ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം ഇന്ന് ചുഴലിക്കാറ്റ് ആയി മാറിയേക്കും.ബുറേലി ചുഴലിക്കാറ്റ് ഇന്ന് ശ്രീലങ്കൻ തീരം തൊടും. വ്യാഴാഴ്ചയോടെ കന്യാകുമാരി തീരത്ത് എത്താനും സാധ്യത ഉണ്ട്.
ചുഴലിക്കാറ്റിനു മുന്നോടിയായി കേരളത്തിൽ അതീവ ജാഗ്രത ആണ് പ്രഖ്യാപിച്ചിട്ടുള്ളത്. സംസ്ഥാനത്ത് അതിതീവ്ര മഴയും ശക്തമായ കാറ്റും അനുഭവപ്പെടും. തെക്കൻ കേരളത്തിൽ ചുഴലിക്കാറ്റ് ജാഗ്രത മുന്നറിയിപ്പ് ഉണ്ട്.
ഡാമുകളിലും റിസർവോയറുകളിലും ജാഗ്രത വേണമെന്ന് കേന്ദ്ര കാലവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തിരുവനന്തപുരം നെയ്യാർ, കൊല്ലം കല്ലട എന്നീ റിസർവോയറുകളിലും പത്തനംതിട്ട കക്കി ഡാമിലും പ്രത്യേക ശ്രദ്ധ വേണം.
തീർത്ഥാടന കാലം പരിഗണിച്ച് പമ്പ, മണിമല, അച്ചൻകോവിൽ എന്നിവിടങ്ങളിലും പ്രത്യേക ജാഗ്രത പുലർത്തണം. തെക്കൻ കേരളത്തിൽ ബുധൻ, വ്യാഴം, വെള്ളി ദിനങ്ങളിൽ മഴ ഉണ്ടാകും എന്നാണ് പ്രവചനം.