മോട്ടോര്‍ വാഹനവകുപ്പ് സംസ്ഥാനവ്യാപകമായി നടത്തുന്ന ഓപ്പറേഷന്‍ സ്‌ക്രീന്‍ പരിശോധനയില്‍ നിന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ വാഹനത്തെ ഒഴിവാക്കിയെന്ന് ആക്ഷേപം. മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും ഉള്‍പ്പെടെ ആര്‍ക്കും പരിശോധനയില്‍ ഇളവ് നല്‍കില്ലെന്നു മോട്ടോര്‍ വാഹന വകുപ്പ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇസഡ്, ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷയുള്ളവര്‍ക്കൊഴികെ ആര്‍ക്കും ഇളവില്ലെന്നായിരുന്നു മോട്ടോര്‍ വാഹന വകുപ്പ് പറഞ്ഞിരുന്നത്. ഇതിനു പിന്നാലെയാണ് മന്ത്രിയുടെ വാഹനം പരിശോധന കൂടാതെ ഉദ്യോഗസ്ഥര്‍ കടത്തിവിട്ടത്.
മന്ത്രിയുടെ ഔദ്യോഗിക കാറിലും നിയമവിരുദ്ധമായി കര്‍ട്ടന്‍ സ്ഥാപിച്ചിരുന്നു. എന്നാല്‍ കാര്‍ വേഗത്തിലായതിനാല്‍ ഇതു കണ്ടില്ലെന്നാണ് ഉദ്യോഗസ്ഥര്‍ ഇപ്പോള്‍ വിശദീകരിക്കുന്നത്. ഇതിനിടെ തിരുവനന്തപുരം ഡി.സി.സി പ്രസിഡന്റിന്റെ വാഹനം പൊലീസ് തടയുകയും പിഴ ചുമത്തുകയും ചെയ്തു.
മന്ത്രിമാരുടെ കാറിലെ കര്‍ട്ടന്‍ മാറ്റേണ്ടത് ടൂറിസം വകുപ്പാണെന്നാണ് മോട്ടോര്‍ വാഹന വകുപ്പ് വ്യക്തമാക്കുന്നത്. വാഹനങ്ങളിലെ കൂളിങ് ഫിലിം ഒട്ടിക്കല്‍, കര്‍ട്ടന്‍ സ്ഥാപിക്കല്‍ എന്നിവ കണ്ടെത്തി തടയുന്നതിന്റെ ഭാഗമായാണ് സംസ്ഥാന വ്യാപകമായി രണ്ടാഴ്ചത്തേക്ക് ഓപ്പറേഷന്‍ സ്‌ക്രീന്‍ ആരംഭിച്ചത്.