കടയ്ക്കാവൂരിൽ 13കാരനെ അമ്മ പീഡിപ്പിച്ചുവെന്ന പരാതി വ്യാജമെന്ന ആരോപണവുമായി യുവതിയുടെ കുടുംബം. യുവതിയുടെ ഭർത്താവ് നൽകിയതു വ്യാജ പരാതിയാണെന്നും, കുട്ടിയെ ഭീഷണിപ്പെടുത്തി തെറ്റായ മൊഴി നൽകിപ്പിച്ചതാണെന്നും ബന്ധുക്കൾ ചൂണ്ടിക്കാട്ടുന്നു. വിവാഹമോചനം നേടാതെ രണ്ടാം വിവാഹം കഴിക്കാനുള്ള നീക്കത്തെ എതിർത്തത് മൂലമുള്ള വൈരാഗ്യം തീർക്കാനാണ് യുവതിയെ കേസിൽ കുടുക്കിയതെന്നും ബന്ധുക്കൾ ആരോപിക്കുന്നു.
യുവതിയെ ഇയാൾ നിരന്തരം ശാരീരികമായും, മാനസികമായും പീഡിപ്പിച്ചിരുന്നു എന്നും ബന്ധുക്കൾ ആരോപിക്കുന്നു. യുവതിയും ഭർത്താവുമായുള്ള കേസ് കുടുംബ കോടതിയിൽ നിലനിൽക്കവെയാണ് വ്യാജ പരാതിയുമായി ഇയാൾ ചൈൽഡ് ലൈനെ സമീപിച്ചതെന്നും ബന്ധുക്കൾ പറയുന്നു.
ചൈൽഡ് ലൈനിൽ നൽകിയ പരാതിയെ തുടർന്ന് മകന്റെ മൊഴിയിൽ പോലീസ് അറസ്റ്റ് ചെയ്ത യുവതി ഇപ്പോൾ റിമാൻഡിലാണ്. ഇവരുടേത് പ്രണയവിവാഹമായിരുന്നുവെങ്കിലും നിരന്തരം മർദ്ദനം ഏൽക്കേണ്ടി വന്നതോടെ മൂന്നുവർഷമായി അകന്നു കഴിയുകയായിരുന്നു യുവതി. കേസിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരാൻ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ കേസ് അന്വേഷിക്കണമെന്ന് യുവതിയുടെ പിതാവ് ആവശ്യപ്പെട്ടു.