തിരുവനന്തപുരം ആര്യനാട് പ്രായപൂർത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ വീട്ടമ്മ പിടിയിൽ. പറണ്ടോട് ഒന്നാം പാലം സ്വദേശിനി 32 കാരിയെയും കാമുകനെയും ആണ് ആര്യനാട് പോലീസ് അറസ്റ്റ് ചെയ്തത്. ഇരുവരെയും കോടതി റിമാൻഡ് ചെയ്തിരിക്കുകയാണ്.
പറണ്ടോട് സ്വദേശിയായ പ്രവാസിയാണ് യുവതിയുടെ ഭർത്താവ്. 19 വയസ്സു മുതൽ യുവതി ഇയാളോടൊപ്പം ആണ് താമസിക്കുന്നത്. തുടർന്ന് പേരുമാറ്റി പ്രവാസിയുടെ മതവും സ്വീകരിച്ചു. പതിനൊന്നും പതിമൂന്നും വയസ്സുള്ള രണ്ടു കുട്ടികളാണ് ഇവർക്കുള്ളത്.
പറണ്ടോട് സ്വദേശിയായ മറ്റൊരാളുമായി യുവതി പിന്നീട് പ്രണയത്തിലായി. പ്രവാസിയായ ഭർത്താവ് അടുത്ത മാസം നാട്ടിൽ വരാൻ ഇരിക്കുകയായിരുന്നു. ഇത് തിരിച്ചറിഞ്ഞ യുവതി വ്യാഴാഴ്ച വൈകിട്ടോടെ കാമുകനൊപ്പം സ്ഥലംവിട്ടു. ബന്ധുക്കളും പോലീസും ഏറെ അന്വേഷിച്ചെങ്കിലും ഇവരെ കണ്ടെത്താനായില്ല.
തുടർന്ന് പോലീസ് ഇവരുടെ മൊബൈൽ ഫോൺ ട്രാക്ക് ചെയ്തു. കാമുകന്റെ ആൾത്താമസമില്ലാത്ത വീട്ടിൽ ഇവരുണ്ട് എന്ന് പൊലീസിന് മനസ്സിലായി.അവിടെ എത്തിയാണ് പോലീസ് ഇവരെ പിടികൂടിയത്.
ജുവനൈൽ ആക്ട് പ്രകാരമാണ് കേസ്. യുവതി അട്ടക്കുളങ്ങര വനിതാ സബ്ജയിൽ ആണ് ഉള്ളത്. കാമുകൻ നെയ്യാറ്റിൻകര സബ്ജയിലിലും.