സര്‍ക്കാരിനെ അട്ടിമറിക്കാന്‍ സിഎജി തന്നെ ഇറങ്ങി: തോമസ് ഐസക്ക്
തിരുവനന്തപുരം: സിഎജി റിപ്പോര്‍ട്ട് നിഷ്‌കളങ്കമല്ലെന്നും സര്‍ക്കാരിനെ അട്ടിമറിക്കാന്‍ സിഎജി തന്നെ ഇറങ്ങിയെന്നും ധനമന്ത്രി തോമസ് ഐസക്ക്. കരട് റിപ്പോര്‍ട്ടില്‍ പറയാത്ത കാര്യങ്ങള്‍ അന്തിമ റിപ്പോര്‍ട്ടിന്റെ നാലാം പേജില്‍ പറയുന്നുണ്ട്. ബിജെപിയുമായി ഒത്തുകളിച്ച് ഇഡിയെക്കൊണ്ട് പ്രതിപക്ഷം കിഫ്ബിയെ തകര്‍ക്കുകയാണ്. ഈ നീക്കത്തില്‍ നിന്ന് പ്രതിപക്ഷ നേതാവ് പിന്മാറണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
സ്പീക്കറുടെ വിശദീകരണ കത്ത് ലഭിച്ചിട്ടുണ്ടെന്നും മറുപടി നല്‍കുമെന്നും ഐസക്ക് പറഞ്ഞു. മസാലബോണ്ടിന് നിയമപരമായ അനുമതിയുണ്ട്. മസാലബോണ്ടിന് ആര്‍ബിഐയുടെ എന്‍ഒസി മാത്രം മതി. എന്‍ഒസി അല്ലാതെ മറ്റ് എന്ത് അനുമതി വേണമെന്നും തോമസ് ഐസക്ക് ചോദിച്ചു. ആര്‍ബിഐ നടപടി തെറ്റാണെന്ന് സിഎജി റിപ്പോര്‍ട്ട് വ്യംഗമായി പറയുന്നുണ്ട്. ഇതെങ്ങനെ ഇഡി അറിഞ്ഞെന്നും അദ്ദേഹം ചോദിച്ചു.
കിഫ്ബി വഴി ലണ്ടന്‍ സ്റ്റോക്ക് എക്‌സേഞ്ചില്‍ നിന്നും മസാല ബോണ്ടുകള്‍ വാങ്ങിയ കേരള സര്‍ക്കാര്‍ നടപടിയെക്കുറിച്ച് കേന്ദ്ര ഏജന്‍സിയായ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.