പെരിയ ഇരട്ടക്കൊലപാതകം പുനരാവിഷ്‌കരിച്ച് അന്വേഷണ സംഘം
പെരിയ ഇരട്ടക്കൊലപാതകം പുനരാവിഷ്‌കരിച്ച് അന്വേഷണ സംഘം. തിരുവനന്തപുരം യൂണിറ്റ് സൂപ്രണ്ട് നന്ദകുമാരന്‍ നായരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് കൊലപാതകം നടന്ന സ്ഥലത്ത് പുനരാവിഷ്‌കാരം നടത്തിയത്.
അക്രമിസംഘം ഒളിച്ചുനില്‍ക്കുന്നതും ബൈക്ക് തടഞ്ഞ് വെട്ടുന്നതും ഉള്‍പ്പെടെ പുനരാവിഷ്‌കരിച്ചു. കേസിലെ ദൃക്‌സാക്ഷികളെയും സ്ഥലത്തെത്തിച്ചു. കല്യോട്ട് കൂരാങ്കര റോഡില്‍വച്ചാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ്, ശരത്ലാല്‍ എന്നിവര്‍ക്കു വെട്ടേറ്റത്. ഇവര്‍ വീണ് കിടക്കുന്നതു കണ്ടത് ജീപ്പിലെത്തിയ ബന്ധുക്കള്‍ ഉള്‍പ്പെടെയുള്ളവരായിരുന്നു. ഈ ജീപ്പില്‍ കയറ്റിയാണ് ശരത്ലാലിനെ ആശുപത്രിയില്‍ എത്തിച്ചത്. ഈ ജീപ്പും പുനരാവിഷ്‌കാരത്തിനായി എത്തിച്ചിരുന്നു.
അതേസമയം, സിബിഐ ആവശ്യപ്പെട്ട സൗകര്യങ്ങള്‍ നല്‍കാതെ സര്‍ക്കാര്‍ അന്വേഷണത്തോട് നിസഹകരിച്ചു. ലോക്കല്‍ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും നടത്തിയ അന്വേഷണത്തില്‍ സംശയമുയര്‍ത്തിയാണ് കൃപേഷിന്റെയും ശരത് ലാലിന്റെയും കുടുംബം സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്.
ഈ വര്‍ഷം ഫെബ്രുവരി 17നാണ് പെരിയയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷും ശരത്ലാലും കൊല്ലപ്പെട്ടത്. ഏച്ചിലടുക്കം റോഡിന് സമീപം കാറിലെത്തിയ സംഘം ഇരുവരേയും തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നു. ശരീരമാസകലം വെട്ടേറ്റ ശരത്ത് ലാലും തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കൃപേഷും ആശുപത്രിയിലേക്കുളള വഴിമധ്യേയാണ് മരിച്ചത്.
ഒന്നാം പ്രതി പീതാംബരന്റെ വ്യക്തി വിരോധമാണ് പെരിയയിലെ കൊലപാതകത്തിന് പിന്നിലെന്നായിരുന്നു ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോര്‍ട്ട്. പീതാംബരനടക്കം പതിനാല് പേരാണ് കേസില്‍ ഉള്‍പ്പെട്ടിരുന്നത്. സജി സി ജോര്‍ജ്, സുരേഷ്, അനില്‍ കുമാര്‍, ഗിജിന്‍, ശ്രീരാഗ്, അശ്വിന്‍, സുബീഷ്, മുരളി, രഞ്ജിത്ത്, പ്രദീപന്‍, മണികണ്ഠന്‍, ബാലകൃഷ്ണന്‍ എന്‍, മണികണ്ഠന്‍ ബി എന്നിവരാണ് ഈ കുറ്റപത്രം പ്രകാരമുളള മറ്റ് പ്രതികള്‍.