തിരുവനന്തപുരം : ഉദുമ എംഎല്‍എ കെ കുഞ്ഞിരാമന്‍ തദ്ദേശതെരഞ്ഞെടുപ്പില്‍ പ്രിസൈഡിംഗ് ഓഫീസറെ ഭീഷണിപ്പെടുത്തിയെന്ന ആരോപണത്തില്‍ എംഎല്‍എയെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കുഞ്ഞിരാമന്‍ അത്തരത്തില്‍ ഭീഷണിപ്പെടുത്തുന്ന പ്രകൃതക്കാരനല്ലെന്നും വ്യക്തിപരമായി ആരെയും ആക്ഷേപിക്കാറില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രിസൈഡിങ് ഓഫിസറെ എംഎല്‍എ ഭീഷണിപ്പെടുത്തിയതുമായി ബന്ധപ്പെട്ട് എന്‍.എ. നെല്ലിക്കുന്ന് നല്‍കിയ സബ്മിഷന് നിയമസഭയില്‍ മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. അദ്ദേഹം വോട്ട് ചെയ്യാനാണ് പോയത്. സര്‍ എന്നാണ് പ്രിസൈഡിംഗ് ഓഫീസറെ വിളിച്ചത്. ഉദ്യോഗസ്ഥനാണ് ബഹളമുണ്ടാക്കിയത്. കള്ളവോട്ട് ആരോപണത്തിന് പിന്നില്‍ മറ്റെന്തോ ഉദ്ദേശ്യമാണുള്ളതെന്നും പ്രതിപക്ഷത്തിന്റെ സബ്മിഷന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.
എന്നാല്‍ മുഖ്യമന്ത്രിയുടെ മറുപടി ഏകപക്ഷീയമാണെന്ന് കെ സി ജോസഫ് എംഎല്‍എ പറഞ്ഞു. ഇടതുസംഘടന നേതാവാണ് ആക്ഷേപമുന്നയിച്ചതെന്നും അദ്ദേഹം പറഞ്ഞു. പലര്‍ക്കും രാഷ്ട്രീയമുണ്ടാകും, അങ്ങനെ പ്രത്യേകമായി ഒന്നും ചാര്‍ത്തിക്കൊടുക്കേണ്ട കാര്യമില്ലെന്നായിരുന്നു അതിനോടുള്ള മുഖ്യമന്ത്രിയുടെ പ്രതികരണം.
അതേസമയം സംഭവത്തില്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്‍ കാസര്‍കോട് ജില്ല കലക്ടറോട് വിശദീകരണം ചോദിച്ചിട്ടുണ്ട്. കലക്ടര്‍ പ്രിസൈഡിങ് ഓഫിസറുടെ ഭാഗം കേള്‍ക്കാനായി അദ്ദേഹത്തിന് അറിയിപ്പ് നല്‍കി. ഈ സംഭവത്തില്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്‍ ജില്ലാ കലക്ടറുടെ റിപ്പോര്‍ട്ട് തേടുകയും പരിഗണിച്ചുവരികയുമായതിനാല്‍ കൂടുതല്‍ കാര്യങ്ങള്‍ ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
എംഎല്‍എ ഭീഷണിപ്പെടുത്തിയെന്ന ആരോപണത്തെക്കുറിച്ച് ഒരു പരാതിയും പൊലീസ് സ്റ്റേഷനില്‍ ലഭിച്ചിട്ടില്ല. എന്നാല്‍ പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ പ്രാഥമിക അന്വേഷണം നടത്താന്‍ കാസര്‍കോട് ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
.