രണ്ടാംഘട്ട പോളിംഗിലും  ഒന്നാം ഘട്ടം പോലെ  യു.ഡി.എഫ് തരംഗം ഉണ്ടാകും: രമേശ് ചെന്നിത്തല

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ ഒന്നാം ഘട്ടത്തില്‍ ദൃശ്യമായതു പോലുള്ള യു.ഡി.എഫ് തരംഗം നാളെ  നടക്കുന്ന രണ്ടാം ഘട്ടത്തിലും ഉണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

സ്വര്‍ണ്ണക്കടത്തിലും  അഴിമതിയിലും  തട്ടിപ്പിലും മുങ്ങിക്കുളിച്ച  സര്‍ക്കാരിനെതിരായ ജനവികാരം സംസ്ഥാനത്തുടനീളം ശക്തമാണ്. തിരഞ്ഞെടുപ്പ് രംഗത്ത് ഈ ജനവികാരം പ്രകടമായി ദൃശ്യമാണ്. സംസ്ഥാനത്തെ ജനങ്ങള്‍ക്ക് തന്നെ അപമാനമായി മാറിയിരിക്കുന്നു ഈ സര്‍ക്കാര്‍. സ്വര്‍ണ്ണക്കടത്തും അഴിമതികളും സംബന്ധിച്ച് ഓരോ ദിവസവും പുറത്തു വരുന്ന വിവരങ്ങള്‍ ഞെട്ടിക്കുന്നതാണ്. സംസ്ഥാനത്തിന്റെ  ചരിത്രത്തിലൊരിക്കലും ഇത്രയും ഹീനമായ ഒരു സര്‍ക്കാര്‍ കേരളത്തിലുണ്ടായിട്ടില്ല.

വികസനത്തിന്റെ കാര്യത്തില്‍ സംസ്ഥാനം ഇടതു ഭരണത്തില്‍ ബഹുകാതം പിന്നോട്ടടിക്കപ്പെട്ടു. എടുത്തു പറയത്തക്ക ഒരു പദ്ധതി പോലും ഈ സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച് പൂര്‍ത്തിയാക്കിയിട്ടില്ല. വികസനത്തിന്റെ കാര്യത്തില്‍ പൂര്‍ണ്ണമായും പരാജയപ്പെട്ട സര്‍ക്കാരാണിത്. എന്നിട്ടും വികസനത്തിന്റെ പേരില്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ കഴിയുമോ എന്ന് നോക്കാനായി  വന്‍പ്രചാരണ കോലാഹലമാണ് സര്‍ക്കാര്‍ നടത്തുന്നത്. ക്ഷേമ പെന്‍ഷനുകളില്‍ കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ വരുത്തിയ വര്‍ദ്ധനവെല്ലാം മറച്ചു വയ്ക്കാനുള്ള സര്‍ക്കാരിന്റെ ശ്രമം ഇതിനകം പൊളിഞ്ഞിട്ടുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കഴുത്ത് ഞെരിക്കുകയാണ് ഈ സര്‍ക്കാര്‍ ചെയ്തത്. തദ്ദേശ സ്ഥാപനങ്ങളുടെ  പ്‌ളാന്‍ഫണ്ട് മുന്‍
പൊരിക്കലുമുണ്ടാകാത്ത തരത്തിലാണ് വെട്ടിക്കുറച്ചത്. ഇത് കാരണം തദ്ദേശ സ്ഥാപനങ്ങള്‍ക്ക് വികസന പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിയാതെ വന്നു. ഇതിനെല്ലാമെതിരായ ജനവികാരം രണ്ടാംഘട്ട പോളിംഗിലും ഉണ്ടാകുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *