മലയാളത്തിലെ യുവനടിയെ പൊതുസ്ഥലത്ത് വെച്ച് അപമാനിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ അടിയന്തര നടപടി സ്വീകരിച്ച് കേരള പോലീസ്. മാളില്‍ വെച്ച് ചെറുപ്പക്കാര്‍ തന്റെ ശരീരത്തില്‍ സ്പര്‍ശിച്ചുവെന്നും തുടര്‍ന്ന് തന്നെ പിന്തുടര്‍ന്നുവെന്നും സോഷ്യല്‍ മീഡിയയിലൂടെയാണ് താരം വെളിപ്പെടുത്തിയത്. സംഭവത്തില്‍ പരാതിയില്ലെന്ന് നടി പറഞ്ഞെങ്കിലും വനിതാ കമ്മീഷനും കേരള പോലീസും സ്വമേധയാ കേസെടുക്കുകയായിരുന്നു.
സംഭവം നടന്ന മാളിലെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചെന്നും ചെറുപ്പക്കാരെ തിരഞ്ഞറിഞ്ഞെന്നുമാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍. മാളിന്റെ പ്രവേശന കവാടത്തില്‍ വെച്ചിട്ടുള്ള രജിസ്റ്ററുകളും പോലീസ് പരിശോധിച്ചിരുന്നു. പ്രതികളുടേതെന്ന് സംശയിക്കുന്ന വാഹനത്തെപ്പറ്റിയും പോലീസിന് സൂചന ലഭിച്ചിട്ടുണ്ടെന്നാണ് അറിയാന്‍ കഴിയുന്നത്. പ്രതികള്‍ മാസ്ക് വെച്ചിരുന്നതിനാല്‍ ഇവരുടെ മുഖം തിരിച്ചറിയുന്നതിന് പോലീസിന് ബുദ്ധിമുട്ട് നേരിട്ടിട്ടുണ്ട്.വനിത, യുവജന കമ്മീഷനുകള്‍ സംഭവത്തില്‍ പോലീസിനോട് അടിയന്തര റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.
സംഭവശേഷം പോലീസിന് പരാതി നല്കിയില്ലെങ്കിലും താരം സോഷ്യല്‍ മീഡിയയില്‍ തന്റെ ദുരനുഭവം കുറിക്കുകയായിരുന്നു. സംഭവം വിവാദമായതോടെ കൊച്ചി പോലീസ് കമ്മീഷണര്‍ വിജയ് സാഖറെ കളമശേരി പോലീസിന് നിര്‍ദേശം നല്കി. തുടര്‍ന്ന് താരത്തിന്റെ വീട്ടിലെത്തിയ പോലീസ് നടിയുടെ മൊഴിയെടുക്കുകയും അമ്മയില്‍ നിന്നും പരാതി എഴുതി വാങ്ങുകയുമായിരുന്നു