വി.ഡി. സതീശന്‍ എം.എല്‍.എക്കെതിരെ അന്വേഷണത്തിന് വിജിലന്‍സ് അനുമതി തേടി
തിരുവനന്തപുരം: വി.ഡി. സതീശന്‍ എംഎല്‍എയ്‌ക്കെതിരെ അന്വേഷണത്തിന് അനുമതി തേടി വിജിലന്‍സ്. പ്രളയ പുനരധിവാസ പദ്ധതിയായ പുനര്‍ജനിക്ക് വേണ്ടി അനുമതി ഇല്ലാതെ വിദേശ സഹായം സ്വീകരിച്ചു എന്ന ആരോപണത്തിലാണ് വി.ഡി സതീശനെതിരെ അന്വേഷണത്തിന് അനുമതി തേടി വിജിലന്‍സ് സ്പീക്കറെ സമീപിച്ചത്.
പറവൂര്‍ നിയോജക മണ്ഡലത്തില്‍ നടപ്പിലാക്കിയ പദ്ധതിയാണ് പുനര്‍ജനി. അനുമതി ഇല്ലാതെ വിദേശ സഹായം സ്വീകരിച്ചു എന്നും ഇത് ചട്ടങ്ങള്‍ ലംഘിച്ചാണെന്നുമാണ് ആരോപണം. സംഭവത്തില്‍ പ്രഥമിക പരിശോധന പൂര്‍ത്തിയാക്കിയ വിജിലന്‍സ് തുടര്‍ അന്വേഷണത്തിന് ആഭ്യന്തര വകുപ്പിന്റെ അനുമതി തേടിയിരുന്നു. ഔദ്യോഗിക ആവശ്യത്തിനായി ഗുജറാത്തില്‍ പോയ സ്പീക്കര്‍ 30ാം തീയതിയെ മടങ്ങിയെത്തൂ.അതിന് ശേഷമേ ഇക്കാര്യത്തില്‍ തീരുമാനം ഉണ്ടാകൂ.
അതേസമയം, യു.ഡി.എഫ് നേതാക്കള്‍ക്കെതിരായ വിവിധ കേസുകളില്‍ സംസ്ഥാന സര്‍ക്കാര്‍ അന്വേഷണ നടപടികള്‍ തുടങ്ങിയിട്ടുണ്ട്. ഇബ്രാഹീം കുഞ്ഞ്, കെ.എം ഷാജി, എം.സി ഖമറുദ്ദീന്‍ എന്നിവര്‍ക്കെതിരായ കേസുകളില്‍ നടപടി തുടങ്ങി. ബാര്‍കോഴകേസില്‍ പ്രതിപക്ഷ നേതാവ് രമേശ്‌ചെന്നിത്തലയടക്കമുള്ളവര്‍ക്കെതിരെയും അന്വേഷണത്തിനുള്ള നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ തുടങ്ങിയിട്ടുണ്ട്.