തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയെക്കാള്‍ കൂടുതല്‍ വോട്ട് യു.ഡി.എഫിന് ലഭിച്ചു എന്നാണ് കെ.പി.സി.സിയുടെ റിസര്‍ച്ച് ആന്റ് ഡവലപ്പ്‌മെന്റ് വിഭാഗം കണ്ടെത്തിയിട്ടുളളതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.
ഗ്രാമപഞ്ചായത്ത്,മുന്‍സിപ്പാലിറ്റി, നഗരസഭ എന്നിവിടങ്ങളിലായി 2,12,73,413 പേരാണ് ഇത്തവണ വോട്ട് ചെയ്തത്. അതില്‍ 74,58,516 പേര്‍ യു.ഡി.എഫിനും 74,37,786 പേര്‍ ഇടതു മുന്നണിക്കും വോട്ട് ചെയ്തു. യു.ഡി.എഫിന് 35.06% വോട്ട് കിട്ടിയപ്പോള്‍ ഇടതു മുന്നണിക്ക് 34.96% വോട്ട് ലഭിച്ചു.
കോര്‍പ്പറേഷനുകളില്‍ ഉദ്ദേശിച്ച വിജയമുണ്ടായിട്ടില്ല, മുനിസിപ്പാലറ്റികളില്‍ നല്ല മുന്നേറ്റമുണ്ടാക്കാന്‍ കഴിഞ്ഞു. ഗ്രാമ പഞ്ചായത്തുകളിലും മികച്ച പോരാട്ടം നടത്താന്‍ കഴിഞ്ഞു. ജില്ലാ പഞ്ചായത്തുകളിലാണ് ഞങ്ങളുടെ കണക്ക് കൂട്ടുലുകള്‍ തെറ്റിയത്.
അഴിമതിയിലും കൊള്ളയിലും മുങ്ങിത്താഴുന്ന ഒരു സര്‍ക്കാരാണ് കേരളം ഭരിക്കുന്നത്. സര്‍ക്കാരിനെതിരെ പ്രതിപക്ഷം ഉയര്‍ത്തിയ ആരോപണങ്ങളെല്ലാം അത് പോലെ തന്നെ നില്‍ക്കുകയാണ്. എന്നാല്‍ അഴിമതിയും കൊള്ളയും നടത്തിയ സര്‍്ക്കരിന്റെ പ്രവര്‍ത്തനങ്ങളെ തിരഞ്ഞെടുപ്പില്‍ പൂര്‍ണ്ണമായും ചര്‍ച്ചാ വിഷയമാക്കാന്‍ കഴിഞ്ഞില്ല എന്നുള്ളത് സത്യമാണ്. പ്രദേശിക തിരഞ്ഞെടുപ്പായത് കൊണ്ട് പ്രാദേശിക വിഷയങ്ങളും കുടുംബ – വ്യക്തി ബന്ധങ്ങളുമൊക്കെ കൂടുതല്‍ ചര്‍ച്ചാവിഷയമായിട്ടുണ്ട്.
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം യു ഡി എഫിനെ ക്ഷീണിപ്പിച്ച് ബി ജെ പിയെ വളര്‍ത്തുക എന്ന തന്ത്രമാണ് മുഖ്യമന്ത്രിയും എല്‍ ഡി എഫും സ്വീകരിക്കുന്നത്. സി പിഎം ബോധപൂര്‍വ്വം ബി ജെ പിയെ ശക്തിപ്പെടുത്തുകയും അത് വഴി യു.ഡി.എഫിനെ ദുര്‍ബലപ്പെടുത്തുകയും ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ക്കാണ് നേതൃത്വം കൊടുക്കുന്നത്.
മുമ്പ് മെഡിക്കല്‍ കോളേജ് കോഴ വിവാദത്തില്‍ മുഖം നഷ്ടപ്പെട്ട് ബി.ജെ.പിക്ക് പുറത്തിറങ്ങാന്‍ കഴിയാതിരുന്നപ്പോള്‍ ബി.ജി.പി സംസ്ഥാന കമ്മിറ്റി ഓഫീസിന് നേരെ ഒരു പ്രകോപനവുമില്ലാതെ സി.പി.എം ആക്രണം നടത്തിയത് ആദ്യ ഉദാഹരണമാണ്. ശബരിമല വിഷയത്തില്‍ പിണറായി വിജയനും സി.പി.എമ്മും ബി.ജി.പിയുടെ വളര്‍ച്ചയ്ക്ക് വളം വയ്ക്കുന്ന നിലപാട് സ്വീകരിച്ചതിന് പിന്നിലും ഇതേ ഗൂഢലക്ഷ്യമാണുണ്ടായിരുന്നത്. ഇത്തവണയും അപകടകരമായ രാഷ്ട്രീയം സി പഎമ്മും മുഖ്യമന്ത്രിയും കളിക്കുകയാണ്.
കേരളത്തിന്റെ മത സൗഹാര്‍ദ്ദത്തെ തകര്‍ക്കാന്‍ മുഖ്യമന്ത്രിയും സി പി എമ്മും ആഞ്ഞ് പരിശ്രമിക്കുകയാണ്. കേരളത്തില്‍ എല്ലാ മതവിഭാഗങ്ങളും സൗഹാര്‍ദ്ദത്തോടെ ജീവിക്കുന്ന ഒരു നാടാണ്. ആ മതവിഭാഗങ്ങളെ തമ്മിലടിപ്പിക്കാനും ചേരി തിരിവുണ്ടാക്കാനും സി പി എമ്മും മുഖ്യമന്ത്രിയും ബോധപൂര്‍വ്വമായി ശ്രമിക്കുന്നു. വിവിധ മത വിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം വര്‍്ധിപ്പിച്ച് അതിലൂടെ രാഷ്ട്രീയ നേട്ടമുണ്ടാക്കാമെന്ന സങ്കൂചിതമായ നിലപാട് തീക്കൊള്ളി കൊണ്ട് തല ചൊറിയുന്നത് പോലെയാണ്. അപകട കരമായ രാഷ്ടീയമാണ് സി പി എമ്മും മുഖ്യമന്ത്രിയും കളിക്കുന്നത്. കേരളത്തിന്റെ മത സൗഹാര്‍ദ്ദം തകര്‍ക്കാന്‍ വേണ്ടി ബോധ പൂര്‍വ്വമായ ആയുധങ്ങളാണ് സി പി എം ഇപ്പോള്‍ എയ്തു കൊണ്ടിരിക്കുന്നത്. ഇത് വളരെ ആപല്‍ക്കരമായ പ്രവണതയാണ്.
പിണറായി വിജയന്‍ തുടങ്ങിവച്ച വര്‍ഗീയ പദ്ധതി ഇപ്പോള്‍ സി പിഎമ്മിന്റെ ആക്ടിംഗ് സെക്രട്ടറി വിജയരാഘവന്‍ കൂടി ഏറ്റെടുത്തിരിക്കുകയാണ്. മത ധ്രുവീകരണത്തിന് വേണ്ടിയുള്ള നീക്കമാണ് സി പിഎം ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. അതിനായി ഇപ്പോള്‍ മുസ്ളീം ലീഗിനെ ചെളിവാരിയെയറിയുകയാണ്. കേരളത്തില്‍ മത സൗഹാര്‍ദ്ദം നിലനിര്‍ത്തുന്ന കാര്യത്തില്‍ മുസ്ളീം ലീഗ് വലിയ പങ്ക് വഹിക്കുന്നുണ്ട്. അത് മറന്ന് കൊണ്ടാണ് വിവിധ മതവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷങ്ങള്‍ ഉണ്ടാക്കി രാഷ്ട്രീയ നേട്ടമുണ്ടക്കാന്‍ സി പിഎം ശ്രമിക്കുകയാണ്. ബി ജെ പിയെ ശക്തിപ്പെടുത്തി അതുവഴി കോണ്‍ഗ്രസിനെയും യു ഡി എഫിനെയും ഇല്ലാതാക്കുക എന്ന ഹീന ബുദ്ധിയാണ് ഇതിന് പിന്നില്‍.
കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ ബി ജെ പിയുമായി രഹസ്യ ധാരണയുണ്ടാക്കിയ പാര്‍ട്ടി സി പിഎമ്മാണ്. അവരുമായി കൂട്ട് കെട്ടുണ്ടാക്കി അവരെ ശാക്തീകരിക്കുന്ന നടപടിയാണ് സി പി എം കൈക്കൊണ്ടത്. കഴിഞ്ഞ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ ഈ വര്‍ഗീയ ധ്രൂവീകരണം വിജയിച്ചുവെന്നു കണ്ട് കൊണ്ടാണ് നിയമസഭ തിരഞ്ഞെടുപ്പ് അടത്തപ്പോള്‍ പുതിയ വര്‍ഗീയ തന്ത്രവുമായി ഇറങ്ങിയിരിക്കുന്നത്. അത് കേരളീയ സമൂഹത്തിലുണ്ടാക്കുന്ന മാരകമായ പരുക്കുകളെപ്പറ്റി സി പിഎം എന്ത് കൊണ്ട് മനസിലാക്കുന്നില്ല?
ബി.ജെ.പി – സി.പി.എം- എസ്.ഡി.പി.ഐ കൂട്ടുകെട്ട്
മതേതരത്വത്തെ ദുര്‍ബലപ്പെടുത്താനും വിവിധ മതവിഭാഗങ്ങള്‍ തമ്മിലുള്ള ആസൂത്രിതമായ നീക്കമാണ് നടക്കുന്നത്. മധ്യ കേരളത്തില്‍ ബി ജെ പിയുമായി സി പിഎം പരസ്യവും രഹസ്യവുമായ കൂട്ടുകെട്ടുണ്ടാക്കി.
മദ്ധ്യകേരളത്തില്‍ വ്യാപകമായി സി.പി.എമ്മും ബി.ജെ.പിയും രഹസ്യ ധാരണ ഉണ്ടാക്കി. ബി.ജെ.പിയുമായി മാത്രമല്ല, എസ്.ഡി.പിയുമായും സി.പി.എം രഹസ്യ ധാരണ ഉണ്ടാക്കി വോട്ടു മറിച്ചു. സി.പി.എം കേരളത്തിലെ 1700 വാര്‍ഡുകളില്‍ നൂറില്‍പ്പരം വാര്‍ഡുകളില്‍ സി.പി.എം – ബി.ജെ.പി – എസ്.ഡി.പി.ഐ കൂട്ടു കെട്ട് ഉണ്ടായിരുന്നു എന്നാണ് കണ്ടെത്തിയിട്ടുള്ളത്. നാല് വോട്ടിനും കുറച്ചു സീറ്റുകള്‍ക്കും കേരളത്തിന്റെ മതേതരത്വം നശിപ്പിക്കാനുള്ള നീക്കത്തില്‍ നിന്ന് സി പിഎം പിന്തിരിയണം.
അഴിമതികളൊന്നും മാഞ്ഞു പോയിട്ടില്ല
ഇടതു സര്‍ക്കാര്‍ ഇത്രയേറെ ചീഞ്ഞു നാറിയിട്ടും പ്രതീക്ഷിച്ചത്ര വിജയം നേടാന്‍ യു.ഡി.എഫിന് കഴിയാതിരുന്നതില്‍ പൊതു സമൂഹത്തിനുള്ള ഇച്ഛാഭംഗം യു.ഡി.എഫ് തിരിച്ചറിയുന്നു. അതിനിടയാക്കിയ പ്രശനങ്ങള്‍ പരിഹരിച്ച് ഇടതു സര്‍ക്കാരിന്റെ ദുര്‍ഭരണത്തിന് അറുതി വരുത്താന്‍ ജനങ്ങളോടൊപ്പം നില്‍ക്കുമെന്ന് ഉറപ്പ് നല്‍കുന്നു.
പിണറായി സര്‍ക്കാരിന്റെ അഴിമതികള്‍ക്കും ദുര്‍വൃത്തികള്‍ക്കുള്ള അംഗീകാരമാണ് ഈ തിരഞ്ഞെടുപ്പിലെ നേരിയ വിജയമെന്ന് പിണറായി വിജയനും സി.പി.എമ്മും ഇടതു മുന്നണിയും കരുതുന്നുണ്ടെങ്കില്‍ അവര്‍ക്ക് തെറ്റു പറ്റിയിരിക്കുകയാണെന്ന് അധികം വൈകാതെ ബോദ്ധ്യപ്പെടും.
തദ്ദേശ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ഇടതു സര്‍ക്കാരിന്റെ അഴിമതികളും തട്ടിപ്പുകളുമൊന്നും മാഞ്ഞു പോയിട്ടില്ല. മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചു നടന്ന സ്വര്‍ണ്ണക്കടത്തിന് ഈ തിരഞ്ഞെടുപ്പ് പരിഹാരമുണ്ടാക്കിയിട്ടില്ല. മുഖ്യമന്ത്രിയുടെ വലംകൈയായിരുന്ന പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇപ്പോഴും ജയിലില്‍ തന്നെയാണ്. സ്വര്‍ണ്ണക്കടത്തിന്റെ മാത്രമല്ല മറ്റെല്ലാ തട്ടിപ്പുകളുടെയും ആസൂത്രകനാണ് അദ്ദേഹമെന്നാണ് അന്വേഷണ ഏജന്‍സികള്‍ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.
ഒരു കള്ളക്കടത്തുകാരിക്ക് മുഖ്യമന്ത്രിയുടെ വകുപ്പില്‍ എങ്ങനെ ഉന്നത ജോലി കിട്ടിയെന്നും മുഖ്യമന്ത്രിയുടെ ഓഫീസിലും വീട്ടിലും അധികാര സ്ഥാനങ്ങളിലും കറങ്ങി നടന്ന് അധികാരം കൈപിടിയിലാക്കാന്‍ എങ്ങനെ കഴിഞ്ഞു എന്നതിനും തദ്ദേശ തിരഞ്ഞെടുപ്പോടെ ഉത്തരം കിട്ടിയിട്ടില്ല.
സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ മകന്‍ ഇരുമ്പഴിക്കുള്ളില്‍ കിടക്കുന്നതിനും തദ്ദേശ തിരഞ്ഞെടുപ്പ് അംഗീകാരം നല്‍കിയിരിക്കുകായണെന്ന് സി.പി.എം കരുതുന്നുണ്ടോ?
സ്വര്‍ണ്ണക്കടത്തു സംഘവുമായി മന്ത്രിമാര്‍ക്കുള്ള അഹിത ബന്ധങ്ങളും തദ്ദേശ തിരഞ്ഞെടുപ്പോടെ മാഞ്ഞു പോയെന്ന് മുഖ്യമന്ത്രി കരുതുകയാണോ?
വികസന പ്രവര്‍ത്തനങ്ങളുടെ മറവില്‍ നടത്തിയ കോടികളുടെ കണ്‍സള്‍ട്ടന്‍സി കൊള്ളയ്ക്കും ഈ തദ്ദേശ തിരഞ്ഞെടുപ്പ് അംഗീകാരം നല്‍കിയിരിക്കുകയാണെന്ന് മുഖ്യമന്ത്രി ആശ്വസിക്കുന്നുണ്ടോ?
പാവങ്ങളുടെ പേരു പറഞ്ഞു കൊണ്ടു വന്ന ലൈഫ് പദ്ധതിയുടെ മറവില്‍ കൊള്ളയടിച്ച കോടികളുടെ കണക്കുണ്ടോ? മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി തന്നെയാണ് ആ കോഴ ഇടപാടുകള്‍ക്ക് ചുക്കാന്‍ പിടിച്ചതെന്ന് അന്വേഷണ ഏജന്‍സികള്‍ കോടതിയില്‍ പറഞ്ഞിരിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ വിജിലന്‍സും അത് തന്നെയല്ലേ കണ്ടെത്തിയിരിക്കുന്നത്. എല്ലാം ജനങ്ങള്‍ മറന്നു പോയെന്നാണോ കരുതുന്നത്. ഒന്നും ആരും മറന്നിട്ടില്ല.
ജനാധിപത്യത്തിന്റെ ശ്രീകോവിലായ നിയമസഭയെപ്പോലും അഴിമതിയുടെ വേദിയാക്കി മാറ്റിയില്ലേ?
നെയ്യാറ്റിന്‍കര വെണ്‍പകലിനടുത്ത് നെടുന്തോട്ടം ലക്ഷം വീട് കോളനിയില്‍ രാജന്റെയും അമ്പിളിയുടെയും അതിദാരുണമായ മരണം ഈ സര്‍ക്കാരിന്റെ മനുഷ്യത്വ രഹിതമായ മുഖത്തിന്റെ ദൃഷ്ടാന്തങ്ങളില്‍ ഒന്ന് മാത്രമാണ്. പൊലീസിനെ രാഷ്ട്രീയ വത്ക്കരിക്കുകയും കയറൂരി വിടുകയും ചെയ്തതിന്റെ ഫലം.
എത്ര പേര്‍ക്കണ് ഈ സര്‍ക്കാരിന് കീഴില്‍ അതിദാരുണമായി മരണത്തിന് കീഴടങ്ങേണ്ടി വന്നത്? വരാപ്പുഴയില്‍ ശ്രീജിത്തിനെ പൊലീസ് ചവിട്ടി കൊന്നില്ലേ? ഇടുക്കിയില്‍ രാജ്കുമാറിനെ ഇഞ്ചിഞ്ചായി പീഡിപ്പിച്ചു കൊന്നില്ലേ? വടക്കാഞ്ചേരിയില്‍ പൊലീസന്റെ പീഢനം കാരണം വിനായകന് മരണത്തില്‍ അഭയം തേടേണ്ടി വന്നില്ലേ? ഇങ്ങനെ എത്രയെത്ര സംഭവങ്ങള്‍?
അത് കൊണ്ട് ഒരു തിരഞ്ഞെടുപ്പ് വിജയം ഉണ്ടായത് കൊണ്ട് സംസ്ഥാന സര്‍ക്കാരിന്റെ അഴിമതിയും കൊള്ളയും വെള്ളപൂശപ്പെട്ടുവെന്ന പ്രചരണം ജനങ്ങള്‍ അംഗീകരിക്കില്ല. സര്‍ക്കാരിനെതിരെ പ്രതിപക്ഷം ഉയര്‍ത്തിക്കൊണ്ടുവന്ന ആരോപണങ്ങളും അഴിമതിയും ഇപ്പോഴും പ്രസക്തമാണ്.
നൂറിന പരിപാടി എന്ന തട്ടിപ്പ്
ഇക്കഴിഞ്ഞ ആഗസ്റ്റ് 30 ന് കേരളീയര്‍ക്ക് ഓണസമ്മാനമായി പിണറായി വിജയന്‍ നൂറുദിന പരിപാടി പ്രഖ്യാപിച്ചു. കഴിഞ്ഞ നാല് വര്‍ഷത്തേയും നയപ്രഖ്യാപനങ്ങളിലും ബഡ്ജറ്റുകളിലും പ്രഖ്യാപിച്ച നൂറു കണക്കിന് പിരിപാടികള്‍ നടപ്പാക്കാതെ ജനങ്ങളെ വിഡ്ഢികളാക്കിയ സര്‍ക്കാര്‍ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് പ്രഖ്യാപിച്ചതായിരുന്നു ആ നൂറു ദിന പരിപാടികള്‍.
നൂറു ദിനങ്ങള്‍ കഴിഞ്ഞു പോയെന്നല്ലാതെ അവയൊന്നും നടപ്പാക്കിയില്ല. ഇപ്പോഴാകട്ടെ വീണ്ടും ഒരു നൂറു ദിന പരിപാടി ക്രിസ്മസ് സമ്മാനമായി പ്രഖ്യാപിച്ചിരിക്കുകയാണ്. ഓണസമ്മാനം തന്നെ പാഴായി പോയി. അപ്പോഴാണ് ക്രിസ്മസിന് വീണ്ടും പാഴ്‌സമ്മാനങ്ങള്‍ പ്രഖ്യാപിക്കുന്നത്. ക്രിസ്മസ് കഴിഞ്ഞ് പുതുവര്‍ഷമെത്തിയപ്പോള്‍ വീണ്ടും ഒരു പത്തിന പരിപാടികള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ദിവസം തോറും ഇങ്ങനെ പരിപാടികള്‍ പ്രഖ്യാപിക്കുന്നതല്ലാതെ ഒന്നും നടപ്പാക്കുന്നില്ല.
പുതിയ പത്തിന പരിപാടിയില്‍ അഴിമതി മുക്ത പൊതുസേവനം പരിപാടി ആരംഭിക്കാന്‍ പോകുന്നതായി പറയുന്നു. പിണറായി സര്‍ക്കാര്‍ തന്നെ ഇത് ആരംഭിക്കണം. അഴിമതിയില്‍ മുങ്ങിക്കുളിച്ചു നില്‍ക്കുന്ന സര്‍ക്കാരാണിത്. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ആള്‍ ഇപ്പോഴും അകത്താണ്. വെറുതെ പിടിച്ചിട്ടിരിക്കുന്നതല്ലല്ലോ? സംസ്ഥാന വിജിലന്‍സ് നട്തതിയ അന്വേഷണത്തില്‍ പോലും അഴിമതി കണ്ടെത്തിയില്ലേ? ജനങ്ങളെ വിഡ്ഢികളാക്കുന്നതിലും ഒരു അതിരുണ്ട്. ഈ അഴിമതികളെക്കുറിച്ച് യാതൊരു അന്വേഷണം നടത്താത്ത സര്‍ക്കാരാണ് അഴിമതി മുക്ത സര്‍ക്കാരുണ്ടാക്കാന്‍ പോകുന്നത്. പ്രതിപക്ഷ നേതാവ് പരാതി കൊടുത്താല്‍ അന്വേഷിക്കാത്തത് ജനങ്ങള്‍ കൊടുത്താല്‍ അന്വേഷിക്കുമോ? അഴിമതി അന്വഷിക്കണമെന്ന് വിജിലന്‍സ് കോടതി പറഞ്ഞപ്പോള്‍ അതിനെതിരെ ഹൈക്കോടതി പോയി സ്റ്റേ വാങ്ങിച്ച സര്‍ക്കാരാണ് അഴിമതി മുക്ത കേരളമുണ്ടാക്കാന്‍ പോകുന്നത്.
നൂറു ദിന പരിപാടികളുടെ അവസ്ഥ എന്താണെന്ന് നോക്കാം.
ഒന്നാം നൂറു ദിന പരിപാടികള്‍
——————
1. അഞ്ച് ലക്ഷം കുട്ടികള്‍ക്ക് വിദ്യാശ്രി പദ്ധതി പ്രകാരം 100 ദിവസത്തിനകം ലാപ് ടോപ്പ് നല്‍കും. ( എത്ര പേര്‍ക്ക് നല്‍കി?).
2. 15000 നവസംരംഭങ്ങളിലൂടെ അരലക്ഷം പേര്‍ക്ക് കാര്‍ഷികേതര മേഖലയില്‍ തൊഴില്‍ നല്‍കും. ( ആ തൊഴില്‍ എവിടെ? കുടുംബശ്രീ വഴി നേരത്തെ നല്‍കിയിരുന്ന തൊഴിലെല്ലാം ഇതില്‍പ്പെടുത്തിയിരിക്കുകയാണ്. പുതുതായി ഒന്നും നല്‍കിയിട്ടില്ല)
3. കയര്‍ ഉല്‍പ്പാദനത്തില്‍ 50 ശതമാനം വര്‍ധനവ്. ഓരോ ദിവസവും ഓരോ യന്ത്ര വത്കൃത ഫാക്ടറികള്‍ ഉദ്ഘാടനം ചെയ്യും. ( എവിടെ?)
4. കശുവണ്ടി മേഖലയില്‍ മൂവായിരം പേര്‍ക്ക് കൂടി തൊഴില്‍ നല്‍കും. ( കശുവണ്ടി തൊഴിലാളികള്‍ ഇപ്പോഴും പട്ടിണിയില്‍)
5. രണ്ടാം കുട്ടനാട് വികസന പാക്കേജിന്റെ പ്രവര്‍ത്തനം ആരംഭിക്കും. ( നടന്നില്ല)
6. പുനര്‍ ഗേഹം പദ്ധതിയില്‍ 5000 പേര്‍ക്ക് ധനസഹായം( എവിടെ? )
7. വിവധ ജില്ലകളില്‍ 66 ടൂറിസം പദ്ധതികള്‍( എവിടെ? )
8. പി.എസ്.സിക്ക് വിട്ട 11 സ്ഥാപനങ്ങളില്‍ നിയമനം നടത്തുന്നതിന് ചട്ടം രൂപീകരിക്കും. ( അത് ചെയ്തില്ല എന്ന് മാത്രമല്ല, നിയമനങ്ങള്‍ പി.എസ്.സിക്ക് വിട്ട് സംസ്ഥാനത്തെ സര്‍വ്വകലാശാലകളില്‍ മൂവായിരത്തോളം താത്ക്കാലികക്കാരെ സ്ഥിരപ്പെടുത്തുന്നു. കിലയിലും താത്ക്കാലികക്കാരെ സ്ഥിരപ്പെടത്തി ഉത്തരവിറക്കി. പി.എസ്.സിയെ നോക്കു കുത്തിയാ്കകുകയാണ് ചെയ്തത്. )
9. പട്ടിക ജാതി മേഖലയില്‍ 6000 പഠന മുറികളും 1000 സ്പില്‍ ഓവര്‍ മുറികളും നല്‍കുമെന്നും പ്രഖ്യാപിച്ചു. 3000 പേര്‍ക്ക് ഭൂമി വാങ്ങാന്‍ സഹായം നല്‍കുമെന്നും നൂറു ദിന പരിപാടിയില്‍ പ്രഖ്യാപിച്ചു.( ഇത് എവിടെയൊക്കെ നടത്തിയെന്ന് സര്‍ക്കാര്‍ പറയണം)
10. വിവിധ ജില്ലകളിലായി 10 സ്‌പോര്‍ട്‌സ് സ്റ്റേഡിയങ്ങള്‍ ഉദ്ഘാടനം ചെയ്യും. ( ചെയ്‌തോ?)
11. നൂറു ദിവസത്തിനുള്ളില്‍ ഒന്നര ലക്ഷം പേര്‍ക്ക് കുടിവെള്ള കണക്ഷന്‍ നല്‍കുമെന്ന് പ്രഖ്യാപിച്ചു. 490 കോടിയുടെ 39 പദ്ധതികള്‍ ഉദ്ഘാടനം ചെയ്യുമെന്നും പ്രഖ്യാപിച്ചു. (എത്ര നടന്നു? ജല്‍ജീവന്‍ എന്ന കേന്ദ്ര പദ്ധതിയനുസരിച്ച് കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ കുറെ കണക്ഷന്‍ നല്‍കിയിട്ടുണ്ട. അത് നേരത്തെ തന്നെ നടന്നു വരുന്ന പദ്ധതിയാണ്. പുതിയതല്ല.)
12. വയനാട് തുരങ്കം പാത യാഥാര്‍ത്ഥ്യമാക്കുന്നതിന് നിര്‍ണ്ണായക മുന്നേറ്റം നടത്തുമെന്നാണ് മറ്റൊരു പ്രഖ്യാപനം. ( കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് അനുമതിക്ക് അപേക്ഷിച്ചിട്ടു പോലുമല്ല. പാരിസ്ഥിതികാഘാത പഠനം നടത്തിയിട്ടില്ല. പദ്ധതിയുടെ രൂപ രേഖ പോലും തയ്യാറായിട്ടില്ല. എങ്കിലും തറക്കല്ലിട്ടു.)
13. 300 കോടി പലിശ സബ്‌സിഡിയില്‍ വിതരണം ചെയ്യും ( എത്ര വിതരണം ചെയ്തു? )
14. കോവളം ബേക്കല്‍ ജലപാതയുടെ 590 കിലോ മീറ്ററില്‍ 453 മീറ്റര്‍ സഞ്ചാര യോഗ്യമാക്കും. ( നടന്നോ?)
15. 250 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ സമ്പൂര്‍ണ്ണ ഖരമാലിന്യ സംസ്‌കരണ പദവി കൈവരിക്കും( എവിടെ?)
16. ട്രഷറികളുടെ ഫങ്ഷന്‍ ഓഡിറ്റ് പൂര്‍ത്തീകരിച്ച് സോഫ്ട് വെയര്‍ കുറ്റമറ്റതാക്കും. ( ചെയ്തില്ല. ട്രഷറില്‍ ഇപ്പോഴും തട്ടിപ്പ് നടത്താന്‍ കഴിയുന്ന വിധത്തില്‍ സോഫ്ട് വെയര്‍ കുഴപ്പം. മാത്രമല്ല, സമയത്ത് കുറ്റപത്രം സമര്‍പ്പിക്കാത്തത് കാരണം ട്രഷറി തട്ടിപ്പ് നടത്തിയ ബിജുലാലിലന് ജാമ്യം കിട്ടുകയും ചെയ്തു. )
ഇങ്ങനെ പോകുന്നു ആ പ്രഖ്യാപനങ്ങള്‍….
ഡിസംബര്‍ 24ന് വീണ്ടും 100 ദിന പരിപാടികള്‍ പ്രഖ്യാപിച്ചു
————
1. നവകേരള വികസനത്തിനും ക്ഷേമത്തിനുമായി 10,000 കോടി രൂപയുടെ പദ്ധതികളാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്.
2. 5700 കോടിയുടെ 5526 പദ്ധതികള്‍ പൂര്‍ത്തീകിരച്ച് ഉദ്ഘാടനം ചെയ്യും. 4300 കോടിയുടെ 646 പദ്ധതികള്‍ക്ക് തുടക്കം കുറിക്കും.
3. മാര്‍ച്ച് 31 നകം പതിനയ്യായിരം കുടംബത്തിന് കൂടി ലൈഫ് വീട്
4. 3500 വീടുകളുടെ നിര്‍മാണം തുടങ്ങും.
5. അമ്പതിനായിരം പേര്‍ക്ക് കൂടി തൊഴില്‍ ( കഴിഞ്ഞ നൂറു ദിന പദ്ധതിയിലും അരലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു. നടന്നില്ല)
6. 300 പുതിയ സ്‌കൂള്‍ കെട്ടിടത്തിന് തറക്കില്ലിടും
7. ഒമ്പത് പുതിയ സ്റ്റേഡിയങ്ങള്‍ (കഴിഞ്ഞ പ്രഖ്യാപനത്തില്‍ പത്ത് സ്റ്റേഡിയെ ആയിരുന്നു.
8. വൈദ്യുത വാഹന ചാര്‍ജ്ജിംഗ് സ്റ്റേഷനുകള്‍ ആറ് നഗരസഭയില്‍
9. പതിനായിരം പട്ടയം കൂടി വിതരണം ചെയ്യും. (20,000 പട്ടയങ്ങള്‍ നല്‍കുമെന്നാണ് ഒന്നാം പദ്ധതിയില്‍ പറഞ്ഞത്.)
10. 27 ടൂറിസം പദ്ധതികളുടെ പ്രഖ്യാപനം നടത്തും.
11. പട്ടിക വിഭാഗങ്ങള്‍ക്കായി 3000 പഠന മുറി ( 6000 പഠന മുറികളാണ് ആദ്യ പ്രഖ്യാപനം)
12. 1620 പേര്‍ക്ക് ഭൂമി വാങ്ങാന്‍ ധനസഹായം ( 3000 പേര്‍ക്ക് ധനസഹായം നല്‍കുമെന്നായിരുന്നു ആദ്യ പ്രഖ്യാപനം)
13. 496 കോടിയുടെ കൃഷി പദ്ധതികള്‍.
———————-
തുടര്‍ച്ചയായി പ്രഖ്യാപനങ്ങള്‍ നടത്തി ജനങ്ങളെ കബളിപ്പിക്കാമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്. ഓഖി ദുരന്തമുണ്ടായപ്പോള്‍ 2000 കോടി രൂപയുടെ തീര ദേശ പാക്കേജാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ഒന്നും ചെയ്തില്ല.
2018 ല്‍ മഹാപ്രളയത്തില്‍ കേരളത്തിന്റെ അടിത്തറ തകര്‍ന്നപ്പോള്‍ കേരളം പഴയ പടി ആക്കുമെന്നല്ല, പുതിയ ഒരു കേരളം സൃഷ്ടിച്ചുകളയുമെന്നാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. എന്നിട്ട് എവിടെ ആ പുതിയ കേരളം? റീബില്‍ഡ് കേരളയുടെ പേരില്‍ പഞ്ച നക്ഷത്ര ഹോട്ടലുകളില്‍ കുറെ ചര്‍ച്ച നടത്തി. കണ്‍സള്‍ട്ടന്‍സികളെ വച്ച് കുറെ കോടികള്‍ തട്ടി.
കോവിഡ് മഹാമാരി പടര്‍ന്നു പിടിച്ചപ്പോല്‍ 20,000 കോടിയുടെ പാക്കേജ് പ്രഖ്യാപിച്ചിരുന്നു. അത് എവിടെ? ആവിയായിപ്പോയോ?
കഴിഞ്ഞ ബഡ്ജറ്റുകളില്‍ നടത്തിയ വമ്പന്‍ പ്രഖ്യാപനങ്ങളില്‍ ഒന്നു പോലും നടപ്പാക്കിയില്ല. ഇടുക്കിക്ക് 5000 കോടിയുടെ പാക്കേജ്, വയനാട്ടിന് 2000 കോടിയുടെ പാക്കേജ്, കുട്ടനാടിന് ആയിരും കോടിയുടെ പാക്കേജ് എന്നിങ്ങനെ പ്രഖ്യാപിച്ചു. എവിടെ പോയി ഈ കോടികള്‍?
ആദിവാസികള്‍ക്ക് ഒരു ഏക്കര്‍ ഭൂമി വീതം നല്‍കുമെന്ന് പ്രഖ്യാപിച്ചത് 2016-17 ലെ ബഡ്ജറ്റിലാണ്. നടപ്പായോ? 12,000 കോടിയുടെ അടിസ്ഥാന വികസനവും 1000 കോടിയുടെ ആരോഗ്യ ചികിത്സാ പദ്ധതിയും ആ ബഡ്ജറ്റില്‍ പ്രഖ്യാപിച്ചു. എന്തെങ്കിലും നടന്നോ?
ജനങ്ങളെ എന്നും കബളിപ്പിക്കാമെന്നാണോ സര്‍ക്കാര്‍ കരുതുന്നത്?