ഹേംനാഥിനെ കുടുക്കിയത് ചിത്രയുടെ വോയിസ് ക്ലിപ്പ്

മിഴ് സീരിയല്‍ താരം വിജെ ചിത്രയുടെ മരണവാര്‍ത്തയായിരുന്നു കഴിഞ്ഞ കുറെ ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞിരുന്നത്. ഇപ്പോഴിതാ നടിയുടെ പ്രതിശ്രുത വരന്‍ ഹേംനാഥിലേക്ക് അറസ്റ്റ് ചെയ്യാന്‍ ഇടയാക്കിയതിന്റെ വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് പോലീസ്.

ചിത്രയുടെ മൊബൈല്‍ ഫോണില്‍നിന്നു വീണ്ടെടുത്ത ഓഡിയോ ക്ലിപ് ആണ് ഹേംനാഥിന്റെ അറസ്റ്റിലേക്ക് നയിച്ചതെന്നു പൊലീസ് പറയുന്നു.

ചിത്രയും ഹേംനാഥിന്റെ അച്ഛനും തമ്മിലുള്ളതാണ് ഫോണ്‍ സംഭാഷണം. ജനപ്രിയ ടിവി പരിപാടി പാണ്ഡ്യന്‍ സ്റ്റോഴ്‌സിലെ നടന്മാരോടൊപ്പം ഇഴുകിച്ചേര്‍ന്ന് അഭിനയിക്കുന്നതിനെ ഹേംനാഥ് നിരന്തരം എതിര്‍ത്തിരുന്നതായി ചിത്ര ഹേംനാഥിന്റെ അച്ഛനോടു പറഞ്ഞതായാണ് വിവരം. ചിത്രയുടെ ഫോണില്‍നിന്നു ഹേംനാഥ് ഡിലീറ്റ് ചെയ്തിരുന്ന ഓഡിയോ ക്ലിപ് സൈബര്‍ പൊലീസ് വീണ്ടെടുക്കുകയായിരുന്നു.

അതേസമയം, ഹേംനാഥിനെ ശ്രീപെരുംപുത്തൂര്‍ ആര്‍ഡിഒ ചോദ്യം ചെയ്തു. കേസില്‍ അറസ്റ്റിലായ ഹേംനാഥിനെ തുടര്‍ച്ചയായി 5 ദിവസം പൊലീസ് ചോദ്യം ചെയ്തതിനു പിന്നാലെയാണ് ആര്‍ഡിഒ ചോദ്യം ചെയ്യുന്നത്. സ്ത്രീധനത്തിന്റെ പേരില്‍ ചിത്ര പീഡനം നേരിട്ടിരുന്നോ എന്നും ആര്‍ഡിഒ അന്വേഷിക്കുന്നുണ്ട്. ചിത്രയ്ക്ക് 50 പവനും വിവാഹ സമ്മാനമായി ഹേംനാഥിന് 20 പവനും നല്‍കിയിരുന്നതായി ചിത്രയുടെ അമ്മ നേരത്തേ ചോദ്യം ചെയ്യലില്‍ പറഞ്ഞിരുന്നു.

ചിത്രയുടെ മരണത്തില്‍ ഹേംനാഥിനെ സംശയമുണ്ടെന്ന് അമ്മ ആരോപിച്ചിരുതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലായിരുന്നു കഴിഞ്ഞ ദിവസം ഹേംനാഥിനെ പോലീസ് അറസ്റ്റ് ചെയ്തത്. ആഗസ്തിലായിരുന്നു ചിത്രയുടെയും ഹേംനാഥിന്റെയും വിവാഹനിശ്ചയം നടന്നത്. ജനുവരിയിലേക്കായിരുന്നു വിവാഹം തീരുമാനിച്ചിരുന്നത്. എന്നാല്‍ രണ്ട് മാസം മുന്‍പ് ഇരുവരും വിവാഹം രജിസ്റ്റര്‍ ചെയ്തിരുന്നു.

ഡിസംബര്‍ 9നാണ് നടിയെ ചെന്നൈ നസ്രത്ത്പേട്ടിലെ ഹോട്ടല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇ.വി.പി. ഫിലിം സിറ്റിയില്‍ ഒരു പരിപാടിയുടെ ഷൂട്ട് കഴിഞ്ഞ് പുലര്‍ച്ചെ ഒരു മണിയോടെയാണ് ചിത്ര ഹോട്ടല്‍ മുറിയില്‍ തിരിച്ചെത്തിയത്. ഹേംനാഥും അതേ ഹോട്ടലില്‍ ചിത്രയ്ക്കൊപ്പം ഉണ്ടായിരുന്നു. കുളിക്കാന്‍ പോകുന്നുവെന്ന് പറഞ്ഞ് റൂമില്‍ കയറിയ ചിത്രയെ ഏറെ നേരം കാണാഞ്ഞിട്ടും സംശയം തോന്നിയപ്പോള്‍ ഹോട്ടല്‍ ജീവനക്കാരെ വിളിക്കുകയായിരുന്നുവെന്ന് ഹേംനാഥ് പറയുന്നു. ഡ്യൂപ്ലിക്കേറ്റ് താക്കോല്‍ ഉപയോഗിച്ച് റൂം തുറന്നപ്പോള്‍ ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *