സോഷ്യല്‍ മീഡിയയിലെ സൂപ്പര്‍ സ്ഥാനാര്‍ത്ഥിക്ക് തോല്‍വി
സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായ അഡ്വ. വിബിത ബാബുവിന് പരാജയം. പത്തനംതിട്ട ജില്ലാ പഞ്ചായത്ത് മല്ലപ്പള്ളി ഡിവിഷനിലെ യു.ഡി.എഫ്. സ്ഥാനാര്‍ത്ഥിയായിരുന്നു വിബിത ബാബു. എല്‍.ഡി.എഫിലെ സി.കെ. ലതാകുമാരിയാണ് ഇവിടെ വിജയിച്ചത്. വോട്ടെണ്ണലിന്റെ ആദ്യഘട്ടത്തില്‍ വിബിത ബാബു മൂന്നാമതായിരുന്നു. ബി.ജെ.പി. സ്ഥാനാര്‍ത്ഥിയാണ് ആദ്യറൗണ്ടുകളില്‍ മല്ലപ്പള്ളി ഡിവിഷനില്‍ മുന്നിട്ടുനിന്നത്. പിന്നീട് എല്‍.ഡി.എഫ്. സ്ഥാനാര്‍ത്ഥി വ്യക്തമായ മുന്നേറ്റം നേടി ഒന്നാമതെത്തുകയായിരുന്നു.
തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി മുണ്ടുടത്ത് നല്ല ഫാഷനില്‍ വോട്ട് ചോദിക്കുന്ന വിബിതയായിരുന്നു സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച വിഷയം. ഒരു കൂട്ടര്‍ ഒരു സ്ഥാനാര്‍ത്ഥിക്ക് യോജിച്ച വേഷമല്ലിതെന്ന് പറയുമ്പോഴും സ്ഥാനാര്‍ത്ഥി ആയതുകൊണ്ട് നല്ല വസ്ത്രങ്ങള്‍ ധരിക്കരുതെന്ന് പറയുന്നതിനോട് യോജിപ്പില്ലെന്നായിരുന്നു വിബിതയുടെ പക്ഷം. പുതിയ കാലത്ത് മത്സരിക്കുമ്പോള്‍ നമ്മള്‍ മാറ്റങ്ങളെ ഉള്‍ക്കൊള്ളണമെന്നും വിബിത പറഞ്ഞിരുന്നു.
വിബിതയെപ്പോലെ തന്നെ കേരളമൊട്ടാകെ പല സ്ഥാനാര്‍ത്ഥികളും കൈയ്യടി നേടിയിരുന്നെങ്കിലും കൂട്ടത്തില്‍ ഏറ്റവും കൈയ്യടി നേടിയത് വിബിത തന്നെയായിരുന്നു. തിരുവനന്തപുരം ലോ അക്കാദമിയില്‍ നിന്നും ബിരുദമെടുത്ത വിബിത തിരുവല്ലയിലാണ് പ്രാക്ടീസ് ചെയ്യുന്നത്. ഓര്‍ത്തഡോക്സ് യുവജന പ്രസ്ഥാനങ്ങളിലൂടെയാണ് വിബിത സംഘടന രംഗത്തേക്ക് കടന്നു വന്നത്. കോളജ് വിദ്യാഭ്യാസ കാലത്ത് കെ.എസ്.യു വിലൂടെ രാഷ്ട്രീയ രംഗത്ത് സജീവമായി. നിയമസഹായ ക്ലാസ്സുകളിലും സജീവമാണ് വിബിത.