷിതമായ താവളങ്ങൾ കുടുംബങ്ങൾക്കുള്ളിൽ തളയ്ക്കപ്പെട്ട ആരുമില്ലാത്തവർക്ക് ഉണ്ടാകേണ്ടതാണ്. ഇല്ലെങ്കിൽ അവർ ഇങ്ങനെ മരിച്ചും കൊല്ലപ്പെട്ടും തുടരും.