സോഷ്യല്‍ മീഡിയ ആപ്പായ ഫെയ്‌സ്ബുക്ക് ഡേറ്റ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് യുഎയുകെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പൊളിറ്റിക്കല്‍ അനലിറ്റിക്‌സ് കമ്പനി കേംബ്രിജ് അനലിറ്റക്കയ്‌ക്കെതിരെ സിബിഐ കേസെടുത്തു.
ഇന്ത്യയിലെ 5.6 ലക്ഷത്തോളം വരുന്ന ഫെയ്‌സ്ബുക് ഉപഭോക്താക്കളുടെ വിവരങ്ങള്‍ അനധികൃതമായി ചോര്‍ത്തിയെന്ന് ആരോപണത്തിലാണ് കേസ്. കേംബ്രിജ് അനലിറ്റക്കയ്ക്കു പുറമേ ഗ്ലോബല്‍ സയന്‍സ് റിസര്‍ച്ച് എന്ന കമ്പനിക്കെതിരെയും നടപടിയെടുത്തെന്നാണ് പുറത്ത് വരുന്ന വിവരം.
2018 മാര്‍ച്ചിലാണ് 50 ദശലക്ഷത്തോളം വരുന്ന ആളുകളുടെ സ്വകാര്യവിവരങ്ങള്‍ അവരുടെ സമ്മതമില്ലാതെ കൈക്കലാക്കി എന്ന ഞെട്ടിപ്പിക്കുന്ന വിവരം മുന്‍ കേംബ്രിജ് അനലറ്റിക ഉദ്യോഗസ്ഥര്‍ക്കും അവര്‍ ശേഖരിച്ച രേഖകള്‍ക്കുമെതിരെ
പുറത്തുവന്നത്.
സംഭവത്തില്‍ സിബിഐ അന്വഷണം ഉണ്ടാകുമെന്ന് 2018ല്‍ അന്നത്തെ കേന്ദ്ര ഐടി മന്ത്രിയായ രവിശങ്കര്‍ പ്രസാദ് പാര്‍ലമെന്റില്‍ അറിയിച്ചിരുന്നു. കേംബ്രിജ് അനലിറ്റിക്കയും ഗ്ലോബല്‍ സയന്‍സ് റിസര്‍ച്ചും ഗുരുതരമായ കുറ്റം ചെയ്തിട്ടുണ്ടെന്നാണ് സിബിഐയുടെ പ്രഥാമിക അന്വേഷണത്തില്‍ തെളിഞ്ഞത്. തുടര്‍ന്നാണ് ക്രിമിനല്‍ ഗൂഢാലോചന, സൈബര്‍ കുറ്റകൃത്യം എന്നിവ ചുമത്തി രണ്ടു കമ്പനികള്‍ക്കെതിരെയും കേസെടുത്തിരിക്കുന്നത്.