ഏറെ വിവാദങ്ങൾ സൃഷ്ടിച്ച അഭയ കൊലക്കേസിന്റെ വിധി കഴിഞ്ഞിടെയാണ് പറഞ്ഞത്. പ്രതികളായ വൈദികനും സിസ്റ്ററിനും കൃത്യമായ ശിക്ഷയാണ് ലഭിച്ചതെന്നാണ് പൊതുജനാഭിപ്രായം. സിസ്റ്റർ അഭയയ്ക്ക് നീതി വാങ്ങിക്കൊടുക്കുവാൻ പോരാടിയ ആക്ഷൻ കൗൺസിൽ കണ്‍വീനര്‍ ജോമോൻ പുത്തൻപുരയ്ക്കലിനേയും കേസിലെ സാക്ഷിയായ രാജുവിനേയും പ്രശംസിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്.
എന്നാൽ ഇപ്പോൾ അഭയാ കേസിൽ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയ പ്രതികളെ രക്ഷിക്കുവാനായി വൈദികൻ മാത്യു നായ്ക്കംപറമ്പിൽ ശ്രമിക്കുന്നതായി അഭയ കേസ് ആക്ഷൻ കൗൺസിൽ കൺവീനർ ജോമോൻ പുത്തൻപുരയ്ക്കൽ ആരോപിക്കുന്നു. കുർബാനക്ക് ഇടയിൽ പ്രതികളെ ന്യായീകരിക്കും വിധം പ്രതികരണം നടത്തിയത് ഈ നാട്ടിലെ നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്ന് ജോമോൻ പുത്തൻപുരയ്ക്കൽ പറഞ്ഞു. സംഭവത്തിൽ ഡിജിപിക്ക് പരാതി നൽകുന്നതിനെപ്പറ്റി ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.