രാജ്യത്തെ ഏറ്റവും മികച്ച ചിത്രങ്ങളെയും ചലച്ചിത്ര പ്രതിഭകളെയും നിർണയിക്കുന്ന ദേശീയ ചലച്ചിത്ര പുരസ്കാരം മാർച്ചിൽ പ്രഖ്യാപിക്കുമെന്ന് സൂചന. കേരളത്തിന് പ്രതീക്ഷയേകി 17 ചിത്രങ്ങളാണ് അവസാന റൗണ്ടിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.
ആവേശത്തോടെയാണ് മലയാള ചലച്ചിത്ര പ്രവർത്തകരും ചലച്ചിത്ര പ്രേമികളും ദേശീയ ചലച്ചിത്ര പുരസ്കാരത്തെ നോക്കിക്കാണുന്നത്. അവസാന റൗണ്ടിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങളിൽ പ്രിയദർശൻ സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം മരയ്ക്കാർ ഉൾപ്പെടെ വലിയ ചിത്രങ്ങളുണ്ട്. മലയാള ചിത്രങ്ങളായ സമീർ, വാസന്തി, കുമ്പളങ്ങി നൈറ്റ്സ്, ഇഷ്ക്ക്, വൈറസ്, ജെല്ലിക്കെട്ട്, മൂത്തൊൻ തുടങ്ങിയ ചിത്രങ്ങൾ അന്തിമ റൗണ്ടിൽ എത്തിയിട്ടുണ്ട്.
സംസ്ഥാന ചലച്ചിത്ര പുരസ്കാര പ്രഖ്യാപന വേളയിൽ വേണ്ട വിധം പരിഗണിക്കാതെ പോയെന്ന് അഭിപ്രായമുള്ള പ്രിയദർശൻ ചിത്രമായ മരയ്ക്കാർ അറബിക്കടലിന്റെ സിംഹത്തിന് മികച്ച ചിത്രം, മികച്ച സംവിധായകന്‍, മികച്ച കലാസംവിധാനം, മികച്ച വസ്ത്രാലങ്കാരം, തുടങ്ങിയ വിഭാഗങ്ങളിൽ പരിഗണിക്കപ്പെടും എന്നാണ് സൂചന. വിവിധ ഭാഷകളില്‍ നിന്നും ഏറ്റവും മികച്ച ചിത്രങ്ങളാണ് ദേശീയ ചലച്ചിത്ര പുരസ്കാരം വേദിയിലേക്ക് എത്തിയിരിക്കുന്നത്.
അതുകൊണ്ടുതന്നെ മലയാള ചിത്രങ്ങൾക്ക് ഇത്തവണ കടുത്ത മത്സരം ഉണ്ടാവാൻ സാധ്യതയുണ്ട്. മികച്ച നടന്മാരുടെ പട്ടികയിൽ തമിഴ് താരം പാർത്ഥിപനും ഇത്തവണ പരിഗണനയിലുണ്ട്. വിവിധ ഭാഷകളിൽ നിന്നായി നൂറിലേറെ സിനിമകളാണ് അവസാന റൗണ്ടിലേക്ക് എത്തിയിരിക്കുന്നത്. ഈ ചിത്രങ്ങളെല്ലാം അടുത്ത മാസം തന്നെ ജൂറി കാണുവാൻ ആരംഭിക്കും. 5 പ്രാദേശിക ജൂറികളാണ് ആദ്യഘട്ടത്തിൽ സിനിമ കണ്ട് അവസാന റൗണ്ടിലേക്കായി തിരഞ്ഞെടുത്ത് സമർപ്പിച്ചത്.