Lead NewsNEWS

മഹാമാരി,സാമ്പത്തികമാന്ദ്യം, പ്രക്ഷോഭം, എന്നിട്ടും മോഡിയെ വെല്ലാൻ ഇന്ത്യയിൽ ഒരു നേതാവില്ല, ഇന്ത്യ ടുഡേ മൂഡ് ഓഫ് ദ നാഷൻ സർവെ ഫലം ഇങ്ങനെ

കോവിഡ് മഹാമാരി പ്രധാനമന്ത്രി നരേന്ദ്രമോഡി മികച്ച രീതിയിൽ കൈകാര്യം ചെയ്തുവെന്ന് ഭൂരിഭാഗം ജനങ്ങളും വിശ്വസിക്കുന്നു. ഇപ്പോൾ തെരഞ്ഞെടുപ്പ് നടന്നാൽ പ്രധാനമന്ത്രി നരേന്ദ്രമോഡി നേതൃത്വം നൽകുന്ന ബിജെപി വീണ്ടും അധികാരത്തിൽ വരുമെന്ന് 2021 ജനുവരിയിൽ നടന്ന ഇന്ത്യ ടുഡേ മൂഡ് ഓഫ് ദ നാഷൻ സർവേ പ്രവചിക്കുന്നു.

19 സംസ്ഥാനങ്ങളിലെ 97 ലോക്സഭാ മണ്ഡലങ്ങളിലും 194 നിയമസഭാ മണ്ഡലങ്ങളിലും ആണ് സർവേ നടത്തിയത്. 12,232 പേരെ അഭിമുഖം നടത്തി. ജനുവരി 3നും ജനുവരി 13നും ഇടക്കായിരുന്നു സർവ്വേ.

Signature-ad

കോവിഡിനെ തടയുന്നതിൽ പ്രധാനമന്ത്രി നരേന്ദ്രമോഡി നടത്തുന്ന പ്രവർത്തനങ്ങളിൽ 74 %പേർ സംതൃപ്തരാണ് എന്നാണ് സർവ്വേ ചൂണ്ടിക്കാട്ടുന്നത്. ഇതിൽ 23% പേർ മികച്ചത് എന്ന് പറയുമ്പോൾ 50 ശതമാനം പേർ നല്ലത് എന്ന അഭിപ്രായം രേഖപ്പെടുത്തുന്നു. 66% പേർ എൻഡിഎ സർക്കാരിന്റെ പ്രവർത്തനങ്ങളിൽ തൃപ്തരാണ്.

മന്ത്രിമാരിൽ മികച്ച രീതിയിൽ പ്രവർത്തനം നടത്തുന്ന മന്ത്രി എന്ന് വിളിക്കപ്പെട്ടത് ആഭ്യന്തരമന്ത്രി അമിത് ഷായാണ്. 39 ശതമാനം പേർ അമിത്ഷായെ പിന്തുണച്ചു. രണ്ടാം സ്ഥാനത്ത് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗും മൂന്നാം സ്ഥാനത്ത് ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയുമാണ് ഉള്ളത്.

സർക്കാരിന്റെ നേട്ടങ്ങളിൽ മുമ്പിൽ എന്ന് വിലയിരുത്തപ്പെട്ടത് രാമക്ഷേത്ര നിർമ്മാണവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് എന്നതാണ് കൗതുകകരം. രണ്ടാം സ്ഥാനത്തുള്ളത് കശ്മീർ വിഷയം ആണ്. മൂന്നാംസ്ഥാനത്താണ് കോവിഡ് വരുന്നത്.

സർക്കാർ പരാജയങ്ങളുടെ പട്ടികയിൽ മുമ്പിൽ വരുന്നത് തൊഴിലില്ലായ്മയാണ്. വിലക്കയറ്റമാണ് രണ്ടാമത്തേത്. കറൻസി നിരോധനവും കാർഷിക പ്രതിസന്ധിയും മൂന്നും നാലും സ്ഥാനത്തു വരുന്നു.

ഇന്ന് തെരഞ്ഞെടുപ്പ് നടക്കുകയാണെങ്കിൽ ബിജെപി 291 സീറ്റുകൾ നേടി അധികാരത്തിൽ വരുമെന്ന് സർവേ പ്രവചിക്കുന്നു. 2019ൽ ബിജെപി നേടിയത് 303 സീറ്റാണ്. കോൺഗ്രസിന്റെ സംഖ്യയിൽ വലിയ വ്യത്യാസം വരുന്നില്ല.

എൻ ഡി എയുടെ മൊത്തം പ്രകടനം വിലയിരുത്തുമ്പോൾ 321 സീറ്റുകൾ നേടുമെന്നാണ് പ്രവചനം. 2019 ലെ തിരഞ്ഞെടുപ്പിൽ 353 സീറ്റുകളാണ് എൻഡിഎ നേടിയത്.

വോട്ട് ശതമാനത്തിന്റെ കണക്കെടുക്കുകയാണെങ്കിൽ എൻഡിഎ 43 ശതമാനം വോട്ട് നേടുമെന്ന് സർവേ ചൂണ്ടിക്കാട്ടുന്നു. 2019ൽ എൻഡിഎയുടെ വോട്ടോഹരി 45% ആയിരുന്നു.

Back to top button
error: