പ്രദീപിന്റെ മരണത്തിലെ ദുരൂഹത അന്വേഷിക്കണം:മുല്ലപ്പള്ളി
മാധ്യമപ്രവര്‍ത്തകന്‍ എസ് വി പ്രദീപിന്റെ മരണത്തിലെ ദുരൂഹത അന്വേഷിക്കണമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. സര്‍ക്കാരിന്റെയും സിപിഎമ്മിന്റെയും കടുത്ത വിമര്‍ശകനായിരുന്നു അപകടത്തില്‍ മരിച്ച എസ് വി പ്രദീപ്. എസ് വി പ്രദീപിന്റെ മരണത്തെ ലാഘവബുദ്ധിയോടെ നോക്കികാണാനാകില്ല.
ദുരൂഹമായ സാഹചര്യത്തില്‍ നടന്ന മരണമാണ്. ആവിഷ്‌ക്കാര സ്വാതന്ത്ര്യം തടസ്സപ്പെടുത്തി മാധ്യമപ്രവര്‍ത്തകരുടെ വായ്മൂടിക്കെട്ടാന്‍ പത്രമാരണ നിയമം കൊണ്ടുവന്ന സര്‍ക്കാരാണ് കേരളത്തിലേത്.ആ സര്‍ക്കാരില്‍ നിന്നും നീതി കിട്ടുമെന്ന് പ്രതീക്ഷയില്ല.
യുവതലമുറയിലെ മാധ്യമപ്രവര്‍ത്തകരില്‍ ഏറെ പ്രതീക്ഷയുണ്ടായിരുന്ന കെഎം ബഷീറിന്റെ ദാരുണ മരണം കേരളം മറന്നിട്ടില്ല. ആ കേസ് അന്വേഷണം എവിടെയും എത്തിയില്ല. ബഷീറിന്റെ മരണത്തിന് ഉത്തരവാദിയായ ഐഎഎസ് ഉദ്യോഗസ്ഥനെ സര്‍വീസില്‍ തിരിച്ചെടുത്ത് അദ്ദേഹത്തെ ആദരിക്കുകയാണ് ഈ സര്‍ക്കാര്‍ ചെയ്തത്.
ഇത്തരം ഒരു സാഹചര്യത്തില്‍ ഈ സര്‍ക്കാരിന്റെ കീഴില്‍ നടക്കുന്ന അന്വേഷണത്തില്‍ യഥാര്‍ത്ഥ പ്രതികള്‍ ശിക്ഷിക്കപ്പെടില്ല. പ്രതികളായ ഉന്നതരെ രക്ഷിക്കാന്‍ പ്രഹസന അന്വേഷണം നടത്തി അവരെ വെള്ളപൂശുന്ന റിപ്പോര്‍ട്ട് തയ്യാറാക്കുകയാണ് ആഭ്യന്തര വകുപ്പ് ചെയ്യുന്നതെന്നും മുല്ലപ്പള്ളി കുറ്റപ്പെടുത്തി.