കുട്ടികള്‍ക്ക് അന്തസ്സോടെ ജീവിക്കാനുള്ള അവസരം ഒരുക്കുക സമൂഹത്തിന്റെ ഉത്തരവാദിത്വമാണെന്ന് ആരോഗ്യ- വനിതാ-ശിശു വികസന വകുപ്പ് മന്ത്രി കെ. കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്റെ നേതൃത്വത്തില്‍ പാലക്കാട് ജില്ലയിലെ കഞ്ചിക്കോട് നടത്തിയ ബാലസൗഹൃദ പദ്ധതിയുടെ ആദ്യ പരിപാടിയുടെ ഉദ്ഘാടനവും 2021 ബാലസൗഹൃദ വര്‍ഷം പ്രഖ്യാപനവും ഓണ്‍ലൈനായി നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
നവോത്ഥാന പ്രസ്ഥാനങ്ങളുടെയും സാമൂഹിക പരിഷ്‌കര്‍ത്താക്കളുടയും പരിശ്രമത്തിലൂടെ കേരളത്തില്‍ ഒട്ടേറെ മാറ്റങ്ങള്‍ വന്നിട്ടുണ്ടെങ്കിലും കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ കുറവല്ല. സര്‍ക്കാര്‍ പദ്ധതികള്‍ പ്രഖ്യാപിക്കുന്നതിനോടൊപ്പം വകുപ്പ് തലവന്മാരും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും നാട്ടിലെ ജനങ്ങളും ഒരുമിച്ച് ഏറ്റെടുക്കുമ്പോഴാണ് ആ പദ്ധതി വിജയിക്കുന്നത്. ഇത്തരത്തില്‍ കുട്ടികള്‍ക്കായുള്ള ബാലസൗഹൃദ പദ്ധതിയും എല്ലാവരും ഒത്തൊരുമിച്ച് ഏറ്റെടുത്താല്‍ മാത്രമേ വിജയിപ്പിക്കാന്‍ കഴിയുകയുള്ളൂവെന്ന് മന്ത്രി പറഞ്ഞു.
ബാല്യകാലം മുതല്‍ കുട്ടികള്‍ക്ക് വേണ്ടത്ര പരിഗണനയും സൗകര്യങ്ങളും അവസരങ്ങളും ഒരുക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയാണ് ഇത്തരം പദ്ധതികളുടെ ലക്ഷ്യമെന്ന് മന്ത്രി അറിയിച്ചു. ബാല്യകാലത്ത് കുട്ടികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ഭാവിയില്‍ അവരുടെ വ്യക്തിത്വത്തെ ദോഷകരമായി ബാധിക്കുന്നുണ്ട്. ഇത്തരം പ്രശ്‌നങ്ങള്‍ കുട്ടികളെ ബാധിക്കാതെ ഉത്തമ പൗരന്മാരായി മികച്ച അവസരങ്ങളോടെ അവരെ വളര്‍ത്തിയെടുക്കുകയാണ് ബാലാവകാശ കമ്മീഷന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന ഈ പ്രവര്‍ത്തനങ്ങളുടെ ലക്ഷ്യം.
കുട്ടികളെ ജോലിക്കും ലൈംഗിക ചൂഷണത്തിനുമായി കടത്തിക്കൊണ്ടു പോകുന്നത് തടയുക എന്നതും പദ്ധതിയുടെ പ്രധാന ലക്ഷ്യമാണ്. മാതാപിതാക്കളുടെ തിരക്കുകള്‍ക്കിടയില്‍ കുട്ടികള്‍ക്ക് വേണ്ടത്ര പരിഗണന നല്‍കാത്തത് അവരുടെ മാനസിക ആരോഗ്യത്തെ ബാധിക്കുന്നുണ്ട്. മാതാപിതാക്കള്‍ കുട്ടികള്‍ക്കായി പണം ചെലവഴിക്കുമ്പോഴും അവര്‍ക്ക് വേണ്ട സമയവും സ്‌നേഹവും ആര്‍ദ്രതയും നല്‍കാത്തത് പല വീടുകളിലും പതിവുകാഴ്ചയാണ്. ജീവിത വിജയത്തിലേക്ക് നയിക്കുന്ന രീതിയില്‍ കുട്ടികള്‍ക്ക് പിന്തുണ നല്‍കുവാനും സംരക്ഷിക്കാനും കുടുംബാംഗങ്ങളും സമൂഹവും പ്രത്യേക ശ്രദ്ധ നല്‍കണമെന്നും മന്ത്രി ഓര്‍മിപ്പിച്ചു.
കുട്ടികളുടെയും ഭിന്നശേഷിക്കാരുടെയും ക്ഷേമപ്രവര്‍ത്തനങ്ങളില്‍ പ്രൊഫ. ഗോപിനാഥ് മുതുകാട് നടത്തുന്ന ഇടപെടലുകളെയും മന്ത്രി അഭിനന്ദിച്ചു. ഭിന്നശേഷിക്കാരായ കുട്ടികളെ മാജിക് പരിശീലനം നടത്തി വേദിയില്‍ അവതരിപ്പിക്കുന്നതിനായി നടത്തിയ പരിശ്രമങ്ങള്‍ ലോകം മുഴുവന്‍ മാതൃകയാണെന്നും മന്ത്രി പറഞ്ഞു. കുട്ടികളില്‍ ശാസ്ത്രബോധം വളര്‍ത്തുന്നതിനും അന്താരാഷ്ട്ര ശാസ്ത്ര കോണ്‍ഫറന്‍സുകളില്‍ പങ്കെടുപ്പിക്കുന്നതിന് ഒരുക്കുന്നതിനുള്ള പരിശ്രമങ്ങളും നടപ്പാക്കുന്നുണ്ട്.
പദ്ധതിയുടെ ഭാഗമായി സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്റെ നേതൃത്വത്തില്‍ പഞ്ചായത്ത്, വാര്‍ഡ് തല ബോധവത്കരണം നടത്തും. ബാലസൗഹൃദമാക്കുക, ബാലാവകാശങ്ങള്‍ സംരക്ഷിക്കുക, ലൈംഗികാതിക്രമങ്ങളില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കുക, കുട്ടികള്‍ക്ക് നേരെയുള്ള പീഡനങ്ങള്‍ ഇല്ലാതാക്കുക, മദ്യം, മയക്കുമരുന്ന് എന്നിവയില്‍ നിന്ന് മോചനം നല്‍കുക, സൈബര്‍ കുറ്റകൃത്യങ്ങളില്‍ നിന്ന് മോചിപ്പിക്കുക, ബാലവേലയും ബാലഭിക്ഷാടനവും തടയുക, ശൈശവ വിവാഹം ഇല്ലാതാക്കുക, കുട്ടികളുടെ ആത്മഹത്യ ഇല്ലാതാക്കുക, ലിംഗസമത്വം സൃഷ്ടിക്കുക, ശാസ്ത്രീയ അവബോധം വളര്‍ത്തുക, ബാലാവകാശ സാക്ഷരത വളര്‍ത്തുക’ എന്നതാണ് പദ്ധതി വഴി കമ്മീഷന്‍ പ്രാഥമികമായി ലക്ഷ്യം വയ്ക്കുന്നത്.
എല്ലാ പഞ്ചായത്തുകളിലും ബാലസൗഹൃദ കേരളം പദ്ധതി നടപ്പാക്കുന്നതിനുള്ള കര്‍മപദ്ധതികളും ശാക്തീകരണവുമാണ് നടത്താന്‍ തീരുമാനിച്ചിട്ടുള്ളത്. വിദ്യാഭ്യാസപരമായി പിന്നാക്കം നില്‍ക്കുന്ന മേഖലകള്‍ തിരഞ്ഞെടുത്ത് വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്താനും സ്‌കൂളുകളിലെ കൊഴിഞ്ഞുപോക്ക് ഇല്ലാതാക്കാനും ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ നടത്തും.
കമ്മീഷന്‍ ചെയര്‍മാന്‍ കെ.വി മനോജ് കുമാര്‍ പരിപാടിയില്‍ അധ്യക്ഷനായി. പദ്ധതിയുടെ ബ്രാന്‍ഡ് അംബാസഡര്‍ ഗോപിനാഥ് മുതുകാട് ബോധവത്ക്കരണത്തിന്റെ ഭാഗമായി വിവിധ പരിപാടികള്‍ പ്രദര്‍ശിപ്പിച്ചു. കമ്മീഷന്‍ അംഗങ്ങളായ ഫാ. ഫിലിപ്പ് പരക്കാട്ട്, ബി. ബബിത, പി.പി ശ്യാമളാദേവി, സി. വിജയകുമാര്‍, റെനി ആന്റണി, മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.പി. ബിജോയ്, പുതുശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എന്‍. പ്രസീത, വൈസ് പ്രസിഡന്റ് കെ.അജീഷ്, ത്രിതല പഞ്ചായത്ത് അംഗങ്ങളായ യു. പ്രഭാകരന്‍, പദ്മിനി ടീച്ചര്‍, സി. അജയകുമാര്‍, വനിതാ ശിശു വികസന ഓഫീസര്‍ പി.മീര, ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍ എസ്. ശുഭ എന്നിവര്‍ പങ്കെടുത്തു.