https://youtu.be/rR90UF7g8rI
ജനുവരിയും മാർച്ചും തമ്മിൽ രണ്ടുമാസത്തെ ദൂരമേയുള്ളൂ. എന്നാൽ 2006ഉം 2021ഉം തമ്മിൽ ഒന്നര പതിറ്റാണ്ടിന്റെ കാലയളവുണ്ട്. 2006 മാർച്ചിലാണ് ഉമ്മൻചാണ്ടി സർക്കാർ ലാവ്‌ലിൻ കേസ് സിബിഐക്ക് കൈമാറാൻ തീരുമാനിക്കുന്നത്.ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനെ ലക്ഷ്യം വച്ചായിരുന്നു അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ അധ്യക്ഷതയിൽ എടുത്ത തീരുമാനം.
2021 ജനുവരി 24നാണ് സോളാർ കേസ് സിബിഐക്ക് കൈമാറാൻ സർക്കാരിന്റെ ഉത്തരവുണ്ടാകുന്നത്. മുഖ്യമന്ത്രി പിണറായി വിജയന് സോളാർ കേസിലെ ഇര അയച്ച കത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. ഒരു തെരഞ്ഞെടുപ്പിന്റെ തൊട്ടടുത്ത് വെച്ചാണ് ലാവലിൻ കേസ് സിബിഐക്ക് കൈമാറാൻ ഉമ്മൻചാണ്ടി സർക്കാർ തീരുമാനിക്കുന്നത്. മറ്റൊരു തെരഞ്ഞെടുപ്പിന്റെ തൊട്ടടുത്ത് നിൽക്കുമ്പോഴാണ് പിണറായി വിജയൻ സർക്കാർ ഉമ്മൻ ചാണ്ടി ഉൾപ്പെട്ട സോളാർ കേസ് സിബിഐക്ക് വിടാൻ തീരുമാനിച്ചത് എന്നത് യാദൃശ്ചികമാകാൻ തരമില്ല.
ലാവലിൻ കേസ് സിബിഐയ്ക്ക് വിട്ടപ്പോൾ ഉമ്മൻചാണ്ടി ഒരിക്കലും ആലോചിച്ചിട്ടുണ്ടാവില്ല ഇങ്ങ് 15 വർഷത്തിനുശേഷം തനിക്കെതിരെയുള്ള ഒരു കേസ് സിബിഐ അന്വേഷിക്കാൻ ശുപാർശ ചെയ്യുമെന്ന്. യുഡിഎഫ് ഇതിനെ രാഷ്ട്രീയ വൈരം തീർക്കാൻ എന്ന് വിളിക്കുന്നുണ്ടാവും. യുഡിഎഫിലെ തെരഞ്ഞെടുപ്പ് മേൽനോട്ട സമിതി അധ്യക്ഷനാണ് ഉമ്മൻചാണ്ടി. യുഡിഎഫിനു വേണ്ടി തെരഞ്ഞെടുപ്പിന്റെ ചുക്കാൻ പിടിക്കുന്ന നേതാവ്. സർക്കാരിന്റെ വഴി സിബിഐയും സ്വീകരിച്ചാൽ ഈ തെരഞ്ഞെടുപ്പിലെ ഏറ്റവും വലിയ ചർച്ചാവിഷയങ്ങളിൽ ഒന്ന് സോളാർ കേസ് ആകും. കേസിന്റെ സംഭവവികാസങ്ങളിൽ വിശദീകരണം നൽകൽ ആകും ഉമ്മൻചാണ്ടിയുടെയും കോൺഗ്രസിന്റെയും പ്രധാനപ്പെട്ട ജോലി.
കേസിലെ മറ്റൊരു പ്രധാനി സംഘടന ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ ആണ്. രാഹുൽ ഗാന്ധിയുടെ വലംകൈ ആണ് കെ സി വേണുഗോപാൽ. ദേശീയതലത്തിൽ ബിജെപിക്ക് വീണു കിട്ടിയ വലിയ ഒരു വടി ആവുകയാണ് സോളാർ കേസ്. സിബിഐ ഏത് തലത്തിൽ ഇത് അന്വേഷിച്ചാലും ബിജെപിക്കെതിരെ ഈ കേസ് രാഷ്ട്രീയ വൈരം എന്ന് പറഞ്ഞ് ആക്ഷേപം ഉന്നയിക്കാൻ കോൺഗ്രസിനാവില്ല.
സോളാർ കേസുമായി ബന്ധപ്പെട്ട് പീഡന പരാതിയിൽ രാഷ്ട്രീയമില്ല എന്നാണ് പരാതിക്കാരിയുടെ ഭാഷ്യം പോലീസിന്റെ വീഴ്ച കൊണ്ടാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ടത്. സിബിഐ അന്വേഷിക്കേണ്ട കാര്യങ്ങൾ ഈ കേസിൽ ഉണ്ടെന്നും പരാതിക്കാരി ആവർത്തിക്കുന്നു. തന്നോട് മോശമായി പെരുമാറിയ എല്ലാവരും ഈ കേസിൽ വരുമെന്ന് പരാതിക്കാരി ആണയിടുന്നു.
ആറുപേർക്കെതിരെ ആണ് ഇപ്പോൾ കേസെടുത്തിട്ടുള്ളത്. അതാണ് സിബിഐക്ക് വിടാൻ ശുപാർശ ഉള്ളത്. കോൺഗ്രസ് നേതാക്കളായ ഉമ്മൻചാണ്ടി, കെ സി വേണുഗോപാൽ, അടൂർ പ്രകാശ്, ഹൈബി ഈഡൻ, എ പി അനിൽകുമാർ, ബിജെപി നേതാവ് എ പി അബ്ദുള്ളക്കുട്ടി എന്നിവർക്കെതിരെയാണ് പരാതി.
സിബിഐ ഈ കേസ് ഏറ്റെടുക്കുമോ എന്നാണ് ഇനി അറിയേണ്ടത്. ടൈറ്റാനിയം കേസിൽ കാണിച്ച മനോഭാവം ആകുമോ സോളാർ കേസിനോടും എന്നാണ് അറിയേണ്ടത്.