Lead NewsNEWS

ശശികല ജയില്‍മോചിതയായി

ണ്ണാ ഡിഎംകെ മുന്‍ ജനറല്‍ സെക്രട്ടറി ശശികല ജയില്‍മോചിതയായി. കോവിഡ് ബാധിച്ചതിനാല്‍ ഇപ്പോള്‍ ഇവര്‍ ബെംഗളൂരുവിലെ ആശുപത്രിയില്‍ ചികില്‍സയിലാണ് . ജയില്‍ അധികൃതര്‍ ആശുപത്രിയിലെത്തി രേഖകള്‍ കൈമാറി. കോവിഡ് നെഗറ്റീവ് ആയാല്‍ മാത്രമേ ശശികല ചെന്നൈയിലേക്ക് യാത്ര തിരിക്കൂ. നിലവില്‍ ആരോഗ്യനില തൃപ്തികരമാണെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്.

അനധികൃത സ്വത്തുസമ്പാദന കേസില്‍ നാലു വര്‍ഷത്തെ തടവുശിക്ഷ പൂര്‍ത്തിയാക്കിയാണ് ശശികല പുറത്തിറങ്ങിയത്. അനധികൃത സ്വത്ത് സമ്പാദന കേസുമായി ബന്ധപ്പെട്ടാണ് 63കാരിയായ ശശികല ജയിലിലായത്. ജയലളിത മുഖ്യമന്ത്രിയായിരുന്ന 1991- 96 കാലയളവിൽ 66.65 കോടി രൂപ അനധികൃതമായി സമ്പാദിച്ചുവെന്നാണ് കേസ്. 2017ലാണ് ശശികലയെയും കൂട്ടുപ്രതിയും അടുത്ത ബന്ധുവുമായ ജെ ഇളവരശിയെയും സഹോദരീപുത്രനായ വി എൻ സുധാകരനെയും കോടതി ശിക്ഷിച്ചത്.

Signature-ad

ജനുവരി 20നാണ് ശശികലയ്ക്ക് കോവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് ബോവ്റിങ് ആശുപത്രിയിലേക്കും പിന്നീട് വിക്ടോറിയ ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു. കോവിഡ് ലക്ഷണങ്ങൾ കുറഞ്ഞതിനെത്തുടർന്ന് ശശികലയെ കഴിഞ്ഞ ദിവസം തീവ്ര പരിചരണ വിഭാഗത്തിൽ നിന്നു വാർഡിലേക്ക് മാറ്റിയിരുന്നു.

അതേസമയം, ഇളവരശിയും കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് വിക്ടോറിയ ആശുപത്രിയിൽ ചികിത്സയിലാണ്. ഫെബ്രുവരി ആദ്യവാരമാകും ശിക്ഷാ കാലാവധി പൂർത്തിയാക്കി ഇളവരശി പുറത്തിറങ്ങുക. ശിക്ഷയുടെ ഭാഗമായി 10 കോടി രൂപ പിഴയൊടുക്കാത്തതിനാൽ വി എൻ സുധാകരന്റെ മോചനം വൈകും. ശശികലയുടെ സഹോദരീപുത്രനും ടി ടി വി ദിനകരന്റെ സഹോദരനുമാണ് സുധാകരൻ.

ചിന്നമ്മ എന്ന് വിളിക്കപ്പെടുന്ന ശശികല, ജയലളിതയുടെ മരണത്തെ തുടര്‍ന്ന് 2016 ഡിസംബറിലാണ് എ ഐ എ ഡി എം കെയുടെ നേതൃത്വം ഏറ്റെടുത്തത്. പിന്നീട് എടപ്പാടി കെ പളനിസ്വാമിയുടെ നേതൃത്വത്തിലുള്ള വിഭാഗം ശശികലയെ പുറത്താക്കി. മുന്‍ മുഖ്യമന്ത്രി അണ്ണാദുരൈയുടെ ജന്മദിനമായ ഫെബ്രുവരി മൂന്നിന് ചെന്നൈയില്‍ ശശികല എത്തുമെന്നാണ് വിവരം. ചെന്നൈയിലെത്തിയാല്‍ ആദ്യ നടപടി മറീനയിലെ ജയലളിത സ്മാരകം സന്ദര്‍ശനമായിരിക്കും.

Back to top button
error: