കോണ്‍ഗ്രസ് മുക്ത കേരളം എന്ന ലക്ഷ്യപ്രാപ്ത്തിക്കായി സിപിഎമ്മും ബിജെപിയും തമ്മില്‍ അപകടരമായ ധാരണ ഉണ്ടാക്കിയാണ് നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടുന്നതെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.അതിന് ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കണ്ണൂര്‍ ജില്ലാ പഞ്ചായത്തിലെ തില്ലങ്കേരി ഡിവിഷനിലെ തിരഞ്ഞെടുപ്പ് ഫലം.തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇതേ ധാരണ സംസ്ഥാന വ്യാപകമായി ഉണ്ടായിരുന്നു. ഇക്കാര്യം പലതവണ താന്‍ ചൂണ്ടിക്കാട്ടിയതാണെന്നും മുല്ലപ്പള്ളി പറഞ്ഞു.എന്റെ ബൂത്ത്,എന്റെ അഭിമാനം എന്ന ക്യാമ്പയിന്റെ ഭാഗമായി ബൂത്ത് കമ്മറ്റി പുനര്‍രൂപീകരണത്തോട് അനുബന്ധിച്ച് ചോമ്പാല ബൂത്തിന്റെ ചുമതല ഏറ്റെടുത്ത് സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് പ്രസംഗിക്കുക ആയിരുന്നു അദ്ദേഹം.
സിപിഎമ്മിനേയും ബിജെപിയേയും കൂട്ടിയിണക്കുന്ന പാലമായി കുറെക്കാലമായി പ്രവര്‍ത്തിക്കുന്നത് ആര്‍ എസ് എസ് നേതാവായ വത്സന്‍ തില്ലങ്കേരിയാണ്.അദ്ദേഹം ഒരു പ്രമുഖ മലയാള വാരികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഇക്കാര്യം തുറന്നു പറയുകയും ചെയ്തിരുന്നു. ബിജെപിയും സിപിഎമ്മും വത്സന്‍ തില്ലങ്കേരിയുടെ വെളിപ്പെടുത്തലിനെ ഇതുവരെ നിഷേധിച്ചിട്ടുമില്ല.അതേ ആര്‍ എസ് എസ് നേതാവിന്റെ ജന്മനാട്ടിലാണ് ബിജെപിയുടെ സഹായത്തോടെ സിപിഎം അട്ടിമറി വിജയം നേടിയത്. തില്ലങ്കേരി ഡിവിഷനില്‍ സിപിഎമ്മും ബിജെപിയും നടത്തിയ പരീക്ഷണം വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ പരീക്ഷിക്കാനാണ് നീക്കം.ഇത് കേരളത്തിലെ മതേതര വിശ്വാസികള്‍ തിരിച്ചറിയണമെന്നും അല്ലെങ്കില്‍ കനത്ത വില നല്‍കേണ്ടി വരുമെന്നും മുല്ലപ്പള്ളി പറഞ്ഞു.
യുഡിഎഫ് സ്ഥാനാര്‍ത്ഥി കഴിഞ്ഞ തവണ വിജയിച്ച തില്ലങ്കേരി ഡിവിഷനില്‍ സിപിഎമ്മാണ് ഇക്കുറി വിജയിച്ചത്. ഇത്തവണ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ സിപിഎം സ്ഥാനാര്‍ത്ഥിയുടെ ഭൂരിപക്ഷം വര്‍ധിക്കുകയും ബിജെപിയ്ക്ക് 2000 വോട്ടിന്റെ കുറവും ഉണ്ടായി.സിപിഎമ്മിന്റെ അട്ടിമറി വിജയവും ബിജെപിയുടെ വോട്ടു ചോര്‍ച്ചയും വ്യക്തമാക്കുന്നത് ഇരുവരും തമ്മിലുള്ള വോട്ട് തിരിമറിയാണെന്നും മുല്ലപ്പള്ളി പറഞ്ഞു.
ഭരണ നേട്ടങ്ങളുടെ പേരില്‍ വോട്ട് ചോദിക്കാന്‍ അര്‍ഹതയില്ല
ഭരണ നേട്ടങ്ങളുടെ പേരില്‍ ജനങ്ങളോട് വോട്ട് ചോദിക്കാന്‍ ഇടതു സര്‍ക്കാരിന് അര്‍ഹതയില്ല.ഗൃഹസന്ദര്‍ശനവുമായി ബന്ധപ്പെട്ട് സിപിഎം നേതാക്കള്‍ എത്തുമ്പോള്‍ ജനം പൊട്ടിത്തെറിക്കുകയാണ്.അതിന് ഉദാഹരണമാണ് ചെറുകഥയുടെ രാജശില്‍പ്പിയായ സാഹിത്യകാരന്‍ ടി.പത്മനാഭന്റെ പ്രതികരണം.
പ്രതിപക്ഷ നേതാക്കളെ തെരഞ്ഞുപിടിച്ച് അവരുടെ പ്രതിച്ഛായ തകര്‍ക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്.പലതവണ അന്വേഷിച്ച് കഴമ്പില്ലെന്ന കണ്ട് എഴുതി തള്ളിയതാണ് സോളാര്‍ക്കേസ്.ഒരു ഡിജിപിയും രണ്ട് എഡിജിപിമാരുടെയും നേതൃത്വത്തില്‍ മൂന്ന് ഉന്നത സംഘം അന്വേഷിച്ചിട്ടും യാതൊരു നടപടിയും സ്വീകരിക്കാനായില്ല. ഇത് ഇപ്പോള്‍ വീണ്ടും കുത്തിപ്പൊക്കുന്നത് വരാന്‍ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഎം പരാജയം ഭയക്കുന്നതിനാലാണ്.
സോളാര്‍ക്കേസിലെ പാരതിക്കാരിയെ വിവിധ തട്ടിപ്പുക്കേസുകളില്‍ കേരള പോലീസ് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരിക്കുമ്പോഴാണ് ഇവര്‍ പോലീസ് ആസ്ഥാനത്ത് എത്തി ഡിജിപിക്ക് നേരിട്ട് പരാതി നല്‍കുന്നത്.എന്നിട്ടും ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കാത്തത് നിയമവാഴ്ചയോടുള്ള വെല്ലുവിളിയായിട്ടെ കാണാന്‍ സാധിക്കൂയെന്നും മുല്ലപ്പള്ളി പറഞ്ഞു.
സര്‍ക്കാരിന് ഈ മാസം 20ന് ലഭിച്ച പരാതി ദ്രുതഗതിയിലാണ് സി ബി ഐക്ക് വിടുന്നത്.ഇത്രയും വേഗം ഒരു കേസ് കാബിനറ്റ് സിബി ഐയ്ക്ക് വിടുന്നത് ഇന്ത്യാ ചരിത്രത്തിലാദ്യമാണ്.നാളിതുവരെ സി ബി ഐയുടെ വിശ്വാസ്യത ചോദ്യം ചെയ്ത മുഖ്യമന്ത്രിക്കും സിപിഎമ്മിനും ഇപ്പോള്‍ അവരോട് വല്ലാത്ത സ്‌നേഹമാണ്.സിപിഎമ്മുകാര്‍ പ്രതികളായ ടിപി ചന്ദ്രശേഖരന്‍ വധം,ഷുഹൈബ് വധം,പെരിയ ഇരട്ടക്കൊല എന്നിവ സിബി ഐയ്ക്ക് വിടാതിരിക്കാന്‍ നികുതിദായകന്റെ കോടികള്‍ പൊടിച്ചാണ് ഡല്‍ഹിയില്‍ നിന്നും പ്രമുഖ അഭിഭാഷകരെ ഇറക്കി വാദിച്ചത്.ഇതിലൂടെ സര്‍ക്കാരിന്റെ ഇരട്ടത്താപ്പ് കേരള ജനത തിരിച്ചറിയുന്നുണ്ട്.നിയമസഭാ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിനെ സമ്മതിദായകര്‍ ജനകീയ കോടതിയില്‍ കുറ്റവിചാരണ ചെയ്യും എന്ന കാര്യത്തില്‍ സംശയമില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.
ബൂത്ത് പുന:സംഘടന പൂര്‍ത്തിയായി
എന്റെ ബൂത്ത്,എന്റെ അഭിമാനം എന്ന ക്യാമ്പയിന്റെ ഭാഗമായി സംസ്ഥാനത്തൊട്ടാകെ 25000 -ാം ബൂത്ത് കമ്മറ്റികളുടെ പുനര്‍രൂപീകരണം നടന്നു. കേണ്‍ഗ്രസിന്റെ സമുന്നത നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ അവരവരുടെ സ്വന്തം ബൂത്തിന്റെ ചുമതല ഏറ്റെടുത്തു.
കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ അദ്ദേഹത്തിന്റെ ബൂത്തായ ചോമ്പാലയില്‍ ചുമതല ഏറ്റെടുത്ത് കൊണ്ട് സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു.കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം ഉമ്മന്‍ചാണ്ടി പുതുപ്പള്ളിയിലെ 126-ാം നമ്പര്‍ അങ്ങാടി ബൂത്തിന്റെയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മണ്ണാറശാല 51-ാം നമ്പര്‍ ബൂത്തിന്റെയും ചുമതല ഏറ്റെടുത്തു.
എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ കണ്ണൂരിലും, കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റുമാരായ കെ സുധാകരന്‍ എംപി കണ്ണൂര്‍ അസംബ്ലിയിലെ 132-ാം ബുത്തിലും കൊടിക്കുന്നില്‍ സുരേഷ് എംപി കൊട്ടാരക്കര കിഴക്കേകര ബൂത്തിലും യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്‍ ജഗതി ബൂത്തിലും കെ മുരളീധരന്‍ എംപി വടകര നഗരസഭയിലെ കരിമ്പന ബൂത്തിന്റെയും ചുമതല ഏറ്റെടുത്തു.
പുതിയ കമ്മറ്റിയുടെ ലിസ്റ്റ് ഈ മാസം 30നകം കെ.പി.സി.സിക്ക് കൈമാറും.കോണ്‍ഗ്രസ് നേതാക്കളുടെ ഗൃഹസന്ദര്‍ശനത്തിന് 27 മുതല്‍ തുടക്കമായി.തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍,പുതിയ ഭാരവാഹികള്‍,മുതിര്‍ന്ന പാര്‍ട്ടി അംഗങ്ങള്‍,വിദ്യാഭ്യാസ രംഗത്ത് ഉള്‍പ്പെടെ ഉന്നത വിജയം നേടിയവര്‍ തുടങ്ങിയവരെ ബൂത്ത് സമ്മേളനത്തില്‍ ആദരിച്ചു.
കെപിസിസിയില്‍ റിപ്പബ്ലിക് ദിനാഘോഷം
റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി കെപിസിസി ആസ്ഥാനത്ത് കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് എംപി ദേശീയ പതാക ഉയര്‍ത്തി.തുടര്‍ന്ന് സേവാദള്‍ നല്‍കിയ ഗാര്‍ഡ് ഓഫ് ഹോണര്‍ സ്വീകരിച്ച ശേഷം റിപ്പബ്ലിക് ദിന സന്ദേശം നല്‍കി. കെപിസിസി വൈസ് പ്രസിഡന്റ് ശരത്ചന്ദ്ര പ്രസാദ്, ജനറല്‍ സെക്രട്ടറിമാരായ പാലോട് രവി,മണക്കാട് സുരേഷ്,ഡിസിസി പ്രസിഡന്റ് നെയ്യാറ്റിന്‍കര സനല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.