കോട്ടയം: പ്രണയ വിവാഹിതരായ ദമ്പതികളെ യുവതിയുടെ വീട്ടുകാര്‍ മര്‍ദ്ദിച്ചതായി പരാതി. വൈക്കത്ത് ശങ്കരനാരായണന്‍-അതുല്യ ദമ്പതിമാര്‍ക്കാണ് മര്‍ദനമേറ്റത്. വിവാഹത്തിന് ശേഷം സര്‍ട്ടിഫിക്കറ്റുകള്‍ തിരികെയെടുക്കാനായി അതുല്യയുടെ വീട്ടിലെത്തിയപ്പോള്‍ അതുല്യയുടെ അച്ഛനും ബന്ധുക്കളും ചേര്‍ന്ന് മര്‍ദിച്ചെന്നാണ് പരാതി.
രണ്ട് വര്‍ഷം മുമ്പാണ് വീട്ടുകാരുടെ സമ്മതം ഇല്ലാതെ ശങ്കരനാരായണനും അതുല്യയും പ്രണയിച്ച് വിവാഹം കഴിച്ചത്. ഇതിനെത്തുടര്‍ന്ന് മറ്റൊരിടത്ത് വീടെടുത്ത് മാറിതാമസിക്കുകയായിരുന്നു.
കഴിഞ്ഞദിവസം ജോലി ആവശ്യത്തിനായി തന്റെ സര്‍ട്ടിഫിക്കറ്റുകള്‍ എടുക്കാനാണ് ദമ്പതികള്‍ അതുല്യയുടെ വീട്ടിലെത്തിയത്. എന്നാല്‍ വീട്ടിലെത്തിയ ഇവരെ അതുല്യയുടെ അച്ഛനും ബന്ധുക്കളും മര്‍ദ്ദിക്കുകയും താലിമാല പൊട്ടിച്ചെടുത്തെന്നും ആറ് മാസം പ്രായമായ കുഞ്ഞിനെ ഉപദ്രവിച്ചെന്നും പരാതിയില്‍ പറയുന്നു. അതേസമയം, ശങ്കരനാരായണനും സുഹൃത്തും ചേര്‍ന്ന് തങ്ങളെ വീടുകയറി ആക്രമിച്ചെന്നാണ് അതുല്യയുടെ കുടുംബത്തിന്റെ ആരോപണം. സംഭവത്തില്‍ വൈക്കം പോലീസ് കേസെടുത്തു.