Lead NewsNEWS

സര്‍ക്കാരിന് കനത്ത തിരിച്ചടിയാകും: കെസി ജോസഫ്

സംസ്ഥാന സര്‍ക്കാര്‍ 5 വര്‍ഷം സോളാര്‍ കേസില്‍ അടയിരുന്നിട്ട് നിയമസഭാ തെരെഞ്ഞെടുപ്പ് അടുത്തപ്പോഴാണ് ഈ കേസ് സിബിഐക്കു വിടാന്‍ ശിപാര്‍ശ ചെയ്തതെന്ന് കെസി ജോസഫ് എംഎല്‍എ. ഇതു തികച്ചും രാഷ്ട്രീയപ്രേരിതമാണ്. പിണറായി സര്‍ക്കാരിന് ഇതു കനത്ത തിരിച്ചടി ഉണ്ടാക്കും.

ഡിജിപി രാജേഷ് ദിവാന്‍, എഡിജിപിമാരായ അനില്‍കാന്ത്, ഷെയ്ഖ് ദര്‍വേഷ് സാഹിബ് എന്നിവരുടെ നേതൃത്വത്തില്‍ മൂന്ന് ഉന്നത സംഘം അന്വേഷിച്ചിട്ടും യാതൊരു നടപടിയും സ്വീകരിക്കാനായില്ല. സംസ്ഥാന ആഭ്യന്തര വകുപ്പിന് കേസുമായി മുന്നോട്ടുപോകാനാവില്ലെന്നു വ്യക്തമായപ്പോഴാണ് പരാതിക്കാരിയെ വിളിച്ചുവരുത്തി പരാതി എഴുതിവാങ്ങി കേസ് സിബിഐക്കു വിടാന്‍ ശിപാര്‍ശ ചെയ്തത്. ഇതു തെരഞ്ഞെടുപ്പ് പരാജയഭീതി മൂലമാണ്. സര്‍ക്കാരിന്റെ അതീവ ഗുരുതരമായ വീഴ്ചകള്‍ ഇതിലൂടെ മറച്ചുപിടിക്കാനാണ് ശ്രമിക്കുന്നത്.

Signature-ad

ലൈഫ് മിഷന്‍ കോഴയിടപാടും പെരിയ ഇരട്ടക്കൊലപാതകവും മട്ടന്നൂര്‍ ഷുഹൈബ് വധക്കേസും സിബിഐ അന്വേഷിക്കാതിരിക്കാന്‍ കോടികള്‍ ചെലവഴിക്കുകയും സിബിഐ അന്വേഷണത്തിനെതിരേ നിയമം പാസാക്കുകയും ചെയ്തവരാണ് ഇപ്പോള്‍ സിബിഐയുടെ പിറകെ പോകുന്നത്.

സോളാര്‍ കേസില്‍ ഹൈക്കോടതിയില്‍ നിന്ന് നേരത്തെ രൂക്ഷമായ വിമര്‍ശനം ഉണ്ടായതാണ്. സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ നിന്ന് പരാതിക്കാരിയുടെ കത്തുവരെ ഹൈക്കോടതി നീക്കം ചെയ്തു. സുപ്രീംകോടതി റിട്ട ജഡ്ജ് ജസ്റ്റിസ് ഹരിജിത് പസായത്തില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ നിയമോപദേശം തേടിയപ്പോള്‍ കേസുമായി മുന്നോട്ടുപോകാനാവില്ലെന്നായിരുന്നു മറുപടിയെന്ന് കെസി ജോസഫ് ചൂണ്ടിക്കാട്ടി.

Back to top button
error: