നരേന്ദ്രമോദിയുടെ വികസന പദ്ധതികൾ എല്ലാ വിഭാഗം ജനങ്ങളെയും ബി.ജെ.പിയോട് അടുപ്പിച്ചു: കെ.സുരേന്ദ്രൻ
പത്തനംത്തിട്ട: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വികസന നയം എല്ലാ ജനവിഭാഗങ്ങളെയും ബി.ജെപിയോട് അടുപ്പിച്ചെന്ന് ബി.ജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. എല്ലാ തിരഞ്ഞെടുപ്പിലും ചെയ്യുന്ന പോലെ മതന്യൂനപക്ഷങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പ്രചരണം നടത്താൻ ഇത്തവണ ഇടത്-വലത് മുന്നണികൾക്ക് കഴിയാത്തത് മോദിയുടെ ജനപ്രിയ പദ്ധതികൾ കാരണമാണ്. സംസ്ഥാനത്ത് ക്രൈസ്തവർ മോദി അനുകൂല നിലപാടിലേക്ക് വരുന്നത് എൻ.ഡി.എയുടെ മുന്നേറ്റത്തിന് കാരണമാവുമെന്നും പത്തനംത്തിട്ടയിൽ നടന്ന മീറ്റ് ദി പ്രസ് പരിപാടിയിൽ അദ്ദേഹം പറഞ്ഞു.
യു.ഡി.എഫിലെ മുസ്ലിം ലീഗിന്റെ അപ്രമാദിത്വവും ജമാഅത്തെ ഇസ്ലാമിയുമായുള്ള കൂട്ട്കെട്ടും ലൗജിഹാദും വിദേശ രാജ്യങ്ങളിലെ ക്രൈസ്തവ ആരാധനാലയങ്ങൾക്ക് നേരെ നടക്കുന്ന ഭീകരാക്രമണങ്ങളും ക്രൈസ്തവ വിഭാഗത്തിന് കോൺഗ്രസിനോട് അസംതൃപ്തിക്ക് കാരണമാവുന്നുണ്ട്. സാമ്പത്തിക സംവരണത്തിന്റെ കാര്യത്തിൽ മുസ്ലിം വർഗീയവാദികളുടെ അസഹിഷ്ണുത ക്രിസ്ത്യാനികളെ ആശങ്കയിലാക്കുന്നുണ്ട്. മോദിയുടെ ജനക്ഷേമ പ്രവർത്തനങ്ങൾ മലപ്പുറം ജില്ലയിലുൾപ്പെടെ മുസ്ലിം സ്ത്രീകളെ പോലും ബി.ജെ.പിയിലേക്ക് എത്തിക്കുകയാണെന്നും സുരേന്ദ്രൻ പറഞ്ഞു. കഴിഞ്ഞതവണത്തെ തിരഞ്ഞെടുപ്പിൽ ബീഫ് ആയിരുന്നു ഇടതുപക്ഷത്തിന്റെ പ്രാധാന പ്രചരണവിഷയം. എന്നാൽ ഇത്തവണ അതിന് അവർക്ക് കഴിയുന്നില്ല. തിരഞ്ഞെടുപ്പിൽ ഏറ്റവും നേട്ടമുണ്ടാക്കുക എൻ.ഡി.എ ആയിരിക്കും.
പത്തനംത്തിട്ടയിൽ കൂടുതൽ മുന്നേറ്റമുണ്ടാക്കുക ബിജെപിയാണ്. ഭൂരിഭാഗം ജില്ലകളിലും എൽ.ഡി.എഫുമായിട്ടും ചുരുക്കം ചില ജില്ലകളിൽ യു.ഡി.എഫുമായിട്ടും ആണ് എൻ.ഡി.എയുടെ മത്സരം. ബി.ജെ.പി നേട്ടമുണ്ടാക്കുമെന്നുറപ്പുള്ള സ്ഥലങ്ങളിൽ എൽ.ഡി.എഫ്- യു.ഡി.എഫ് ഐക്യം നിലവിൽ വന്നു കഴിഞ്ഞു. അഴിമതി തന്നെയാവും തിരഞ്ഞെടുപ്പിൽ പ്രധാന ചർച്ചയാകുക. പിണറായി സർക്കാരിന്റെ കള്ളക്കടത്ത്, രാജ്യദ്രോഹം, കള്ളപ്പണം എന്നിവ ഉയർത്തുന്നതിൽ യു.ഡി.എഫ് പരാജയപ്പെട്ടു. ആദ്യമായാണ് ഭരണകക്ഷിയും പ്രതിപക്ഷവും ഒരേപോലെ അഴിമതി ആരോപണം നേരിടുന്നത്. കേന്ദ്ര ഏജൻസികൾ അന്വേഷണം ശക്തമാക്കിയതു കൊണ്ടാണ് അഴിമതികൾ പുറത്തായത്. യു.ഡി.എഫ് നേതാക്കൾക്കെതിരായ വിജിലൻസ് അന്വേഷണത്തിന് പിന്നിലും ബി.ജെ.പിയാണെന്ന മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രസ്താവന അത്ഭുതപ്പെടുത്തുന്നതായി സുരേന്ദ്രൻ പറഞ്ഞു. നിരവധി തവണ സംസ്ഥാനം ഭരിച്ച പാർട്ടിയുടെ നേതാവിൽ നിന്നും ഇത്തരം നിലവാരമില്ലാത്ത വാക്കുകൾ വരുന്നത് സ്വബോധം നഷ്ടപ്പെട്ടതു കൊണ്ടാണ്.
ശബരിമലയുടെ കാര്യത്തിൽ പിണറായി സർക്കാർ ഇപ്പോഴും ആചാരാനുഷ്ഠാനങ്ങൾ ലംഘിക്കുകയാണ്. നിലപാട് മാറ്റിയെന്ന് പറഞ്ഞതു കൊണ്ടൊന്നും കാര്യമില്ല നെയ്യഭിഷേകം പോലും നടത്തേണ്ടെന്നാണ് സർക്കാരിന്റെ നിലപാട്. സി.എം രവീന്ദ്രനെ ആശുപത്രിയിൽ കിടത്തുന്നത് സിപിഎമ്മിന്റെ പാഴ് ശ്രമമാണ്. എത്രകാലം ഇങ്ങനെ ആശുപത്രിയിൽ കിടത്താനാകുമെന്ന് അവർ ചിന്തിക്കണം. ഇപ്പോഴത്തെ കെ-റെയിൽ പദ്ധതിയോട് യോജിപ്പില്ല. പദ്ധതി നടപ്പാക്കുന്നത് കൺസൾട്ടൻസി അടിച്ചുമാറ്റാൻ വേണ്ടിയാണെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.