രക്ത സാക്ഷികൾ തങ്ങളുടെ രക്തത്താൽ എഴുതിയ പേരാണ് എസ്എഫ്ഐ. വിദ്യാർത്ഥി സംഘടനയായ സ്റ്റുഡൻസ് ഫെഡറേഷൻ ഓഫ് ഇന്ത്യയ്ക്ക് ഇന്ന് 50 വയസ്സ്.
1970ൽ ഡിസംബർ 27 മുതൽ 30 വരെ തിരുവനന്തപുരത്ത് നടന്ന ദേശീയ സമ്മേളനത്തിലാണ് എസ്എഫ്ഐ രൂപവത്കരിക്കപ്പെട്ടത്. എസ്എഫ്ഐയുടെ ഭരണഘടനയും നയപ്രഖ്യാപനവും പതാകയും അംഗീകരിക്കുന്നത് ഡിസംബർ 29ന്. മുപ്പതിനാണ് എസ്എഫ്ഐയുടെ ജന്മദിനം. ബിമൻ ബോസ് ആദ്യ ജനറൽ സെക്രട്ടറിയും സി ഭാസ്കരൻ അഖിലേന്ത്യ അധ്യക്ഷനുമായി.
കേരളത്തിൽ സിപിഎം നേതൃത്വത്തിൽ ഉള്ളവരിൽ നല്ലൊരു ശതമാനം രാഷ്ട്രീയത്തിലേക്ക് കടന്നുവന്നത് എസ്എഫ്ഐയിലൂടെയാണ്. ഇന്ന് ഇന്ത്യയിലെ ഏറ്റവും പ്രായംകുറഞ്ഞ മേയർ ആര്യ രാജേന്ദ്രൻ തിരുവനന്തപുരം മേയർ പദവിയിൽ എത്തുന്നതും എസ്എഫ്ഐയിലൂടെയാണ്.
അഞ്ച് പതിറ്റാണ്ട് പൂർത്തിയാക്കുന്ന എസ്എഫ്ഐ സംസ്ഥാന ഘടകത്തിന്റെ ആദ്യ പ്രസിഡന്റ് ജി സുധാകരൻ ആയിരുന്നു. സെക്രട്ടറി സി പി അബൂബക്കറും.
സംസ്ഥാനത്ത് 15 ലക്ഷം അംഗങ്ങളുള്ള എസ്എഫ്ഐക്ക് രാജ്യത്താകമാനം നാൽപ്പത് ലക്ഷത്തി എഴുപത്തി എണ്ണായിരം അംഗങ്ങളാണുള്ളത് എന്നാണ് കണക്ക്. ഫാസിസ്റ്റ് കക്ഷികൾ ഇന്ത്യയിൽ ആഴത്തിൽ വേരാഴ്ത്തുന്ന ഈ ഘട്ടത്തിൽ സമരതീക്ഷ്ണമായ ഭാവിയാണ് ഇന്ത്യയിലെ ഏറ്റവും ചുറുചുറുക്കുള്ള വിദ്യാർഥി പ്രസ്ഥാനത്തെ കാത്തിരിക്കുന്നത്.