പോലീസ് വേഷത്തിലെത്തിയ മോഷണസംഘം ജ്വല്ലറി ഉടമയുടെ കയ്യിൽ നിന്നും 76 ലക്ഷം രൂപ തട്ടിയെടുത്തു. നിരവധി സിനിമകളില്‍ കണ്ടുമറന്ന രംഗമാണെങ്കിലും പക്ഷേ ഇപ്പോൾ ഇത് സംഭവിച്ചിരിക്കുന്നത് നെയ്യാറ്റിൻകരയിൽ ആണ്. എന്നാൽ യഥാർത്ഥ പോലീസിൻറെ സമയോചിതമായ ഇടപെടൽ കൊണ്ട് പ്രതികളെ കസ്റ്റഡിയിൽ എടുത്തു. തമിഴ്നാട്ടിൽ സ്വർണം വിറ്റ ശേഷം പണവുമായി മടങ്ങിവന്ന നെയ്യാറ്റിൻകരയിലെ ജ്വല്ലറി ഉടമയുടെ കയ്യിൽ നിന്നും 76 ലക്ഷം രൂപ പോലീസ് യൂണിഫോമിൽ എത്തി വാഹനം തടഞ്ഞ് തട്ടിയെടുക്കുകയായിരുന്നു. സംഭവത്തില്‍ ജ്വലറിയിലെ ജീവനക്കാരൻ അടക്കം അഞ്ചു പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
കുറ്റിയാനിക്കാട് സ്വദേശി സജിന്‍ കുമാര്‍, പെരുങ്കടവിള സ്വദേശി രാജേഷ് കുമാർ, ആനാവൂർ പാലിയോട് സ്വദേശി സുരേഷ് കുമാർ, നെയ്യാറ്റിൻകര മാവിറത്തല സ്വദേശി കണ്ണൻ, ജ്വല്ലറി ഉടമയുടെ കാറോടിച്ചിരുന്ന മാവിലത്തറ സ്വദേശി ഗോപകുമാർ എന്നിവരാണ് പിടിയിലായത്.
നാഗര്‍കോവിലില്‍ നിന്നുംപണവുമായി മടങ്ങുകയായിരുന്ന ജ്വല്ലറി ജീവനക്കാരനെ പോലീസ് വേഷത്തില്‍ പിന്തുടർന്നെത്തിയ സംഘം വാഹനം തടഞ്ഞ് പണം വാങ്ങുകയായിരുന്നു. ഫോണ്‍ കോളുകള്‍, വില്ലുകുറി മുതൽ നെയ്യാറ്റിൻകര വരെയുള്ള സിസിടിവി ദൃശ്യങ്ങൾ എന്നിവ പരിശോധിച്ചാണ് പോലീസ് പ്രതികളെ പിടികൂടിയത്.