അങ്കമാലി ഡയറീസ് എന്ന ഒറ്റ ചിത്രം കൊണ്ട് മലയാളക്കരയിൽ തന്റേതായ സ്ഥാനം നേടിയ താരമാണ് ആൻറണി വർഗീസ് എന്ന പെപ്പേ. ഇതുവരെ അഭിനയിച്ചിരിക്കുന്നത് ആകെ മൂന്നു ചിത്രങ്ങളിൽ മാത്രമാണെങ്കിലും പ്രേക്ഷകർക്കിടയിൽ താരത്തിന് വലിയ സ്വീകാര്യതയുണ്ട്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജെല്ലിക്കെട്ട് എന്ന ചിത്രത്തിലൂടെ ഓസ്കാർ വേദിയിൽ വരെ എത്താൻ താരത്തിന് ആയിട്ടുണ്ട്.
ആന്റണി വര്‍ഗീസിനെ നായകനാക്കി ടിനു പാപ്പച്ചൻ സംവിധാനം ചെയ്ത സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ എന്ന ചിത്രത്തിന് വലിയ തരത്തിലുള്ള പ്രേക്ഷക പിന്തുണയും സ്വീകാര്യതയും ആണ് ലഭിച്ചത്. സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ എന്ന ചിത്രത്തിനുശേഷം ടിനു പാപ്പച്ചനും ആൻറണി വർഗീസും ഒരുമിക്കുന്ന ചിത്രമാണ് അജഗജാന്തരം. പേരിലെ പുതുമ കൊണ്ട് തന്നെ ചിത്രം നേരത്തെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഒരു ഉത്സവ പറമ്പിലേക്ക് ആനയുമായി എത്തുന്ന പാപ്പാനും തുടർന്ന് 24 മണിക്കൂറിനുള്ളിൽ അവിടെ നടക്കുന്ന ആകാംക്ഷ നിറഞ്ഞ സംഭവങ്ങളെക്കുറിച്ചും ആണ് ചിത്രം സംവദിക്കുന്നത്. അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ തന്നെ അഭിനയ രംഗത്തേക്ക് കടന്നുവന്ന കിച്ചു ടെല്ലസ്, വിനീത് വിശ്വം എന്നിവരാണ് അജഗജാന്തരം എന്ന സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
ആൻറണി വർഗീസ്നൊപ്പം അര്‍ജുന്‍ അശോകനും ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ചെമ്പൻ വിനോദ് ജോസ്, ജാഫർ ഇടുക്കി, രാജേഷ് ശർമ, സാബുമോൻ, ടിറ്റോ വിൽസൺ, ശ്രീരഞ്ജിനി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. ജിന്റോ ജോർജ് ഛായാഗ്രഹണവും ഷമീർ മുഹമ്മദ് എഡിറ്റിങ്ങും നിർവഹിക്കുന്നു. ജസ്റ്റിന്‍ വര്‍ഗീസ് സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന് രംഗനാഥ് രവിയാണ് സൗണ്ട് ഡിസൈൻ ചെയ്തിരിക്കുന്നത്.ഗോകുൽദാസ് ആര്‍ട്ട് ഡയറക്ടറായും മഷർ ഹംസ വസ്ത്രാലങ്കാരവും കൈകാര്യം ചെയ്തിരിക്കുന്നു.