കാഞ്ഞങ്ങാട്: ഡി.വൈ.എഫ്.ഐ പ്രവര്ത്തകന് കല്ലൂരാവി പഴയകടപ്പുറത്തെ അബ്ദുല്‍ റഹ്മാന് ഔഫിനെ കൊലപ്പെടുത്തിയ കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണമാരംഭിച്ചു. ക്രൈംബ്രാഞ്ച് കണ്ണൂര്‍ യൂണിറ്റ് എസ്.പി കെ.കെ മൊയ്തീന്‍കുട്ടി, അന്വേഷണ ഉദ്യോഗസ്ഥനായ കാസര്‍കോട് ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി കെ. ദാമോദരന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം കൊലനടന്ന മുണ്ടത്തോട്-ബാവനഗര്‍ റോഡില്‍ തിങ്കളാഴ്ച വൈകിട്ട് പരിശോധന നടത്തി.
നേരത്തെ ഈ കേസ് അന്വേഷിച്ച പ്രത്യേക പൊലീസ് സംഘത്തിലെ ഇന്‍സ്പെക്ടര്‍ എ അനില്‍കുമാര്‍ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ക്ക് കേസ് ഡയറി കൈമാറി. ഇതുവരെയുള്ള അന്വേഷണവുമായി ബന്ധപ്പെട്ട വിശദമായ വിവരങ്ങള്‍ അന്വേഷണസംഘം പൊലീസിനോട് ചോദിച്ചറിഞ്ഞു. തുടര്‍ന്ന് എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്യുകയും അന്വേഷണം ഏറ്റെടുത്ത വിവരം ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേട്ട് കോടതിയെ അറിയിക്കുകയും ചെയ്തു.
ഔഫ് വധവുമായി ബന്ധപ്പെട്ട് യൂത്ത് ലീഗ് നേതാവ് ഇര്‍ഷാദ്, എം.എസ്.എഫ് നേതാവ് ഹസന്, യൂത്ത് ലീഗ് പ്രവര്ത്തകന് ആഷിര്‍ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കൊലപാതകത്തില്‍ ഗൂഡാലോചന നടന്നതായി ഔഫിന്റെ ബന്ധുക്കള്‍ ആരോപണുയര്‍ത്തിയ സാഹചര്യത്തിലാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത്. റിമാണ്ടില്‍ കഴിയുന്ന മൂന്ന് പ്രതികളെയും കസ്റ്റഡിയില്‍ കിട്ടുന്നതിന് ക്രൈംബ്രാഞ്ച് ഹൊസ്ദുര്‍ഗ് കോടതിയില്‍ ഹരജി നല്‍കും.
കാസര്‍കോട് ക്രൈംബ്രാഞ്ച് ഇന്‍സ്പെക്ടര്‍ പി.എ അബ്ദുല്‍ റഹീം, എസ്.ഐ വിജയന് മേലത്ത്, ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷനിലെ അഡീഷണല്‍ എസ്.ഐ കെ മധു, ഗ്രേഡ് എസ്.ഐ പി.ജെ വിത്സണ്, എ.എസ്.ഐ എന്‍.കെ ശശി എന്നിവരും അന്വേഷണസംഘത്തിലുണ്ട്.