ഗെയിൽ പ്രകൃതിവാതക പൈപ്പുലൈൻ പദ്ധതിയുടെ മൂന്നാംഘട്ടം മാർച്ച് 15നകം കമീഷൻ ചെയ്യും
പാലക്കാട് കൂറ്റനാടുമുതൽ കോയമ്പത്തൂർ ഐഒസി സിറ്റി ഗേറ്റുവരെ നീളുന്ന പൈപ്പുലൈനിലാണ് (105 കിലോമീറ്റർ) ഗ്യാസ് നിറയ്‌ക്കുക. ഇന്ത്യൻ ഓയിൽ കോർപറേഷനുവേണ്ടിയാണ് ആദ്യം ഇന്ധനം നൽകുക. വാളയാറിനും കോയമ്പത്തൂരിനും മധ്യേ ദേശീയപാതയിലുള്ള പിച്ചന്നൂർ ടെർമിനലിലേക്ക് ഗ്യാസ് എത്തിക്കുകയാണ് ഗെയിൽ ചെയ്യുക. ഇതോടെ തൃശൂർ, പാലക്കാട് ജില്ലകളിലെ സിറ്റി ഗ്യാസ് പദ്ധതിക്ക് കൂടുതൽ വേഗം കൈവരും.
പൈപ്പുലൈനിന്റെ സുരക്ഷാപരിശോധനയുടെ ഭാഗമായ ഹൈഡ്രോ ടെസ്‌റ്റിങ് തിങ്കളാഴ്‌ച ആരംഭിക്കുമെന്ന് ഗെയിൽ ഇന്ത്യ ജനറൽ മാനേജർ പറഞ്ഞു. ഗ്യാസ് നിറയ്‌ക്കുന്നതിനേക്കാൾ 150 ശതമാനം അധികമർദത്തിൽ വെള്ളം നിറച്ചാണ് പരിശോധന. പൈപ്പുലൈൻ ജോയിന്റിലോ മറ്റോ തകരാറുണ്ടെങ്കിൽ കണ്ടെത്തുന്നതിനാണ് ഹൈഡ്രോ ടെസ്‌റ്റ്. തുടർന്ന് പൈപ്പുലൈനിൽനിന്നുള്ള വെള്ളം നീക്കി ഈർപ്പം കളയും. പിന്നീട് കംപ്രസർ ഉപയോഗിച്ച് പൈപ്പുലൈൻ ഉണക്കും. പൊടിവിമുക്തമാക്കാൻ വാക്യും ഡ്രൈയിങ്ങും നടത്തും. ഇലക്‌ട്രോണിക് ജോമെട്രി പിഗ്ഗിങ് ഉപയോഗിച്ച് കേടുപാട് പരിശോധിക്കും. ഇതിനുശേഷമാകും കമീഷനിങ്.