ബിജെപിക്കെതിരെ ഏതറ്റം വരെയും പോകാൻ തയ്യാറെന്ന സൂചനകളുമായി ശിവസേന. ബിജെപി വിരുദ്ധ പാർട്ടികൾ യു പി എയ്ക്ക് കീഴിൽ ഒരുമിച്ചു അണിനിരക്കണമെന്ന് ശിവസേന ആവശ്യപ്പെട്ടു. യുപിഎയിലേയ്ക്ക് നീങ്ങാനുള്ള സന്നദ്ധത ശിവസേന പ്രകടിപ്പിച്ചു. എൻ ഡി എ വിട്ടെങ്കിലും ഇപ്പോഴും യു പി എയിൽ അംഗമല്ല ശിവസേന.
“രാഹുൽഗാന്ധി സ്വന്തംനിലയ്ക്ക് പോരാടുന്നുണ്ട്.എന്നാൽ അതിൽ പോരായ്മകളുണ്ട്. സന്നദ്ധ സംഘടന പോലെയാണ് യുപിഎ പ്രവർത്തനം നടത്തുന്നത്. കർഷക പ്രക്ഷോഭത്തിൽ പോലും സർക്കാരിന് മേൽ സമ്മർദ്ദം ചെലുത്താൻ യുപിഎയ്ക്ക് ആകുന്നില്ല. ” ശിവസേന മുഖപത്രമായ സാമ്നയിലെ ലേഖനത്തിൽ പാർട്ടി ചൂണ്ടിക്കാട്ടി.
” എൻ സി പി അധ്യക്ഷൻ ശരത്പവാർ ദേശീയതലത്തിൽ അംഗീകാരമുള്ള നേതാവാണ്. തൃണമൂൽ കോൺഗ്രസ്, ശിവസേന,ബിഎസ്പി,സമാജ് വാദി പാർട്ടി, അകാലിദൾ,വൈഎസ്ആർ കോൺഗ്രസ്, ജനതാദൾ-എസ്, തെലങ്കാന രാഷ്ട്ര സമിതി, ബിജു ജനതാദൾ എന്നീ പാർട്ടികളെല്ലാം ബിജെപിയെ ശക്തമായി എതിർക്കുന്നവരാണ്. ഈ പാർട്ടികളെല്ലാം ചേർന്ന് യുപിഎയെ ശക്തിപ്പെടുത്തണം. ” ശിവസേന ആവശ്യപ്പെട്ടു.
കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള ഭിന്നത ശിവസേന ആശങ്കയോടെ കാണുന്നു. സംസ്ഥാനങ്ങൾ ഇന്ത്യയിൽ നിന്ന് വിഘടിക്കുന്ന കാലം അകലെയല്ല എന്നാണ് ശിവസേന അഭിപ്രായപ്പെടുന്നത്.