നടി ശിഖയുടെ ആരോഗ്യനിലയില്‍ പുരോഗതി

കോവിഡ് ബാധിച്ച് ഒടുക്കം പക്ഷാഘാതം വന്ന് ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്ന നടി ശിഖ മല്‍ഹോത്രയുടെ ആരോഗ്യനിലയില്‍ പുരോഗതി. കഴിഞ്ഞ ദിവസം താരത്തെ ഐസിയുവില്‍ നിന്നും മാറ്റുകയുണ്ടായി. കഴിഞ്ഞുപോയ ദിവസങ്ങള്‍ മറക്കാനാവാത്തതായിരുന്നു എന്ന് ശിഖ പറയുന്നു.

‘എന്റെ ഷുഗര്‍ ലെവല്‍ 26 ആയി താഴ്ന്നിരുന്നു. സാധാരണ ലെവല്‍ 100 ആണ്. എന്റെ ശരീരം ആകെ തളര്‍ന്നുപോയിരുന്നു. ഓക്‌സിജന്‍ ലെവലും കുറഞ്ഞു. പത്തുദിവസത്തോളം ആര്‍ടിഫിഷ്യല്‍ ഓക്‌സിജന്‍ നല്‍കിയാണ് എന്റെ ജീവന്‍ നിലനിര്‍ത്തിയത്.’ ‘നീണ്ട പതിനൊന്ന് ദിവസത്തെ ആശുപത്രി വാസത്തിനുശേഷം വീട്ടിലേയ്ക്കു മടങ്ങുന്നു. ഇപ്പോള്‍ ചെറുതായി നടക്കാന്‍ കഴിയുന്നുണ്ട്. ഫിസിയോതെറാപ്പി മുടങ്ങാതെ ചെയ്യാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. സിനിമയില്‍ ഇനിയും സജീവമാകാന്‍ കഴിയും എന്നാണ് വിചാരിക്കുന്നത്.’ശിഖ പറഞ്ഞു.

മഹാരാഷ്ട്രയില്‍ കോവിഡ് പടര്‍ന്ന് പിടിച്ചിരുന്ന പശ്ചാത്തലത്തിലാണ് നടി ശിഖ മല്‍ഹോത്ര നഴ്‌സിംഗ് രംഗത്തേക്കിറങ്ങുന്നത്. 2014 ല്‍ ഡല്‍ഹിയിലെ മഹാവീര്‍ മെഡിക്കല്‍ കോളജില്‍നിന്ന് നേഴ്‌സിങ് ബിരുദം ശിഖ കരസ്ഥമാക്കിയിരുന്നു. സന്നദ്ധ പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് ശിഖ അഭിനയം വിട്ട് നേഴ്‌സിംഗ് മേഖലയിലേയ്ക്ക് താല്‍ക്കാലികമായി ഇറങ്ങിയത്.

കോവിഡ് ബാധിതരെ ശുശ്രൂഷിക്കുന്നതിനിടെ ഒക്ടോബര്‍ മാസത്തില്‍ ശിഖയ്ക്കും കോവിഡ് വന്നു. ഏകദേശം ഒരു മാസത്തെ ചികിത്സയ്ക്ക് ശേഷം ശിഖയ്ക്ക് കോവിഡ് മാറി. എന്നാല്‍ പിന്നാലെ പക്ഷാഘാതം വന്ന് കിടപ്പിലാവുകയായിരുന്നു.

കോവിഡ് ബാധിതരില്‍ 10 ശതമാനം മുതല്‍ 20 ശതമാനം വരെ കോവിഡനന്തര രോഗങ്ങള്‍ മൂലം ദുരിതമനുഭവിക്കുന്നുണ്ട്. കോഡിനെ പോലെതന്നെ മാരകമാണ് കോവിഡനന്തര രോഗങ്ങളുടെ ഭീഷണി.

”കാഞ്ജലി ലൈഫ് ഇന്‍ സ്ലോ ‘ എന്ന സിനിമയില്‍ പ്രധാന വേഷമാണ് ശിഖ ചെയ്തത്. ഷാരൂഖ് നായകനായ” ഫാന്‍” എന്ന ചിത്രത്തിലും ശിഖ വേഷമിട്ടു. സഫ്ദര്‍ജംഗ് ആശുപത്രിയില്‍ അഞ്ചുവര്‍ഷം നഴ്‌സായി ശിഖ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *