LIFETRENDING

വാക്സിൻ വന്നാൽ എല്ലാം തീർന്നുവെന്ന്‌ കരുതിക്കളയരുത്- ഡോ.സുൽഫി നൂഹു

“ദേ വാക്സിൻ”❣
………………

വാക്സിൻ വരാൻ വേണ്ടി കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കുകയാണ് കേരളം, ഭാരതം.

വാക്സിൻ വന്നാൽ എല്ലാം തീർന്നുവെന്നും കരുതിക്കളയരുത്.

ഒരു കാര്യം ഉറപ്പ്. വാക്സിൻ, കോവിഡ്-19 ന്റെ അവസാനത്തിൻറെ തുടക്കമാകും

കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കുന്ന കാരണങ്ങൾ

എണ്ണിയെണ്ണി പറയാൻ കഴിയും

1.വാക്സിൻ രോഗം വരാതെ സംരക്ഷിക്കും.
മരണനിരക്ക് കുറവാണെങ്കിലും ആർക്കാണ് മരണം സംഭവിക്കുകയെന്നുള്ളത് കൃത്യമായി പറയാൻ കഴിയില്ല

2. കുറഞ്ഞത് ആറുമാസം രോഗം വരില്ല.
ചിലപ്പോൾ അതിലേറെയാകാൻ സാധ്യതയുണ്ട്. വൈറസിന്റെ പ്രായം ഒരു കൊല്ലം മാത്രം. അതുകൊണ്ടുതന്നെ രണ്ട് കൊല്ലം കഴിയുമ്പോൾ അല്ലെങ്കിൽ അഞ്ചു കൊല്ലം കഴിയുമ്പോൾ സംരക്ഷണം ലഭിക്കുമോ എന്ന് ഇപ്പോൾ പറയാൻ കഴിയില്ല.
അതായത് കൂടുതൽ നാൾ സംരക്ഷണം കിട്ടിയാലും അത്ഭുതമില്ല.

3. രണ്ടാമത്തെ ഡോസും കഴിഞ്ഞ് കുറച്ചുനാൾ കഴിയുമ്പോൾ രോഗപ്രതിരോധശേഷി ലഭിക്കും.

4. വാക്സിൻ ദൂഷ്യവശങ്ങൾ വളരെ വളരെ കുറവാണ്.
കുത്തിവെക്കുന്ന സ്ഥലത്തെ തടിപ്പും ചെറിയ ശരീരവേദനയുമൊക്കെ തന്നെ സ്വാഭാവികം.
ചില വാക്സിനുകൾ അല്പം ശരീരതാപം കൂട്ടുകയും ചെയ്യും. അത്രമാത്രം.

വേദന കാരണം കുഴഞ്ഞു വീഴുക ക്ഷീണം അനുഭവപ്പെടുക ഇതൊക്കെ സംഭവിക്കാം. അതൊക്കെ നിസ്സാരമായ പ്രതിപ്രവർത്തനങ്ങൾ .

അപൂർവ്വങ്ങളിൽ അപൂർവ്വമായി അതായത് ലക്ഷക്കണക്കിന് ആൾക്കാരിൽ ചില ആൾക്കാർക്ക് അനാഫൈലക്സിസ് എന്ന ഗുരുതരമായ ബുദ്ധിമുട്ട് ഉണ്ടാകാൻ സാധ്യതയുണ്ട്. എന്നാൽ അത്തരമൊരു ഗുരുതര പ്രത്യാഘാതം നേരിടുവാനുള്ള സംവിധാനങ്ങൾ തയ്യാറാക്കി കൊണ്ടുതന്നെയാണ് കുത്തിവയ്പ്പ് നടത്തുന്നത്.
അത്തരമൊരു സാധ്യത എല്ലാ ഇഞ്ചക്ഷനുകൾക്കുമുണെന്നുള്ളത് സത്യം. മറ്റൊരർത്ഥത്തിൽ പറഞ്ഞാൽ റോഡിലേക്ക് ഇറങ്ങുമ്പോൾ ഉണ്ടാകാൻ സാധ്യതയുള്ള അപകടങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇതിനുള്ള സാധ്യത വളരെ വളരെ വളരെ വളരെ വളരെ കുറവ്.
5. ഇപ്പോൾ വാക്സിൻ നൽകുന്നത് ആരോഗ്യ പ്രവർത്തകർക്കും മറ്റ് മുൻനിര പ്രതിരോധ പ്രവർത്തകർക്കും മറ്റ് രോഗങ്ങൾ ഉള്ളവരിലും പ്രായാധിക്യമുള്ളവരിലും.

ആരോഗ്യപ്രവർത്തകർക്ക് പൊതുവേയുള്ള സംരക്ഷണം ലഭിക്കുന്നതോടെ കോവിഡ് ഇതര രോഗങ്ങൾക്കും കൂടുതൽ നല്ല ചികിത്സ ലഭ്യമാക്കുവാൻ കഴിയും

6.വാക്സിനെക്കുറിച്ച് ദുഷ്പ്രചരണങ്ങൾ ഉണ്ടാകാൻ ഇടയുണ്ട്യെന്നുള്ളത് സത്യം.

ചില സാമ്പിളുകൾ താഴെ

വാക്സിനിൽ പന്നിയിറച്ചി.

ഇന്ത്യയിലെ ലഭ്യമാകാൻ പോകുന്ന വാക്സിനുകളിൽ പന്നിയുടെ അംശമുണ്ടെന്നുള്ള പ്രചരണം അബദ്ധജടിലം.

ഉണ്ടെങ്കിൽ പോലും ജീവൻ രക്ഷിക്കുന്ന മരുന്നിന് പന്നിയുടെ അംശമുണ്ടെങ്കിലെന്ത്?

പ്രത്യുൽപാദനശേഷി നശിപ്പിക്കുന്നു

ഇത് പഴയ കുപ്പിയിലെ പഴയ ആയുധം പ്രത്യുൽപാദനശേഷി നശിപ്പിക്കുമെന്നുള്ളന്നുള്ളത് എല്ലാ വാക്സിനുകളെ
കുറിച്ചുമുള്ള കുപ്രചരണമാണ്

വാക്സിൻ എടുത്താൽ മദ്യപിക്കാൻ പാടില്ല.

വാക്സിൻ എടുത്താലും ഇല്ലെങ്കിലും അമിത മദ്യപാനം നല്ലതല്ല.
ഇപ്പോൾ ലഭ്യമാകുന്ന വാക്സിനുകളും മദ്യപാനവും തമ്മിൽ ഒരു ബന്ധവുമില്ല.

അങ്ങനെ വാക്സിനു വേണ്ടി കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കാൻ നൂറു കാരണങ്ങൾ.

മാസ്കും അകലവും പ്രതിരോധശേഷി പരിപൂർണ്ണമായി ഉണ്ടാകുന്നതുവരെ വേണ്ടിവന്നേക്കാം

ആധുനിക വൈദ്യശാസ്ത്ര ശാഖയുടെ എല്ലാ കാലത്തെയും ഏറ്റവും വലിയ നേട്ടങ്ങളിൽ ഒന്നായ വാക്സിനുകൾ ചതിക്കില്ല

ഉറപ്പാണ്

അതുകൊണ്ടുതന്നെ അവസാനത്തിന്റെ തുടക്കത്തിനു വേണ്ടി കണ്ണിൽ എണ്ണ മാത്രമല്ല എന്തുമൊഴിച്ച് കാത്തിരിക്കും

ഡോ സുൽഫി നൂഹു

Back to top button
error: