Lead NewsNEWS

കാട്ടിനുളളില്‍ പ്രസവിച്ച ആദിവാസി യുവതിക്കും കുഞ്ഞിനും ദാരുണാന്ത്യം, ആരോഗ്യപ്രവര്‍ത്തകര്‍ അറിഞ്ഞത് 2 ദിവസത്തിന് ശേഷം

കാട്ടിനുളളില്‍ പ്രസവിച്ച ആദിവാസി യുവതിയും കുഞ്ഞും മരിച്ചു. ചോലനായ്ക്കനായ മോഹനന്റെ ഭാര്യ നിഷ എന്ന ചക്കി(38)യും അവരുടെ ആണ്‍കുഞ്ഞുമാണ് മരിച്ചത്. കരുളായിയില്‍ നെടുങ്കയത്തു നിന്ന് 20 കിലോമീറ്റര്‍ ഉള്‍കാടിനുള്ളിലെ മണ്ണളയിലാണ് സംഭവം.

യുവതിയുടെ മരണവും സംസ്‌കാരവും കഴിഞ്ഞ് രണ്ടു ദിവസത്തിനു ശേഷമാണ് സംഭവം ആരോഗ്യ പ്രവര്‍ത്തകര്‍ അറിയുന്നത്. വ്യാഴാഴ്ച പുലര്‍ച്ചെ പ്രസവത്തിനു ശേഷം കുഞ്ഞിന് പാലു നല്‍കിയതിനു പിന്നാലെ നിഷ മരിക്കുകയായിരുന്നെന്ന് ഭര്‍ത്താവ് മോഹനന്‍ പറയുന്നു.

Signature-ad

നിഷ മരിച്ച് രണ്ടു ദിവസം കുഞ്ഞിനെ നോക്കിയെങ്കിലും ശനിയാഴ്ച വൈകുന്നേരത്തോടെ കുഞ്ഞ് മരിക്കുകയായിരുന്നു. കുഞ്ഞിന്റെ മൂക്കില്‍ നിന്ന് രക്തം വന്നിരുന്നു. നിഷയ്ക്ക് ഗര്‍ഭകാലത്ത് വേണ്ടത്ര മരുന്നുകളൊ പരിചരണങ്ങളൊ ലഭിക്കാതിരുന്നതാണ് മരണകാരണമെന്ന് ബന്ധുക്കള്‍ പറയുന്നു. നിഷയുടെ മൂന്നാമത്തെ പ്രസവമായിരുന്നു ഇത്. നേരത്തെ ഒരു പ്രസവവും കാട്ടില്‍ തന്നെയായിരുന്നു. അതേ സമയം പ്രസവം ആശുപത്രിയിലാക്കണമെന്ന ഉദ്യോഗസ്ഥരുടെ നിര്‍ദേശങ്ങള്‍ പാലിക്കാത്തതാണ് ഇത്തരത്തിലുള്ള മരണങ്ങള്‍ക്ക് ഇടയാക്കുന്നത് എന്നാണ് അധികൃതര്‍ പറയുന്നത്.

നിഷയുടെ പ്രസവത്തിന്റെ തലേ ദിവസം ആരോഗ്യ പ്രവര്‍ത്തകര്‍ മാഞ്ചീരിയില്‍ ക്യാംപിന് എത്തിയിരുന്നു. ഈ സമയം നിഷയുടെ ബന്ധുക്കളോട് ഇവരെ ആശുപത്രിയില്‍ എത്തിക്കണമെന്ന് നിര്‍ദേശിച്ചിരുന്നതാണ്. ശനിയാഴ്ചയും കാണാഞ്ഞതിനെ തുടര്‍ന്ന് വിളിച്ചു ചോദിച്ചപ്പോഴാണ് നിഷ മരിച്ച വിവരം അറിയുന്നതെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നു. തുടര്‍ന്ന് അധികൃതര്‍ കാട്ടില്‍ ഇവരുടെ കുടില്‍ സന്ദര്‍ശിക്കുകയും കുഞ്ഞിന് വേണ്ട പാല്‍പ്പൊടി നല്‍കുകയും ചെയ്‌തെന്ന് ഡോക്ടര്‍ പറയുന്നു.

പുറംലോകവുമായി ബന്ധം പുലര്‍ത്തുന്നതിന് ഇപ്പോഴും വിമുഖത കാട്ടുന്ന ആദിവാസി ഗോത്ര സമൂഹമാണ് ചോലനായ്ക്കന്‍മാര്‍. ഇവരെ പൊതുസമൂഹത്തിലേയ്ക്ക് കൊണ്ടുവരാന്‍ സര്‍ക്കാര്‍ തലത്തില്‍ പല പദ്ധതികള്‍ നടപ്പാക്കാന്‍ ശ്രമങ്ങളുണ്ടായിട്ടുണ്ട്. ഉള്‍ വനത്തിലേയ്ക്ക് എത്തിപ്പെടുന്നതിനുള്ള ബുദ്ധിമുട്ടുകള്‍ ഉള്ളതിനാല്‍ ഇവര്‍ക്കായുള്ള മിക്ക സര്‍ക്കാര്‍ പദ്ധതികളും പാതിവഴിയില്‍ മുടങ്ങുകയോ നടപ്പാകാതെ പോകുകയോ ചെയ്യുകയാണ് പതിവ്.

Back to top button
error: