Lead NewsNEWS

സമാശ്വാസം പദ്ധതിക്ക് 8.77 കോടി രൂപ അനുവദിച്ചു

തിരുവനന്തപുരം: സാമൂഹ്യനീതി വകുപ്പ് സാമൂഹ്യ സുരക്ഷ മിഷന്റെ സമാശ്വാസം പദ്ധതിയ്ക്ക് 8,76,95,000 രൂപ ധനകാര്യ വകുപ്പ് അനുമതി നല്‍കിയതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു.

കൂടുതല്‍ ഗുണഭോക്താക്കള്‍ക്ക് സഹായം എത്തിക്കുന്നതിനായാണ് അധിക ധനസഹായമായി ഈ തുക അനുവദിച്ചത്. വൃക്ക തകരാര്‍ സംഭവിച്ച് സ്ഥിരമായി ഡയാലിസിസില്‍ ഏര്‍പ്പെടുന്നവര്‍, വൃക്ക, കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയരായവര്‍, ഹീമോഫീലിയ രോഗികള്‍, സിക്കിള്‍സെല്‍ അനീമിയ രോഗികള്‍ എന്നിവര്‍ക്ക് പ്രതിമാസ ധനസഹായം അനുവദിക്കുന്ന പദ്ധതിയാണ് സമാശ്വാസം പദ്ധതി. 4 സമാശ്വാസം പദ്ധതികളിലായി നിലവില്‍ 8874 പേരാണ് പദ്ധതിയുടെ ഗുണഭോക്താക്കളായുള്ളതെന്നും മന്ത്രി വ്യക്തമാക്കി.

Signature-ad

സമാശ്വാസം ഒന്ന്, സമാശ്വാസം രണ്ട്, സമാശ്വാസം മൂന്ന്, സമാശ്വാസം നാല് എന്നിങ്ങനെ 4 സമാശ്വാസം പദ്ധതികളാണുള്ളത്. വൃക്കയ്ക്ക് തകരാര്‍ സംഭവിച്ച് മാസത്തില്‍ ഒരു പ്രാവശ്യമെങ്കിലും ഡയാലിസിസിന് വിധേയരാകുന്ന ബി.പി.എല്‍ വിഭാഗത്തില്‍പ്പെടുന്ന രോഗികള്‍ക്ക് പ്രതിമാസം 1100 രൂപ നിരക്കില്‍ ധനസഹായം അനുവദിക്കുന്ന പദ്ധതിയാണ് സമാശ്വാസം ഒന്ന്.

സംസ്ഥാനത്ത് വൃക്ക, കരള്‍ രോഗങ്ങള്‍ ബാധിച്ചു പ്രസ്തുത അവയവങ്ങള്‍ മാറ്റി വയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയരായിട്ടുള്ളവര്‍ക്ക് ശസ്ത്രക്രിയ കഴിഞ്ഞതിനുശേഷവും തുടര്‍ ചികിത്സക്ക് പ്രതിമാസം 1000 രൂപ ധനസഹായം നല്‍കുന്ന പദ്ധതിയാണ് സമാശ്വാസം രണ്ട്. ശസ്ത്രക്രിയ കഴിഞ്ഞ് ആദ്യ 5 വര്‍ഷം വരെയാണ് ധനസഹായം അനുവദിക്കുന്നത്.

രക്തം കട്ട പിടിക്കാന്‍ ആവശ്യമായ ക്ലോട്ടിംഗ് ഫാക്ടറുകളായ 8,9,11,13 എന്നിവയുടെ കുറവു മൂലം ഹീമോഫീലിയയും അനുബന്ധരോഗങ്ങളും ബാധിച്ചവര്‍ക്ക് പ്രതിമാസം 1000 രൂപ നിരക്കില്‍ ധനസഹായം അനുവദിക്കുന്നതാണ് സമാശ്വാസം മൂന്ന്. വരുമാന പരിധി ബാധകമാക്കാതെ ധനസഹായം അനുവദിക്കുന്ന പദ്ധതിയാണിത്.

സംസ്ഥാനത്തെ അരിവാള്‍ രോഗം ബാധിച്ച നോണ്‍ ട്രൈബല്‍ വിഭാഗത്തില്‍പ്പെട്ട രോഗികളാണ് സമശ്വാസം നാലിലെ ഗുണഭോക്താക്കള്‍. പ്രതിമാസം 2000 രൂപ നിരക്കില്‍ ഈ പദ്ധതി പ്രകാരം ധനസഹായം അനുവദിക്കുന്നു.

Back to top button
error: