തദ്ദേശഭരണ തെരഞ്ഞെടുപ്പിൽ 35 മണ്ഡലങ്ങളിൽ ബിജെപി നേട്ടമുണ്ടാക്കിയത് സിപിഎം പഠിക്കുന്നു. 35 മണ്ഡലങ്ങളിൽ ജയപരാജയങ്ങൾ ബിജെപിക്ക് നിർണയിക്കാൻ ആകുമെന്നാണ് വിലയിരുത്തൽ.
തദ്ദേശഭരണ തെരഞ്ഞെടുപ്പിൽ 35 നിയമസഭാ മണ്ഡലങ്ങളിൽ ബിജെപി 20 ശതമാനമോ അതിലധികമോ വോട്ട് നേടിയതാണ് സിപിഎം പഠിക്കുന്നത്. ഈ മണ്ഡലങ്ങളിൽ കൂടുതൽ ജാഗ്രത പുലർത്താൻ പാർട്ടി തീരുമാനിച്ചിരിക്കുകയാണ്. ബിജെപി ലക്ഷ്യമിടുന്നത് സംസ്ഥാനത്താകെ 20 ശതമാനം വോട്ടാണ്.
നേമം, വട്ടിയൂർക്കാവ്, കഴക്കൂട്ടം, തിരുവനന്തപുരം, കാട്ടാക്കട, പാറശ്ശാല, കോവളം, നെടുമങ്ങാട്, ആറ്റിങ്ങൽ, ചിറയിൻകീഴ്, അരുവിക്കര,കരുനാഗപ്പള്ളി, കുണ്ടറ, ചാത്തന്നൂർ,ഇരവിപുരം, കുന്നത്തൂർ, കൊട്ടാരക്കര,തൃശ്ശൂർ,മണലൂർ, കുന്നംകുളം, ഇരിങ്ങാലക്കുട,കൊടുങ്ങല്ലൂർ, പുതുക്കാട്, നാട്ടിക,പാലക്കാട്,മലമ്പുഴ, ചേലക്കര, ഒറ്റപ്പാലം, ഷൊർണ്ണൂർ,നെന്മാറ, കുന്നമംഗലം, കോഴിക്കോട് നോർത്ത്, ഉദുമ, മഞ്ചേശ്വരം, കാസർകോട് എന്നീ മണ്ഡലങ്ങളിലാണ് ബിജെപി മുന്നേറ്റം ഉണ്ടാക്കിയത്.
നേമത്ത് ഇപ്പോൾ ബിജെപിയുടെ ഒ രാജഗോപാലാണ് എംഎൽഎ. വട്ടിയൂർക്കാവിലും കഴക്കൂട്ടത്തും ചാത്തന്നൂരും മലമ്പുഴയിലും പത്തനംതിട്ടയിലും മഞ്ചേശ്വരത്തും കാസർകോട്ടും ബിജെപി കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ രണ്ടാംസ്ഥാനത്ത് എത്തുകയുണ്ടായി. കാട്ടാക്കടയിലും തിരുവനന്തപുരത്തും രണ്ടാം സ്ഥാനത്തിന്റെ തൊട്ടടുത്തെത്തി. തിരുവന്തപുരം ജില്ലയിൽ 14 സീറ്റിൽ 11 എണ്ണത്തിലും ബിജെപി നിർണ്ണായക ശക്തി ആണെന്നാണ് വിലയിരുത്തൽ. ഈ സാഹചര്യത്തിൽ തിരുവന്തപുരത്ത് ബിജെപിയെ വളരെ ഗൗരവമായാണ് സിപിഐഎം കാണുന്നത്.
കൊല്ലത്തും ബിജെപിക്ക് ആനുപാതികമായി വളർച്ചയുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ചാത്തന്നൂരിൽ മികച്ച മത്സരം ബിജെപി കാഴ്ചവെച്ചു. കരുനാഗപ്പള്ളി,കുണ്ടറ,ഇരവിപുരം, കുന്നത്തൂർ, കൊട്ടാരക്കര എന്നിവിടങ്ങളിലും ബിജെപി നിർണായക സ്വാധീനം ആണ്.ബിജെപിക്ക് നിർണായകസ്വാധീനം ഉള്ള മറ്റു നാല് ജില്ലകൾ തൃശൂർ,പാലക്കാട്, കോഴിക്കോട്,കാസർഗോഡ് എന്നിവയാണ്.
ചില ജില്ലകൾ കേന്ദ്രീകരിച്ച് ബിജെപി വളരുന്നതിനെ സിപിഎം ഗൗരവമായി തന്നെയാണ് കാണുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിനെ കുറിച്ചുള്ള അവലോകന റിപ്പോർട്ടിങ്ങിൽ സിപിഐഎം ഇക്കാര്യം ചൂണ്ടിക്കാട്ടുന്നുണ്ട്.
35 മണ്ഡലങ്ങളിൽ 25000 അധികം വോട്ട് ബിജെപി നേടി. 55 മണ്ഡലങ്ങളിൽ ഇരുപതിനായിരത്തിൽ കൂടുതൽ വോട്ട് നേടിയിട്ടുണ്ട്. കേരളത്തിൽ ബിജെപി വളരുകയാണ് എന്ന് സൂചിപ്പിക്കുന്നതാണ് ഈ കണക്ക്.