NEWS

ഭർത്താവില്ലാത്തവർക്ക് നൽകുന്ന ധനസഹായം മുടങ്ങിയിട്ട് 6 വർഷം: കേന്ദ്ര സർക്കാരിനെ  ഉടൻ അറിയിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ 

തിരുവനന്തപുരം: ഭർത്താവില്ലാത്ത ആലംബഹീനർക്ക് കേന്ദ്ര സർക്കാർ നൽകുന്ന ദേശീയ കുടുംബക്ഷേമ നിധി അനുസരിച്ചുള്ള ധനസഹായം  2014 മേയ് മുതൽ മുടങ്ങികിടക്കുകയാണെന്ന യാഥാർത്ഥ്യം   കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽ അടിയന്തിരമായി കൊണ്ടുവരണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ.

നിർദ്ധനരായ വിധവകൾക്ക് നൽകുന്ന ധനസഹായം കേന്ദ്ര സർക്കാരിൽ നിന്നുള്ള ഫണ്ടിന്റെ അപര്യാപ്തത കാരണം  മുടങ്ങിയത്  അത്യന്തം ഖേദകരവും ഗൗരവാർഹവുമാണെന്ന്  കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്  ഉത്തരവിൽ  പറഞ്ഞു. ലാന്റ് റവന്യു കമ്മീഷണർക്കാണ് ഉത്തരവ് നൽകിയത്. 

2014 ഒക്ടോബർ 14 ന് അപേക്ഷ നൽകിയ കോലിയക്കോട് സ്വദേശിനി ടി. ലീലാമ്മയുടെ പരാതിയിലാണ് ഉത്തരവ്. 2014 ൽ പരാതിക്കാരിയുടെ ഭർത്താവ് മരിച്ചപ്പോഴാണ് ധനസഹായത്തിനായി അപേക്ഷ നൽകിയത്.

തിരുവനന്തപുരം ജില്ലാ കളക്ടർ ധനസഹായം അനുവദിച്ചു  കൊണ്ട് 2016 ജനുവരി 26 ന് ഉത്തരവായിട്ടുള്ളതാണെന്ന് തഹസിൽദാർ കമ്മീഷനെ അറിയിച്ചു. എന്നാൽ നൽകാൻ പണമില്ല. 2014 മേയ് വരെയുള്ള അപേക്ഷകൾക്ക് മാത്രമാണ് ധനസഹായം നൽകിയിട്ടുള്ളതെന്നും റിപ്പോർട്ടിൽ പറയുന്നു. ഫണ്ട് അനുവദിച്ചാൽ മുൻഗണന പ്രകാരം സഹായം വിതരണം ചെയ്യുമെന്നും റിപ്പോർട്ടിൽ പറയുന്നു. 

Back to top button
error: