മകളെ ബംഗളൂരുവിൽ കോളേജിൽ ചേർത്തു മടങ്ങിയ പിതാവിന് ട്രെയിനിൽ നിന്ന് വീണ് ദാരുണാന്ത്യം
മകളെ ബംഗളൂരുവിലെ കോളേജിൽ ചേർത്തശേഷം മടങ്ങിയ പിതാവ് ട്രെയിനിൽ നിന്ന് വീണ് മരിച്ചു. തലവടി കുറവൻ പറമ്പിൽ 48 കാരനായ സുരേഷ് ആണ് മരിച്ചത്.
ട്രെയിൻ യാത്രക്കിടെ സുരേഷിനെ കാണാതാവുകയായിരുന്നു.തുടർന്ന് ഭാര്യ പരാതി നൽകി. ഇതിനിടെ കർണാടകയിലെ കുപ്പത്തിനും മുളകാർപ്പേട്ടക്കുമിടയിൽ കണ്ടെത്തിയ മൃതദേഹം സുരേഷിന്റേതാണെന്ന് തിരിച്ചറിയുകയായിരുന്നു.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് സുരേഷും കുടുംബവും സമീപവാസികളായ രണ്ടുപേരും അവരുടെ മക്കളും ചേർന്ന് ബംഗളൂരുവിലെ നേഴ്സിങ് കോളേജിൽ പ്രവേശനത്തിനു പോയത്. ബുധനാഴ്ച കുട്ടികളെ ചേർത്ത ശേഷം തിരികെ നാട്ടിലേക്ക് വരാൻ കെ ആർ പുരം റെയിൽവേ സ്റ്റേഷനിൽ നിന്ന് ട്രെയിൻ കയറി. എല്ലാവരും ആഹാരം കഴിച്ചതിനുശേഷം ഉറങ്ങി. എന്നാൽ രാത്രി പതിനൊന്നരയോടെ കൂടി ഭാര്യ ആനി ഉണർന്നപ്പോൾ സുരേഷിനെ കാണാനില്ലായിരുന്നു. ടി ടി ആറിനെ വിവരമറിയിക്കാൻ ശ്രമിച്ചെങ്കിലും ഭാഷ പ്രശ്നമായി. തുടർന്ന് നാട്ടിലെത്തി തിരുവല്ലയിലും പിന്നീട് കോട്ടയത്തും റെയിൽവേ പോലീസിൽ പരാതി നൽകുകയായിരുന്നു.